സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നെന്ന് ഹോളോകോസ്റ്റ് ഇര
text_fieldsദുബൈ: നാസി ക്യാമ്പിൽ നേരിട്ട പീഡനങ്ങൾ പറയുമ്പോൾ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിക്കപ്പെടുന്നുവെന്ന് ഹോളോകോസ്റ്റ് ഇരയായ 88കാരൻ. ദുബൈയിൽ നടന്ന ചടങ്ങിൽ 1941-45 കാലത്തെ അനുഭവങ്ങൾ വിവരിച്ചശേഷമാണ് ഗൈഡൻ ലെവ് എന്നയാൾ ഇക്കാര്യം പറഞ്ഞത്. ചിലർ താൻ പറയുന്നത് കളവാണെന്നാണ് കരുതുന്നത്. പക്ഷേ, സംഭവങ്ങൾ നുണയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ എനിക്ക് അച്ഛനും മുത്തശ്ശനും മുത്തശ്ശിയും ബന്ധുക്കളുമെല്ലാം ഉണ്ടാകുമായിരുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോളോകോസ്റ്റ് അതിജീവിച്ചയാളെന്ന നിലയിൽ തന്റെ ജീവിതം വിവരിക്കുന്ന ‘ദി ട്രൂ അഡ്വഞ്ചേഴ്സ് ഓഫ് ഗിഡോൺ ലെവി’ന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം. സമാധാനത്തോടെ ജീവിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും എന്നാൽ, ജൂതപൗരന്മാരെ സംരക്ഷിക്കാൻ പോരാടുമെന്നും സമീപകാല സംഘർഷങ്ങളിലേക്ക് സൂചന നൽകി യു.എ.ഇയിലെ ഇസ്രായേൽ അംബാസഡർ അമീർ ഹയേക് പറഞ്ഞു. ക്രോസ്റോഡ്സ് ഓഫ് സിവിലൈസേഷൻസ് മ്യൂസിയത്തിലാണ് പരിപാടി നടന്നത്. ചടങ്ങിൽ ജൂത സമൂഹത്തിലെ അംഗങ്ങളും പ്രമുഖരായ ഇമാറാത്തികളും പങ്കെടുത്തു.
ഹോളോകോസ്റ്റിന്റെ ഭയാനകമായ യാഥാർഥ്യങ്ങൾ അംഗീകരിക്കേണ്ടത് പ്രധാനമായതിനാലാണ് പരിപാടി ഒരുക്കിയതെന്ന് മ്യൂസിയം ഡയറക്ടർ അഹമ്മദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു. ഹോളോകോസ്റ്റ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ യു.എ.ഇ തീരുമാനിച്ചത് അറബ് യുവതയെ സംഭവത്തെ പരിചയപ്പെടുത്താൻ ഉപകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൈമറി, സെക്കൻഡറി ക്ലാസുകളിലാണ് രണ്ടാം ലോകയുദ്ധ കാലത്തെ ജൂതകൂട്ടക്കൊല പഠിപ്പിക്കുകയെന്ന് നേരത്തെ അധികൃതർ വെളിപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ ഇസ്രായേൽ സന്ദർശിച്ചപ്പോൾ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ജറൂസലമിലെ ഹോളോകാസ്റ്റ് മെമ്മോറിയൽ യാദ് വാഷെം സന്ദർശിച്ചിരുന്നു. 2020 സെപ്റ്റംബറിൽ യു.എ.ഇയും ഇസ്രായേലും തമ്മിൽ അബ്രഹാം കരാറിൽ ഒപ്പുവെച്ചതോടെയാണ് നയതന്ത്ര, സാംസ്കാരിക രംഗങ്ങളിൽ സഹകരിച്ചുള്ള പ്രവർത്തനങ്ങൾ സജീവമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.