വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsഅബൂദബി: കൃത്യമായ വിവരങ്ങൾ അന്വേഷിച്ച ശേഷം മാത്രമേ മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കാവൂ എന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം.
ആഫ്രിക്കൻ തൊഴിലാളികളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വസ്തുതാവിരുദ്ധമായ വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതികരണം.
ആഫ്രിക്കൻ തൊഴിലാളികളെ നാടുകടത്തുന്നത് നിയമപരമായ നടപടിക്രമങ്ങളോടെയാണ്. വ്യഭിചാര കണ്ണികളുമായി ബന്ധമുള്ള ഈ സംഘങ്ങൾ മനുഷ്യക്കടത്ത്, അശ്ലീല പ്രവൃത്തികൾ, കൊള്ള, ആക്രമണ കേസുകൾ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിെൻറ നിർണായക തെളിവുകളുടെ അടിസ്ഥാനത്തിലാണിത്.
മനുഷ്യക്കടത്ത്, സ്ത്രീകളെ ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ, ആക്രമണം, പൊതുധാർമികതക്ക് വിരുദ്ധമായ പ്രവർത്തനം എന്നിവ സംബന്ധിച്ച നിയമനടപടികളുടെ ഭാഗമായി 376 പേരെ ജൂൺ 24, 25 തീയതികളിലാണ് അറസ്റ്റ് ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങളിൽനിന്ന് സമൂഹത്തെയും ഇരകളെയും സംരക്ഷിക്കാൻ യു.എ.ഇ ഇവയെ ഗൗരവമായാണെടുക്കുന്നത്.
സ്വീകരിച്ച നടപടികൾ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമാണ്. കേസിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി ഏകോപിച്ചാണ് പ്രവർത്തനം നടത്തിയത്. എന്നാൽ, ഇതിന് വിരുദ്ധമായ വാർത്തകൾ വന്നത് ആശ്ചര്യപ്പെടുത്തുന്നതാണെന്നും ഇത്തരം വിഷയങ്ങൾ സുതാര്യമായി മാധ്യമങ്ങൾ കൈകാര്യം ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.