വീണുകിട്ടിയത് 10.22 ലക്ഷം; ഉടമയെ തേടിപ്പിടിച്ച് നിഷാദ്
text_fieldsദുബൈ: വീണുകിട്ടിയ വൻ തുക പൊലീസിൽ ഏൽപിക്കുക മാത്രമല്ല, ഉടമയെ തേടിപ്പിടിച്ച് കണ്ടെത്തിയിരിക്കുകയാണ് മലപ്പുറം വണ്ടൂർ ശാന്തപുരം സ്വദേശി നിഷാദ് കണ്ണിയാൻ. നിഷാദിന്‍റെ സൽപ്രവൃത്തി ശ്രദ്ധയിൽപെട്ട ദുബൈ പൊലീസ്, അദ്ദേഹത്തെ വിളിച്ചുവരുത്തി ആദരിക്കുകയും ചെയ്തു.
ദുബൈ ഡി.ഐ.എഫ്.സിയിലെ യൂനിക് ടവർ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ നിഷാദിന് ശൈഖ് സായിദ് റോഡിന് സമീപത്തുനിന്നാണ് ചെറിയൊരു കവർ കിട്ടിയത്. ഗ്രോസറിയിലെ സാധനങ്ങൾ ഉപഭോക്താവിന് എത്തിക്കാൻ സൈക്കിളിൽ പോകുമ്പോഴായിരുന്നു കവർ കണ്ടത്. തുറന്നുനോക്കിയപ്പോൾ 46,000 ദിർഹം (ഏകദേശം 10,22,179 രൂപ).
ഉടൻ ഗ്രോസറി മാനേജർ മുഹമ്മദ് ഫാസിലിനെയും സുഹൃത്ത് ഇയാദിനെയും വിവരം അറിയിച്ചു. ഇവരുടെ സഹായത്തോടെ അന്നുതന്നെ ബർദുബൈ പൊലീസ് സ്റ്റേഷനിലെത്തി. അവരുടെ നിർദേശപ്രകാരം ദുബൈ റാശിദ് പോർട്ട് സ്റ്റേഷനിൽ പണം എത്തിക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് നിഷാദ് കവർ കിട്ടിയ സ്ഥലത്തിനു സമീപത്തെ ഫ്ലാറ്റിലെത്തി.
പണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടോ എന്ന് അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് അന്വേഷിച്ചു. അവർ അറിയിച്ചതനുസരിച്ചാണ് യഥാർഥ ഉടമയെ കണ്ടെത്തിയത്. വിദേശിയായ താമസക്കാരന്‍റേതായിരുന്നു പണം.
ബർദുബൈ പൊലീസ് സ്റ്റേഷനിൽ പണം ഏൽപിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിച്ചതിനെ തുടർന്ന് നേരിട്ടെത്തി പണം കൈപ്പറ്റി. നിഷാദിനെ ദുബൈ പൊലീസ് നേരിട്ട് വിളിച്ചുവരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.