ഹോപ്പ് ചൊവ്വയിലെ രാത്രികാല 'അറോറ' പകർത്തി
text_fieldsദുബൈ: യു.എ.ഇയുടെ ചൊവ്വാദൗത്യ പേടകമായ ഹോപ്പ് ചൊവ്വയുടെ അപൂർവ ചിത്രം പകർത്തി. ഗ്രഹത്തിെൻറ രാത്രികാല അന്തരീക്ഷത്തിലെ വ്യത്യസ്തമായ അറോറ (ധ്രുവദീപ്തി) യുടെ ചിത്രമാണ് പകർത്തിയത്.
ഭൂമിയിൽ സംഭവിക്കുന്ന ഉത്തരധ്രുവത്തിലെ അറോറ പ്രതിഭാസത്തിന് സമാനമായ പ്രകാശത്തിെൻറ ചിത്രമാണ് ലഭിച്ചത്. സൗരവികിരണം, ചൊവ്വയുടെ കാന്തികഭാഗങ്ങൾ, അന്തരീക്ഷം എന്നിവ തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൂര്യനും ചൊവ്വയും തമ്മിലെ പഠനത്തിെൻറ മേഖലയിൽ ശാസ്ത്രത്തിന് വലിയ സാധ്യതകൾ തുറക്കുന്ന കണ്ടെത്തലാണിതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
കണ്ടെത്തൽ ആഗോളതലത്തിൽ വളരെ സുപ്രധാനമാണെന്നും ആദ്യമായാണ് ഈ വിഷയത്തിൽ വ്യക്തമായ നിരീക്ഷണത്തിന് സാധിക്കുന്നതെന്നും ഹോപ്പ് ദൗത്യത്തിെൻറ മേധാവി ഹെസ്സ മത്രൂഷി പറഞ്ഞു. പത്ത് മിനിറ്റ് നിരീക്ഷണത്തിലൂടെ ചൊവ്വയുടെ അറോറകളെക്കുറിച്ച പത്തുവർഷത്തെ പഠനം പൂർണമായും മറികടക്കാൻ സാധിച്ചതായി ചിത്രത്തെ കുറിച്ച് ഇമാറാത്ത് ചൊവ്വാ ദൗത്യത്തിെൻറ ഡെപ്യൂട്ടി സയൻസ് ലീഡ് ആയ ജസ്റ്റിൻ ഡീഗൻ പറഞ്ഞു.
നേരത്തെ സ്വപ്നം കാണാൻ മാത്രം കഴിഞ്ഞിരുന്ന ചൊവ്വാ പഠനത്തിെൻറ മേഖലകളിലേക്ക് നയിക്കാൻ പര്യാപ്തമായ കണ്ടുപിടിത്തമാണിതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ പ്രോബ് ദൗത്യത്തിെൻറ യഥാർഥ ഉദ്ദേശ്യത്തിനും അപ്പുറമുള്ള അത്ഭുതപ്പെടുത്തുന്ന നിരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വക്ക് മൂന്നുതരം അറോറകളുണ്ടെന്ന് നേരത്തെ നാസ കണ്ടെത്തിയിരുന്നു.ഇവയിലെ പകൽനേരത്തെ പ്രതിഭാസം മാത്രമാണ് വിശദമായി പഠിക്കാൻ സധിച്ചിട്ടുള്ളത്. അപൂർവമായി മാത്രമാണ് രാത്രികാല അറോറ പകർത്താൻ സാധിക്കുന്നത്. ഹോപ്പ് പ്രോബിെൻറ പ്രത്യേക സവിശേഷതയാണ് ഇതിന് സഹായകമായത്.
അറോറ അഥവാ ധ്രുവദീപ്തി
സൂര്യനിൽ നിന്നുള്ള കണവികിരണങ്ങൾ കാരണമായി സംഭവിക്കുന്ന പ്രത്യേക പ്രകാശമാണ് അറോറ.ഭൂമിയിൽ സാധാരണ രാത്രിയുടെ അവസാനത്തിൽ ഈ വെളിച്ചം കാണാറുണ്ട്. ആകാശത്ത് പടർന്നുനിൽക്കുന്ന ഈ വെളിച്ചം പലപ്പോഴും മനോഹരമായ കാഴ്ചയായിരിക്കും.
ചൊവ്വയിലെ അറോറ പകർത്തുന്നതിലൂടെ സൂര്യനും ചൊവ്വയും തമ്മിലുള്ള ബന്ധത്തെ കുറിച്ച പഠനത്തിൽ ഏറെ മുന്നോട്ടുപോകാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.