'പ്രതീക്ഷാനിർഭരം 2021; മികവിനായി ഞങ്ങൾ ഒന്നിക്കുന്നു'
text_fieldsദുബൈ: പ്രതിസന്ധികളും പ്രവചനാതീതമായ മഹാമാരിക്കാലവും കടന്ന് പുതുവർഷത്തെ വരവേൽക്കാൻ ലോകമൊരുങ്ങുമ്പോൾ ദുബൈയിലെ മനോഹരമായ അൽ മർമൂം കൺസർവേഷൻ റിസർവ് ഇന്നലെ ചരിത്ര കൂടിക്കാഴ്ചക്ക് വേദിയായി. പുത്തൻ പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞ പുതുവത്സരത്തെ വരവേൽക്കുന്നതിനു മുന്നോടിയായി ദുബൈ ഭരണാധികാരിയും അബൂദബി കിരീടാവകാശിയുമാണ് ഭാവിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെച്ച് മർമൂം മരുഭൂമിയിൽ ഒന്നിച്ചിരുന്നത്. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മർമൂം കൺസർവേഷൻ റിസർവിലെ തടാകങ്ങളിലേക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ കൊണ്ടുപോയി. വെളുത്ത മെഴ്‌സിഡസ് ജി-വാഗൻ ഓടിച്ചാണ് ദുബൈ ഭരണാധികാരി പ്രിയ സഹോദരനെ ആനയിച്ചത്.
എമിറാത്തി സമൂഹത്തിെൻറ ജീവിതവും പ്രയാണവും പ്രശ്നങ്ങളും വിഷയമായ കൂടിക്കാഴ്ചയിൽ സന്തോഷം ഉറപ്പുവരുത്താനുള്ള മാർഗങ്ങളും സാമൂഹിക സ്ഥിരത കൈവരിക്കാനുള്ള പരിഹാരങ്ങളും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദും പ്രത്യേകം പരാമർശവിധേയമാക്കി.ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിക്കെതിരെ രാജ്യം തീർത്ത പോരാട്ടങ്ങളുടെ അവലോകനമായിരുന്നു പിന്നീട് നടന്നത്.
കോവിഡിെൻറ കരാളഹസ്തത്തിൽനിന്ന് രാജ്യത്തെ സുരക്ഷിതമാക്കാൻ മുൻനിരയിൽ നിലയുറപ്പിച്ച് പോരാടിയ യോദ്ധാക്കൾ ഇരുവരുടെയും സംസാരത്തിനിടയിൽ കടന്നുവന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്ന കോവിഡ് വാക്സിൻ സംബന്ധിച്ച സമഗ്ര വിവരങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്തു. രാജ്യം ഒന്നടങ്കം കോവിഡ് പ്രതിരോധനിരയിൽ സമർപ്പിച്ച സേവനങ്ങളും ത്യാഗങ്ങളും എടുത്തുപറഞ്ഞ ചർച്ചയിൽ മുൻനിര പോരാളികളുടെ വീര്യം ചോരാത്ത ചെറുത്തുനിൽപിനായിരുന്നു പ്രാമുഖ്യം നൽകിയത്.'എെൻറ സഹോദരൻ മുഹമ്മദ് ബിൻ സായിദ് ഇന്ന് അൽ മർമൂമിൽ എന്നെ സന്ദർശിച്ചു. ഒരു സഹോദരെൻറയും നേതാവിെൻറയും സുഹൃത്തിെൻറയും സന്ദർശനമായിരുന്നു അത്. നമ്മുടെ രാജ്യം ഞങ്ങളെ ഒന്നിപ്പിക്കുന്നു. മെച്ചപ്പെട്ട ഒരു നാളെയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞങ്ങൾ ഐക്യപ്പെടുന്നു, യു.എ.ഇയുടെ വികസനത്തിെൻറ ഏറ്റവും മികച്ച വർഷമായി 2021 ആക്കാനുള്ള ആഗ്രഹത്താൽ ഞങ്ങൾ ഐക്യപ്പെടുന്നു' - പിന്നീട് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു.
കോവിഡ് തീർത്ത സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പുവരുത്തുമ്പോൾതന്നെ നിലവിലെ ആഭ്യന്തര, അന്തർദേശീയ ടൂറിസം ഡ്രൈവിലൂടെ സന്ദർശകരെ എങ്ങനെ ആകർഷിക്കാം എന്നതും ഇരുവരും ചർച്ചചെയ്തു. 'യു.എ.ഇയിലെ ഏറ്റവും മനോഹരമായ ശൈത്യകാലത്ത് അൽ മർമൂം തടാകങ്ങളിൽ ഒരു പര്യടനം... ടൂറുകൾ മധുരതരമാണ്. മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഒപ്പമുണ്ടാകുമ്പോൾ ജീവിതവും മധുരമാണ്' -ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. തിങ്കളാഴ്ചത്തെ യോഗത്തിൽ ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്, ദുബൈ ഉപരാഷ്ട്രപതി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.