ഷാർജയിലെ കുതിരാശുപത്രി
text_fieldsകുതിരകൾ അറബ് സംസ്കൃതിയുടെ ഓരോകുതിപ്പിലും നിർണായക സ്വാധീനം ചെലുത്തിയ മൃഗമാണ്. ബദുവിയൻ നാഗരികതയുടെ ഓരോ താളുകളിലും കുതിരകളുടെ നിലക്കാത്ത കുളമ്പടി നാദമുണ്ട്.
ഹാരപ്പൻ നാഗരികതക്ക് പോലും പരിചിതമല്ലായിരുന്ന കുതിരകളെ ഇണക്കൽ ഉമ്മുന്നാർ നാഗരികതക്ക് പരിചിതമായിരുന്നു. അത്രമേൽ കുതിരകളെ സ്നേഹിച്ചിരുന്നു അറബ് സമൂഹം. കുതിരകളുടെ ആരോഗ്യ സംരക്ഷണത്തിലും പ്രാചീന സമൂഹം ശ്രദ്ധചെലുത്തിയിരുന്നു. ഇതിന്റെ പരമ്പര ആ കാലഘട്ടത്തിൽ മാത്രം ഒതുങ്ങുന്നതല്ലയെന്നും ആധുനിക കാലഘട്ടത്തിലും യു.എ.ഇയുടെ കുതിപ്പിൽ കുതിരകൾ വഹിക്കുന്ന പങ്ക് വലുതാണെന്നും അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിന് അത്യാധുനിക ആശുപത്രി ആവശ്യമാണെന്നുമുള്ള സ്നേഹമുള്ള ചിന്തയിൽ നിന്നുയർന്നു വന്നതാണ് ഷാർജ ഇക്വീൻ ഹോസ്പിറ്റൽ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ആശുപത്രിയുടെ വാതിലുകൾ ലോകത്തിന് മുമ്പാകെ തുറന്നത്. കുതിരകളുടെ സംരക്ഷണത്തിനായി മലയാളി ഡോക്ടർമാരും ഇവിടെ പ്രവർത്തിക്കുന്നു. പ്രത്യേക തരത്തിലുള്ള പരിശോധന മുറിയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കുതിരയെ കയറ്റി നിറുത്തുന്നതിന്റെ മുൻഭാഗം ഉയരം കൂടിയതും പിൻഭാഗം ഉയരം കുറഞ്ഞതുമാണ്. കുതിര ചാടി പോകാതിരിക്കാനും പിൻവശത്ത് ശരിയായ രീതിയിൽ പരിശോധന നടത്താനുമായിട്ടാണ് ഈ ഉയര ക്രമീകരണമെന്ന് ഇവിടെ പ്രവർത്തിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
കുതിരക്ക് അസുഖം വന്നാൽ ആദ്യം പല്ലുകളാണ് പരിശോധിക്കുക. അവയുടെ വലുപ്പത്തെ ആസ്പദമാക്കിയാണ് പ്രായം ചിട്ടപ്പെടുത്തുന്നത്. പ്രായം കൂടും തോറും തലയിലെ അസ്ഥിയറയിലേക്ക് പല്ലുകൾ അപ്രത്യക്ഷമാകും. ഒടുവിൽ ഭക്ഷണം കഴിക്കാനാവാതെ കുതിരകൾ ചത്തുപോകുകയാണ് ചെയ്യുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു. കൃത്യമായി ശരീരഭാരം കണക്കാക്കിയാണ് കുതിര പ്രാഥമിക ചികിത്സ മുതൽ ശസ്ത്രക്രിയവരെയുള്ള കാര്യങ്ങൾ നടക്കുന്നത്. എക്സ്റേ, സ്കാനിങ് തുടങ്ങി ആധുനിക ചികിത്സ രീതികളെല്ലാം തന്നെ കുതിരകൾക്കും നടത്തുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ അഭിമാനം കാത്ത ആശ്വരാജാക്കൻമാരുടെ ചികിത്സ രാജകീയമായി തന്നെ നടത്തുന്നു.കുതിരകൾക്ക് അടിയന്തിര ചികിത്സ നടത്താൻ തക്ക ആധുനിക സൗകര്യമുള്ള ആംബുലൻസുകളും ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ കൃത്യസമയത്ത് ചകിത്സ ലഭ്യമാക്കാൻ സാധിക്കുന്നു. ഇതിനുപുറമേ പ്രത്യുൽപാദനത്തിന് വേണ്ട സജ്ജീകരണങ്ങളും ഇവിടെയുണ്ട്. കുതിരകൾ ഇണങ്ങുന്നവയാണോ, അക്രമക്കാരിയാണോ എന്നൊക്കെ മനസിലാക്കുവാനുള്ള ജൈവീക രീതികളുമുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഒരുകുതിരയുടെ സമീപത്ത് വരുമ്പോൾ അത് തലയും ചെവിയുമെല്ലാം മുന്നോട്ടാണ് പിടിക്കുന്നതെങ്കിൽ അത് അപകടകാരിയല്ല. അതേസമയം കുതിര പിന്നോട്ട് മാറി പല്ല് കടിക്കുന്നുണ്ടെങ്കിൽ അപകടം മണക്കണം. ശസ്ത്രക്രിയക്ക് പോകുന്നതിന് മുമ്പ് കുതിരകൾക്ക് അനസ്തേഷ്യ നൽകുന്ന മുറികൾ റബറൈസ്ഡ് ചെയ്തതാണ്. ക്രയിൻ ഉപയോഗിച്ചാണ് കുതിരകളെ ശസ്ത്രക്രിയ കട്ടിലിൽ എത്തിക്കുന്നത്. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനമില്ല. കുതിര ഉടമകൾക്ക് അവയുടെ ചികിത്സക്കായി ഇവിടെ എത്താനുള്ള സൗകര്യമുണ്ട്. ലോകത്തിന്റെ കുതിരയോട്ട പാതകൾ കീഴടക്കി പായുന്ന കുതിരകൾ യു.എ.ഇയുടെ അഭിമാനവും ഐശ്വര്യവുമാണ്.
തലയുടെ വ്യതിരിക്തമായ രൂപവും ഉയർന്ന് നിൽക്കുന്ന വാലുകളും വഴി ലോകത്തിൽ ഏറ്റവുമെളുപ്പത്തിൽ തിരിച്ചറിയപ്പെടാനാവുന്ന ഒരേയൊരു കുതിരവർഗ്ഗമാണ് അറേബ്യൻ കുതിരവർഗ്ഗം. യുദ്ധങ്ങളിലൂടെയും വാണിജ്യങ്ങളിലൂടെയും അവയിന്ന് ലോകത്തിൻറെ നാനാ ഭാഗങ്ങളിലും പരന്നിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.