മുള്ളിൽ തറഞ്ഞ ജീവിതം; മനോജിനിത് രണ്ടാം ജന്മം
text_fieldsഅബൂദബി: അത്യാസന്ന നിലയിൽ ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി മനോജ് മോഹൻ ഒടുവിൽ പുതു ജീവിതത്തിലേക്ക്. ഭക്ഷണം കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങിയ മീൻമുള്ളെടുക്കാൻ മറ്റൊരു ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് കഴുത്തിലും തലച്ചോറിലുമേറ്റ തീവ്രമായ രോഗപ്പകർച്ചയിൽ രണ്ടാഴ്ചയോളം പൂർണമായും അബോധാവസ്ഥയിൽ ഐ.സി.യുവിൽ വെൻറിലേറ്ററിലായിരുന്നു. അബൂദബി യൂനിയൻ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിലെ വെൽഡറാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് എടത്വ സ്വദേശി പച്ചചെക്കടിക്കാട് കറുകച്ചേരിൽ മനോജ് മോഹൻ. നാലു മാസം മുമ്പ് ഭക്ഷണം കഴിക്കുന്നതിനിെട തൊണ്ടയിൽ കുടുങ്ങിയ മുള്ളാണ് മനോജിെൻറ ജീവിതത്തിൽ പിന്നീട് വലിയ വില്ലനായി മാറിയത്. തൊണ്ടയിൽ തറച്ച മുള്ളുനീക്കാൻ മുസഫയിലെ ആശുപത്രിയിലെത്തിയ മനോജ് ശസ്ത്രക്രിയക്ക് വിധേയനായി. തുടർന്ന് കഴുത്തിൽ വിട്ടുമാറാത്ത അസഹ്യ വേദനയും പടർന്നു. കഴുത്തിനു പിറകിൽ കടുത്തവേദന കൂടിയതോടെ വീണ്ടും അതേ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിൽ വിദഗ്ധ പരിശോധന നടത്തിയപ്പോഴാണ് സുഷുമ്ന നാഡിയിലെ അണുബാധ കണ്ടെത്തിയത്. മുസഫ ആശുപത്രിയിൽ നിന്ന് അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലേക്ക് വിദഗ്ധ ചികിത്സക്ക് റഫർ ചെയ്തു. അവശനായ രോഗിക്ക് കോവിഡ് വ്യാപന സാഹചര്യത്തിൽ ആംബുലൻസ് പോലും ലഭ്യമാക്കിയില്ല. ഒടുവിൽ ഒരു ടാക്സിയിലാണ് ശൈഖ് ഷക്ബൂത്ത് മെഡിക്കൽ സിറ്റിയിലെത്തിയത്.
അവിടെ ഇൻറൻസീവ് കെയർ യൂനിറ്റിൽ പ്രവേശിപ്പിച്ചു. മുള്ള് നീക്കം ചെയ്ത ഭാഗത്ത് ഗുരുതര നിലയിൽ പഴുപ്പ് ബാധിച്ചതായി കണ്ടെത്തി. തലച്ചോറിലേക്കും ശരീരത്തിെൻറ പലഭാഗത്തേക്കും പഴുപ്പ് പടർന്നിരുന്നു. മനോജിെൻറ ശരീരത്തിെൻറ ഇടതുഭാഗം വൈകാതെ പൂർണമായും തളർന്നു. വലതുഭാഗത്തും ഭാഗികമായ തളർച്ചയുണ്ടായി. മുള്ളെടുക്കാൻ ശസ്ത്രക്രിയ നടത്തി. പഴുപ്പെല്ലാം നീക്കം ചെയ്യാൻ മേയ് മൂന്നിന് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ മറ്റൊരു ശസ്ത്രക്രിയ നടത്തി. ശ്വാസതടസ്സമുണ്ടായിരുന്നതിനാൽ ദിവസങ്ങളോളം വെൻറിലേറ്ററിെൻറ സഹായത്തിലായിരുന്നു തുടർന്നുള്ള ആശുപത്രിവാസം. ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ പ്രത്യേക പരിചരണത്തിലാണ് മരണക്കയത്തിൽ നിന്ന് മനോജ് സാവധാനം ജീവിതത്തിലേക്ക് മടങ്ങിയത്.
ഗൾഫിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ മനോജിനെ വിദഗ്ധ ചികിത്സക്ക് മെഡിക്കൽ ആംബുലൻസിൽ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക്് നിവേദനം നൽകിയതും കുടുംബാംഗങ്ങളുടെ ദീനരോദനവും കേരളത്തിലെ വാർത്താ മാധ്യമങ്ങളിൽ ഇടംപിടിച്ചു. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ നടക്കുന്നതിനിടയിലാണ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ വിദഗ്ധ ചികിത്സയിൽ മനോജ് സുഖം പ്രാപിച്ചിരിക്കുന്നത്.
കോവിഡ് രോഗം മൂലം അബൂദബിയിൽ ഒട്ടേറെ മലയാളികളുടെ മരണ വാർത്ത നാട്ടിലുള്ള മനോജിെൻറ കുടുംബത്തെ വല്ലാതെ ആശങ്കയിലാക്കിയിരുന്നു. മനോജിനെ നാട്ടിലെത്തിക്കാൻ ഭാര്യയും അമ്മയും ബന്ധുക്കളും നാട്ടിലെ ജനപ്രതിനിധികളെക്കണ്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലും സമ്മർദം ചെലുത്തി. ശരീരം തളർന്ന് അബോധാവസ്ഥയിൽ കഴിയുന്ന രോഗിയെ വെൻറിലേറ്ററിെൻറ സഹായത്തിൽ വിമാനത്തിലെ ചെയറുകൾ മാറ്റി കിടക്ക സൗകര്യമൊരുക്കിയോ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെയോ നാട്ടിലെത്തിക്കുകയെന്നത് അസാധ്യമായിരുന്നു. എയർ ആംബുലൻസിൽ നാട്ടിലെത്തിക്കാനുള്ള ഭീമമായ ചെലവും ഈ നീക്കം ഉപേക്ഷിച്ചു.പ്രായമായ മാതാവ് വിജയമ്മയും ഭാര്യ സിന്ധുവും മക്കളായ മനുവും മിഥുനും മനോജ് വൈകാതെ നാട്ടിലേക്ക് വരുമെന്ന പ്രതീക്ഷയിലാണിപ്പോൾ. അപകടനില തരണം ചെയ്ത ശേഷം മൊബൈൽ ഫോണിൽ കുടുംബവുമായി സംസാരിക്കാനാവുന്നുണ്ട്. ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് സംസാരിക്കുന്ന മനോജിെൻറ പുതിയ വിഡിയോ ക്ലിപ്പ് കണ്ടതോടെ കുടുംബാംഗങ്ങളും ആശ്വാസത്തിലാണ്. ആശുപത്രിയിൽ സഹായത്തിനു കൂടെയുള്ളത് അടുത്ത ബന്ധുവായ ദിലീപാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.