മരുച്ചൂടില്‍ ഉരുകിയൊലിച്ച് മണിക്കൂറുകള്‍; തണലൊരുക്കി ശ്രീയേഷ്
text_fieldsഅബൂദബി: പെരുന്നാള്‍ അവധി ആഘോഷിക്കാനാണ് ആ മൂവര്‍ സംഘം സൗദിയുടെ അതിർത്തി കടന്നത്. ദുബൈ ആണ് ലക്ഷ്യം. കിലോമീറ്ററുകളോളം മരുഭൂമി മാത്രമായ സില-റുവൈസ് റോഡില്‍ കാര്‍ പണിമുടക്കി. കടുത്ത ചൂടും ചെറുതല്ലാത്ത കാറ്റും. നോമ്പായിരുന്നു. റിക്കവറി വാഹനം വിളിച്ച് കാര്‍ കയറ്റി അയക്കാന്‍ ഏര്‍പ്പാടാക്കി. ഷാര്‍ജയില്‍നിന്ന് വരുന്ന വാഹനത്തില്‍ ഒരാള്‍ക്കേ കയറാന്‍ പറ്റൂ. കൈയിലുള്ള യു.എ.ഇ നമ്പറും നല്‍കി സഹയാത്രികനെ കയറ്റിവിട്ട് മറ്റു രണ്ടുപേരും പൊരിഞ്ഞ ചൂടിലേക്കിറങ്ങി. പ്രതീക്ഷയോടെ കൈകള്‍ നീട്ടി. കൂടുതലും ട്രക്കുകളും വലിയ വാഹനങ്ങളുമാണ്. നേരം പോയിക്കൊണ്ടേയിരുന്നു. ഒരു കാര്‍ വന്നപ്പോൾ കൈ നീട്ടി. അൽപം അകലെയായി കാര്‍ നിന്നു, ഓടിയടുത്തെത്തി. കെട്ടിലും മട്ടിലും സ്വദേശിയുടെ രൂപം. ഇംഗ്ലീഷില്‍ കാര്യങ്ങള്‍ പറഞ്ഞു. കയറൂ, അബൂദബി മുസഫയില്‍ ഇറക്കാം. ബസില്‍ ദുബൈക്ക് പോവാം. റിയാദില്‍നിന്നുള്ളവരാണ് മൂവരും. കാസര്‍കോട്ടുകാരന്‍ നജാത്ത് ബിന്‍ അബ്ദുറഹ്മാന്‍, ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഖാന്‍, മഞ്ചേരിയില്‍ നിന്നുള്ള റഷീദ് കലയത്ത്.
കാറോടിക്കവേ ചോദിച്ചു - ഏതു നാട്ടുകാരാണ്? ഇന്ത്യ, കേരള. മലയാളികളാണല്ലേ? ചോദ്യം മലയാളത്തിലാണ്. മരുഭൂവില്‍ പടച്ചവന്‍ അവര്‍ക്കെത്തിച്ചുകൊടുത്ത സഹായി തങ്ങളുടെ നാട്ടുകാരനാണ്. മലപ്പുറം കാവുങ്ങല്‍ സ്വദേശി ശ്രീയേഷ്. അബൂദബി-സൗദി ബോര്‍ഡര്‍ സിലയില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ്. കുടുംബം നാട്ടില്‍നിന്ന് എത്തുന്നുണ്ട്. അവരെ കൂട്ടിക്കൊണ്ടുപോകാനുള്ള യാത്രയിലാണ്. 'ഇതൊന്നും വലിയ കാര്യമായിട്ടെനിക്കു തോന്നുന്നില്ല. ഇങ്ങനെ എത്രയോ പേരാണ് ഓരോ ദിവസവും പ്രവാസത്തില്‍ പരസ്പരം താങ്ങും തണലുമാവുന്നത്. എന്നെക്കൊണ്ട് പറ്റുന്നത് ഞാന്‍ ചെയ്തു. അത്ര തന്നെ'- ശ്രീയേഷിന് ഇതേ പറയാനുള്ളൂ..... സൗദിയില്‍നിന്ന് യു.എ.ഇ കാണാന്‍ വന്നതാണെന്നു പറഞ്ഞപ്പോൾ, ഇതേ റോഡിന് സമീപത്തായുള്ള കടലിനോട് ചേര്‍ന്ന പച്ചപ്പ് നിറഞ്ഞ മിര്‍ഫ എന്ന ടൂറിസ്റ്റ് പ്രദേശവും കാണിച്ചുതന്നിട്ടാണ് തുടര്‍ യാത്ര. നോമ്പുകാരാണെന്നറിഞ്ഞപ്പോൾ മുന്നില്‍ക്കണ്ട പെട്രോള്‍ പമ്പില്‍ വാഹനം ഒതുക്കി ശ്രീയേഷ് തന്നെ നോമ്പുതുറക്കാനുള്ള വിഭവങ്ങള്‍ വാങ്ങി. നോമ്പുകാര്‍ക്ക് ഐക്യദാർഢ്യം അറിയിച്ച് ഒരുമിച്ച് യാത്ര തുടങ്ങിയതുമുതല്‍ നോമ്പുതുറക്കും വരെ ശ്രീയേഷും നോമ്പുകാരനായി. ബാങ്ക് വിളിക്കാനായി. ശ്രീയേഷിന്‍റെ വക നോമ്പുതുറയായിരുന്നു ആ അതിഥികള്‍ക്കുള്ള ആദ്യത്തെ പെരുന്നാള്‍ സമ്മാനം. മുസഫയിലെ ബസ് സ്റ്റാൻഡിലെത്തി ടിക്കറ്റ് എടുക്കാന്‍ ഏര്‍പ്പാടാക്കി. ബസില്‍ കയറ്റിയിരുത്തി സെല്‍ഫിയെടുത്ത ശേഷമാണ് ശ്രീയേഷ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.