ഫുജൈറയിൽ വീട്ടിൽ തീപിടിത്തം: രണ്ടു കുട്ടികൾ മരിച്ചു
text_fieldsഫുജൈറ: എമിറേറ്റിലെ അൽ തൂവിയൻ മേഖലയിലെ വീട്ടിലുണ്ടായ തീപിടിത്തത്തിൽ ഇമാറാത്തികളായ രണ്ടു പിഞ്ചുകുട്ടികൾ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. എട്ടു വയസ്സുള്ള പെൺകുട്ടിയും ഏഴു വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുകാരനാണ് ഗുരുതരമായി പൊള്ളലേറ്റത്. ചൊവ്വാഴ്ച പുലർച്ച രണ്ടോടെയാണ് തീപിടിത്തമുണ്ടായ വിവരം ഫുജൈറ സിവിൽ ഡിഫൻസ് ഓപറേറ്റിങ് റൂമിൽ ലഭിക്കുന്നത്.
ഉടൻ സംഭവസ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ഊർജിതമാക്കി. തീ നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്ത കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ അതോറിറ്റികൾ നൽകുന്ന സുരക്ഷ നിർദേശങ്ങൾ എല്ലാ വീട്ടുകാരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡിപാർട്ട് ഡയറക്ടർ ബ്രിഗേഡിയർ അലി ഉബൈദ് അൽ തുനൈജി അഭ്യർഥിച്ചു.
ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപ്പണി കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എ.സി, ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങൾ മൂലമുള്ള അധിക ലോഡ് വർധിക്കുമ്പോഴുണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.