ഹൂതി ആക്രമണം: യു.എ.ഇക്ക് സഹായവുമായി അമേരിക്ക
text_fieldsദുബൈ: യമനിലെ ഹൂതികളുടെ ആക്രമണം പ്രതിരോധിക്കുന്നതിന് യു.എ.ഇക്ക് കൂടുതൽ സഹായവുമായി അമേരിക്ക. ഇതിന്റെ ഭാഗമായി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലും നൽകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ വ്യക്തമാക്കി.
അഞ്ചാം തലമുറ യുദ്ധവിമാനവും യു.എസ്.എസ് കോൾ മിസൈൽ പ്രതിരോധ സംവിധാനവും നൽകുമെന്നും യു.എ.ഇയുടെ സുരക്ഷയിൽ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി ഫോൺ സംഭാഷണം നടത്തിയ ശേഷമാണ് പ്രതിരോധ സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയത്.
യു.എസ്.എസ് കോൾ, അതിവേഗ മിസൈൽ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ തടയാൻ ഏറെ ഉപകാരപ്പെടുന്നതാണ്. ഇത് യു.എ.ഇ നേവിയുടെ സംവിധാനങ്ങളിൽ ചേർക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. യു.എ.ഇയെ സഹായിക്കുന്നതിന് ചെയ്യാവുന്ന വിവിധ നടപടികൾ സംബന്ധിച്ച് പ്രതിരോധ സെക്രട്ടറി വിലയിരുത്തിയതായി പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബിയും പ്രസ്താവനയിൽ പറഞ്ഞു. ഇന്റലിജൻസ് വിവരങ്ങൾ കൈമാറൽ, വ്യോമസേന സഹകരണം തുടങ്ങിയവയും സഹകരണത്തിന്റെ ഭാഗമായുണ്ടാകും. അബൂദബിയിൽ നിലയുറപ്പിച്ചിരിക്കുന്ന യു.എസ് സേന ഹൂതികളുടെ മിസൈൽ വിക്ഷേപണ സംവിധാനങ്ങളെ തകർക്കുന്നതിന് ആക്രമണം നടത്തിയതായും പെന്റഗൺ വക്താവ് വ്യക്തമാക്കി. ജനുവരി 17ന് അബൂദബിയിലെ അഡ്നോക് കേന്ദ്രത്തിലും വിമാനത്താവള നിർമാണ മേഖലയിലും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്നുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. രണ്ടു തവണകളായി പിന്നീടും ഹൂതികൾ അബൂദബിയെ ലക്ഷ്യം വെക്കുകയുണ്ടായി. എന്നാൽ, യു.എ.ഇ ഈ ആക്രമണ ശ്രമങ്ങളെ വിജയകരമായി തകർക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.