ഹൂതി ആക്രമണം: യു.എ.ഇക്ക് പിന്തുണയുമായി ലോകരാജ്യങ്ങൾ
text_fieldsദുബൈ: അബൂദബിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഹൂതി ആക്രമണത്തിൽ അപലപിച്ചും യു.എ.ഇക്ക് പിന്തുണയറിയിച്ചും ലോകരാജ്യങ്ങൾ. ആക്രമണം ഭീരുത്വമാണെന്നും ഹൂതികൾക്കെതിരെ ശക്തമായ നടപടിക്കുള്ള സമയമാണെന്നും പ്രാദേശിക-അന്താരാഷ്ട്ര നേതാക്കൾ പ്രസ്താവനകളിൽ വ്യക്തമാക്കി. സംഭവത്തെ അപലപിച്ച യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്, സിവിലിയന്മാർക്കും അവരുടെ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനവിക നിയമങ്ങൾ പ്രകാരം നിരോധിക്കപ്പെട്ടതാണെന്ന് ഓർമിപ്പിച്ചു. ആക്രമണം ചർച്ച ചെയ്യാൻ യു.എൻ രക്ഷാ സമിതി യോഗം വിളിക്കണമെന്ന് യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൂതി നടപടിയിൽ അപലപനം രേഖപ്പെടുത്തിയ യു.എസ് ഭരണകൂടം യു.എ.ഇക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംഭവത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച വൈറ്റ്ഹൗസ് ദേശീയ സുരക്ഷ ഉപദേശകൻ ജേക് സുലിവാൻ, യു.എ.ഇയുമായും അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന് അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനെ നേരിട്ട് വിളിച്ച് പിന്തുണയറിയിച്ചിട്ടുമുണ്ട്. ഹൂതി ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കി ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും പ്രസ്താവന പുറത്തിറക്കി. സംഭവത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ഇസ്രായേൽ വിദേശകാര്യ മന്ത്രി യാഇർ ലാപിഡ്, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, റഷ്യൻ പാർലമെൻറ് എന്നിവരും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾ യു.എ.ഇക്കൊപ്പം
അബൂദബിക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിനെതിരെ ശക്തമായ പ്രതികരണവുമായി വിവിധ ഗൾഫ് രാജ്യങ്ങൾ രംഗത്തെത്തി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനെയും യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനെയും നേരിട്ട് ഫോണിൽ വിളിച്ചാണ് മിക്കവരും ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചത്. സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആൽ സഊദ് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ വിളിച്ച് പിന്തുണയറിയിച്ചു. സൗദിക്കും യു.എ.ഇക്കുമെതിരായി നടക്കുന്ന ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും അക്രമത്തിനെതിരെ സംയുക്തമായി നിലകൊള്ളാനുള്ള ദൃഢനിശ്ചയം വർധിപ്പിക്കുമെന്ന് നേതാക്കൾ പരസ്പരം പങ്കുവെച്ചു. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളും യു.എ.ഇക്ക് ഐക്യദാർഢ്യമറിയിച്ച് രംഗത്തെത്തി.
ഐക്യദാർഠ മറിയിച്ച് ഇന്ത്യ
അബൂദബിക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ യു.എ.ഇക്ക് ഐക്യദാർഢ്യമറിയിച്ച് ഇന്ത്യ. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാനുമായി ഫോണിൽ സംസാരിക്കവെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറാണ് യു.എ.ഇക്ക് പിന്തുണയറിയിച്ചത്. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച് മന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കാനായി ശൈഖ് അബ്ദുല്ല, ഡോ. എസ്. ജയ്ശങ്കറിനെ ഫോണിൽ വിളിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ യു.എ.ഇയിലെ ഇന്ത്യൻ എംബസി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി ട്വിറ്ററിൽ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.