കോവിഡ് പോസിറ്റിവ് ആയാൽ ക്വാറന്റീൻ എങ്ങനെ?
text_fieldsദുബൈ: ലോകത്താകമാനം കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുകയാണ്. യു.എ.ഇയിലും കഴിഞ്ഞ രണ്ട് ആഴ്ചകളിൽ പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ വർധിച്ചു. തിങ്കളാഴ്ച 2515 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ എല്ലാ മുൻകരുതലുകളും നടപടികളും ഓരോ എമിറേറ്റിലും സ്വീകരിച്ചുവരുന്നുണ്ട്.
സ്കൂളുകൾ രണ്ടാഴ്ചത്തേക്ക് ചില എമിറേറ്റുകളിൽ ഓൺലൈൻ മാത്രമാക്കിയത് ഇതിന്റെ ഭാഗമായാണ്. ചില രാജ്യങ്ങളിലേക്ക് യാത്രവിലക്ക് ഏർപ്പെടുത്തുകയും റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക ഒമിക്രോൺ കേസുകളുടെ എണ്ണമനുസരിച്ച് പുതുക്കുകയും ചെയ്തിട്ടുണ്ട്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധനയും നടത്തുന്നുണ്ട്. യു.എ.ഇ താമസക്കാരായ ആളുകൾക്ക് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചാൽ സ്വീകരിക്കേണ്ട ക്വാറന്റീൻ രീതി സംബന്ധിച്ച് കൃത്യമായ നിർദേശം അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഈ കാര്യങ്ങൾ അറിയാം.
ദുബൈയിൽ
പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ പത്തുദിവസം ക്വാറന്റീൻ വേണം. രോഗ ലക്ഷണങ്ങൾ പ്രകടമായില്ലെങ്കിലും ഇത് നിർബന്ധമാണ്. Covid-19 DXB മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുകയും വേണം. ഇല്ലെങ്കിൽ 10,000 ദിർഹം പിഴ വരെ ഈടാക്കുമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവായ സമയം മുതൽ ക്വാറന്റീൻ തുടങ്ങണം. കുടുംബാംഗങ്ങൾ രോഗിയിൽനിന്ന് അകന്നുനിൽക്കണം. പത്തുദിവസത്തിനുശേഷം വീണ്ടും പി.സി.ആർ പരിശോധന നടത്തി പുറത്തിറങ്ങാവുന്നതാണ്. ഹോം ക്വാറന്റീൻ ചെയ്യാൻ കഴിയാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യം ലഭ്യമാണ്. ഇതിന് പണം നൽകേണ്ടിവരും. ഗുരുതര രോഗലക്ഷണം കാണിച്ചാൽ ഡി.എച്ച്.എയുടെ ടോൾഫ്രീ നമ്പറിലേക്ക്(800342) വിളിച്ച് ഓൺലൈൻ കൺസൽട്ടേഷന് ബുക്ക് ചെയ്യാം. ക്വാറന്റീൻ പത്തുദിവസം പൂർത്തിയാക്കിയാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് മെസേജ് ആയോ ആപ്പിലോ ലഭിക്കും.
അബൂദബിയിൽ
ഗുരുതരമായ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾ ഉടൻ അടുത്തുള്ള എമർജൻസി വാർഡിലേക്ക് പോകണം. ഗുരുതരമല്ലാത്ത രോഗലക്ഷണങ്ങളോടെ പോസിറ്റിവ് ആയവരും 50ഓ അതിൽ കൂടുതലോ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരും സായിദ് പോർട്ട് (അബൂദബി), അൽഐൻ കൺവെൻഷൻ സെൻററർ, അൽ ഖുബൈസി ഹാൾ(അൽഐൻ), മദീനത് സായിദ്, സേഹ ഹോസ്പിറ്റലുകൾ(അൽദഫ്ര മേഖല) എന്നിവിടങ്ങളിലെ അസസ്മെന്റ് സെൻററുകളിൽ എത്തണം.
രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റിവ് ആയവർ, സേഹ ഡ്രൈവ് ത്രൂ ടെസ്റ്റിങ് സെന്ററിലെത്തി പരിശോധന ആവർത്തിക്കണം. ഇതിന്റെ പരിശോധന ഫലം വരുംവരെ ഹോം ക്വാറന്റീനിലായിരിക്കണം. ഇതിൽ പോസിറ്റിവായാൽ വീട്ടിലെ മറ്റുള്ളവരിൽനിന്ന് അകന്ന് ഹോം ക്വാറന്റീനിൽ ഇരിക്കണം.
ദിവസങ്ങൾക്കുശേഷം വീണ്ടും സേഹ ഡ്രൈവ് ത്രൂ സെൻററുകളിലെത്തി പരിശോധിക്കാം. ഇത്തരത്തിൽ തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ നെഗറ്റിവ് ആയാൽ മാത്രമേ ക്വാറന്റീൻ അവസാനിക്കൂ.
രോഗിയുമായി അടുത്ത് ബന്ധപ്പെട്ടവരും അടുത്തുള്ള സേഹ കേന്ദ്രത്തിൽ എത്തണം.
ഇവിടെ ഹോം ക്വാറന്റീൻ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും മറ്റുള്ളവരിൽനിന്ന് അകന്ന് ഐസൊലേഷനിൽ വീട്ടിൽ കഴിയുകയും വേണം. വാക്സിനെടുത്തവർ ഏഴു ദിവസവും അല്ലാത്തവർ 10ദിവസവുമാണ് ക്വാറന്റീൻ ഇരിക്കേണ്ടത്.
ആറാമത്തെയും ഒമ്പതാമത്തെയും ദിവസങ്ങളിൽ ടെസ്റ്റ് ചെയ്ത് ഫലം നെഗറ്റിവാണെങ്കിൽ ക്വാറന്റീൻ ഒഴിവാകും. മറ്റ് എമിറേറ്റുകളിലും സമാനമായ രീതികളാണ് ക്വാറന്റീനിന് പിന്തുടരുന്നത്. അതത് ഇടങ്ങളിലെ ആരോഗ്യ വകുപ്പുകളാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തിറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.