റെണ്ണാഴുക്കോ വിക്കറ്റ് വീഴ്ചയോ; യു.എ.ഇയിലെ പിച്ചുകൾ എങ്ങനെ പെരുമാറും
text_fieldsദുബൈ: ഐ.പി.എല്ലിൽനിന്ന് ലോകകപ്പിലേക്ക് എത്തിനിൽക്കുേമ്പാൾ യു.എ.ഇയിലെ പിച്ചുകളുടെ സ്വഭാവം എന്തായിരിക്കും? തുടർച്ചയായ മത്സരങ്ങൾ നടന്നാലും ക്ഷീണിക്കാത്ത ചരിത്രമാണ് യു.എ.ഇയിലെ പിച്ചുകളുടേത്.
ഐ.പി.എല്ലിന് പിന്നാലെ ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങളും നടന്നത് ഇവിടെയാണ്. ദുബൈ, ഷാർജ, അബൂദബി പിച്ചുകൾ എങ്ങനെ പെരുമാറുമെന്ന് നോക്കാം.
ഷാർജ
റൺസൊഴുകുമെന്ന് പ്രതീക്ഷിച്ച ഷാർജ സ്റ്റേഡിയത്തിൽ കഴിഞ്ഞ ഐ.പി.എല്ലിൽ കണ്ടത് റൺ വരൾച്ചയാണ്.
2020 സീസണിൽ ഓരോ 12 പന്തിലും സിക്സറുകൾ എത്തിയിരുന്നെങ്കിൽ ഈ സീസണിൽ ഇത് 23 പന്തായി. ആകെ 98 സിക്സാണ് അടിച്ചത്. സ്പിന്നർമാരെയും പേസർമാരെയും ഒരേ പോലെ പിന്തുണക്കുന്നതാണ് കണ്ടത്. സ്പിന്നർമാർ ഒരോവറിൽ ശരാശരി 6.79 റൺസ് വീതം വഴങ്ങിയപ്പോൾ പേസർമാരുടേത് 6.92 ആയിരുന്നു. സ്പിന്നർമാർ 22 പന്ത് കൂടുേമ്പാൾ വിക്കറ്റെടുത്തപ്പോൾ പേസർമാർ 17 പന്തിൽ വിക്കറ്റെടുത്തു.
ഷാർജയിൽ ഇന്ത്യക്ക് മത്സരങ്ങളില്ല. പാകിസ്താൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾക്ക് രണ്ട് മത്സരം വീതമുണ്ട്. ഐ.പി.എല്ലിന് സമാനമായാണ് പിച്ചിെൻറ സ്വഭാവമെങ്കിൽ പാകിസ്താനും ദക്ഷിണാഫ്രിക്കക്കുമായിരിക്കും ഗുണം ചെയ്യുക.
ദുബൈ
കുറെ നാളായി ദുബൈ സ്റ്റേഡിയത്തിലെ ശരാശരി സ്കോർ 150- 160 റൺസാണ്. പേസർമാരെയാണ് അൽപം കൂടി തുണക്കുന്നത്. സ്പിന്നർമാർ ഓരോ 32 പന്തിലും വിക്കറ്റെടുക്കുേമ്പാൾ പേസർമാർ 27 പന്തിനിടെ വിക്കറ്റെടുക്കാറുണ്ട്. മൂന്ന് പേസർമാരുമായായിരിക്കും ടീമുകൾ കളത്തിലിറങ്ങുക. ദുബൈ സ്റ്റേഡിയത്തിലെ പിച്ചിെൻറ സ്ഥാനവും നിർണായകമാണ്.
ഒരു എൻഡിൽ ബൗണ്ടറിൽ അൽപം അടുത്താണ്. ഈ എൻഡിൽ നിൽക്കുേമ്പാൾ ബാറ്റ്സ്മാൻമാർ കൂടുതൽ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, അപ്പുറത്തെ എൻഡിൽ നിന്ന് ബൗൾ ചെയ്യുേമ്പാൾ ബൗളർമാരും തന്ത്രങ്ങൾ മെനയുന്നു. ഇന്ത്യക്ക് ഇവിടെ മൂന്ന് മത്സരങ്ങളുണ്ട്. ഐ.പി.എല്ലിൽ കൂടുതൽ മത്സരങ്ങൾ ഇവിടെ കളിച്ചതിെൻറ പരിചയം ഇന്ത്യക്ക് ഗുണം ചെയ്യും.
അബൂദബി
ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസൊഴുകാൻ സാധ്യതയുള്ള പിച്ചാണ് അബൂദബി. ബാറ്റിങ്ങിന് അനുകൂലമാണ് ഇവിടെയുള്ള വിക്കറ്റുകൾ. എന്നാൽ, മറ്റ് രണ്ട് സ്റ്റേഡിയങ്ങളെ അപേക്ഷിച്ച് ബൗണ്ടറികൾ അകലെയാണ് എന്നത് ബൗളർമാർക്ക് ആശ്വാസം നൽകുന്നു.
ഐ.പി.എൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ മുംബൈയും ഹൈദരാബാദും ചേർന്ന് 400 റൺസിലേറെ സ്കോർ ചെയ്തത് ഈ പിച്ചിലാണ്. സ്പിന്നർമാരേക്കാൾ മുൻതൂക്കം പേസ് ബൗളിങ്ങിനാണ്. സ്പിന്നർമാർ ഒാരോ 33 പന്തിലും വിക്കറ്റെടുക്കുേമ്പാൾ പേസർമാർ 29 പന്തിൽ വിക്കറ്റ് വീഴ്ത്തും.
രാത്രി മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് മുൻതൂക്കം. ഇന്ത്യക്ക് ഒരു മത്സരം മാത്രമാണ് ഇവിടെയുള്ളത്. ആസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾക്ക് രണ്ട് മത്സരവും അഫ്ഗാനിസ്താന് മൂന്ന് മത്സരവും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.