എങ്ങിനെ പഠിക്കാം കുതിര സവാരി ?
text_fieldsമനസ്സിൽ താലോലിച്ചു പോന്ന പല പൂതികളും മലയാളിക്ക് അനുഭവിക്കാൻ അവസരം കിട്ടിയത് പ്രവാസ മണ്ണിലാണ്. ഇങ്ങോട്ടുള്ള വിമാന യാത്ര തന്നെ പലർക്കും സ്വപ്നസാഫല്യമാണ്. സഫലമായ മോഹങ്ങളുടെ മെനുവിൽ പിന്നീടങ്ങോട്ട് പലതും നാം എഴുതിചേർത്തു. ഫോർവീൽ കാർ സ്വന്തമാക്കി മണൽകുന്നുകളെ ഇളക്കി മറിക്കുന്നവരും ജെറ്റ്സ്കീയിൽ കടൽത്തിരകളിൽ നൃത്തമാടുന്നവരും ചെങ്കുത്തായ മലകൾ അനായാസം കീഴടക്കുന്നവരുമൊക്കെയാണ് നമ്മിൽ പലരും. എന്നാൽ, ആഗ്രഹം ഒരുപാടുണ്ടായിട്ടും പലരും കൈ വെക്കാത്ത മേഖലയാണ് കുതിരസവാരി. മാനസികമായ ചില തയ്യാറെടുപ്പുകളും കുറച്ചു സമയവും കണ്ടെത്തിയാൽ സ്വായത്തമാക്കാവുന്ന സാഹസികവിനോദമാണ് ഹോഴ്സ് റൈഡിങ്. പരിശീലിപ്പിക്കുന്ന സ്ഥലങ്ങളെപ്പറ്റിയും ഫീസ്നിരക്കുകളെക്കുറിച്ചും അറിവില്ലാത്തതുകൊണ്ടാവാം പലരും ഇതിലേക്ക് എത്തിപ്പെടാതിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ടമത്സരം 'ദുബൈ വേൾഡ് കപ്പ്' നടക്കുന്ന യു.എ.ഇയിൽ കുതിര സവാരി പഠിക്കാനുള്ള സാഹചര്യങ്ങൾ എമ്പാടുമുണ്ട്. എമിറേറ്റ്സ് റോഡിന് (611) ഇരുവശങ്ങളിലുമായി അജ്മാൻ ഷാർജ എമിറേറ്റുകൾ അതിർത്തി പങ്കിടുന്ന ഹീലിയോ സുബൈർ എന്നീ സ്ഥലങ്ങളിൽ ഹോഴ്സ് റൈഡിങ്ങിൽ പരിശീലനം നൽകുന്ന നിരവധി സ്റ്റേബിളുകൾ (കുതിരലായങ്ങൾ) പ്രവർത്തിക്കുന്നുണ്ട്. റാസൽ ഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ, ഷാർജ, ദുബൈ, ദൈദ് എന്നിവിടങ്ങളിൽ നിന്നും എളുപ്പം എത്തിച്ചേരാവുന്ന ഈ പ്രദേശം വിരസമായ സായാഹ്നങ്ങൾ ഉല്ലാസഭരിതമാക്കാൻ ഡ്രൈവിന് പോകാനും പറ്റിയ ഇടമാണ്. ഒറ്റയായും കൂട്ടമായും പരിശീലനത്തിൽ ഏർപ്പെട്ട അനേകം അശ്വാരൂഢന്മാരെ ഫാമുകൾ നിറഞ്ഞ ഈ വഴികളിൽ കാണാനാകും. പ്രായഭേദമന്യേ ആൺപെൺ വ്യത്യാസമില്ലാതെ നിരവധി ആളുകൾ ഇവിടെ സവാരിക്കെത്തുന്നുണ്ട്.
പരീക്ഷണഓട്ടത്തിനായി ഈ ലേഖകൻ തിരഞ്ഞെടുത്തത് സുബൈറിലുള്ള (Zubair) ഹോഴ്സ് സെന്റർ എന്ന സ്റ്റേബിളാണ്. സാമാന്യം വിശാലമായ കോംബൗണ്ടിലാണ് (Arena) ബാലപാഠങ്ങൾ പഠിപ്പിക്കുന്നത്. സുരക്ഷാ മുൻകരുതലുകളെ കുറിച്ചും കുതിരയുടെ വേഗതയും ദിശയും നിയന്ത്രിക്കുന്നതിനെകുറിച്ചുമുള്ള നിർദ്ദേശങ്ങൾ പഠിതാവിനു നൽകിയ ശേഷം സ്വന്തമായി നടത്താൻ വിടും. ബാലൻസിങ്ങും നിയന്ത്രണവും ശരിയായികഴിഞ്ഞാൽ പടിപടിയായി വേഗത കൂട്ടി പരിശീലനം പുരോഗമിയ്ക്കും. കുട്ടി റൈഡർമാരെ ആദ്യ ക്ലാസ്സുകളിൽ ഒരു പരിശീലകൻ അനുഗമിക്കും. അരീനയിൽ പയറ്റിത്തെളിഞ്ഞാൽ മരുഭൂമിയുടെ വിശാലതയിൽ തുടർപരിശീലനം നടത്താം.
ഒരുമണിക്കൂർ നീളുന്ന ക്ലാസ്സുകൾക്ക് പരിശീലിക്കുന്ന സ്ഥലത്തിനനുസരിച്ച് 80 ദിർഹം മുതൽ 120 ദിർഹം വരെയാണ് ഫീസ്. കൂടാതെ വിവിധ പാക്കേജുകളും ആവശ്യാനുസരണം തെരഞ്ഞെടുക്കാം. ആറ് ക്ലാസുകൾക് 500 ദിർഹം മുതലും 12 ക്ലാസ്സുകളടങ്ങുന്ന ഫുൾ പാക്കേജിന് 800 മുതൽ 1000 ദിർഹം വരെയുമാണ് ഈടാക്കുന്നത്. വേനൽ ചൂട് കൂടുന്ന ഓഫ് സീസണിൽ ആകർഷണീയ ഡിസ്കൗണ്ട് റേറ്റും നൽകുന്നുണ്ട്. രാവിലെ ആറ് മുതൽ 10 വരെയും വൈകീട്ട് നാല് മുതൽ 10 വരെയുമാണ് പരിശീലന സമയം. അർപ്പണമനോഭാവവും വർദ്ധിച്ച താല്പര്യവുമുണ്ടെങ്കിൽ 10 ക്ലാസ്സോടെ തന്നെ സ്വന്തമായി സവാരിചെയ്യാൻ വൈദഗ്ധ്യം നേടാവുന്നതെയുള്ളൂ. വെറും സവാരി ആസ്വദിക്കാൻ മാത്രം ആഗ്രഹിക്കുന്നവർക്ക് 20 മിനിറ്റോളം കുതിരപ്പുറത്തേറി നടക്കാൻ സൗകര്യവും ഉണ്ട്. ഇനി നിങ്ങൾ അല്പം റൊമാന്റിക് ആണോ? പൂർണചന്ദ്രനുള്ള രാത്രികളിൽ മരുഭൂമിയുടെ ശാന്തതയിൽ സവാരി ചെയ്യാൻ 'ഫുൾ മൂൺ റൈഡ്' എന്ന സ്പെഷ്യൽ പാക്കേജും ലഭ്യമാണ്. ശാരീരിക ക്ഷമത വർധിക്കുന്നതോടൊപ്പം മാനസികമായ കരുത്തും നേടാമെന്നതാണ് ഈയൊരു വിനോദത്തിന്റെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.