കൺമുന്നിൽ കുഴഞ്ഞുവീഴുന്നയാളെ എങ്ങനെ രക്ഷിക്കാം
text_fieldsഒരാഴ്ച മുമ്പാണ് യൂറോകപ്പ് ഫുട്ബാൾ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ മൈതാന മധ്യത്ത് കുഴഞ്ഞുവീണത്. ജീവൻ നഷ്ടപ്പെട്ടതായി തോന്നിയ ഘട്ടം. ഗാലറിയും ഫുട്ബാൾ ലോകവും പ്രാർഥനയോടെ കണ്ണീരൊഴുക്കി കാത്തിരിക്കുന്നതിനിടെ മിനിറ്റുകൾക്കുള്ളിൽ എറിക്സെൻറ കണ്ണുതുറന്ന ചിത്രം പുറത്തുവന്നു. ഒരുപക്ഷെ, കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്ന എറിക്സണ് സഹതാരങ്ങളും മെഡിക്കൽ ടീമും നൽകിയ പ്രാഥമിക ചികിത്സയാണ് പുനർജീവിതം നൽകിയത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുന്ന ഒരാളെ കൃത്യമായ ഇടപെടൽ നടത്തിയാൽ രക്ഷിക്കാൻ കഴിയും. ഇതറിയാത്തതിനാൽ നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നത്, പ്രത്യേകിച്ച് പ്രവാസലോകത്ത്. ഹൃദയാഘാത മരണങ്ങൾ കേൾക്കാത്ത ദിവസങ്ങളില്ല. എരിഞ്ഞു നിൽക്കുന്ന തിരിനാളം പൊടുന്നനെ അണഞ്ഞു പോവും പോലെയാണ് ഹൃദയസ്തംഭനം മൂലം ഒരു ജീവൻ വിട പറയുന്നത്. ചിലപ്പോൾ വേദനയോടെയും പലപ്പോഴും വേദനയില്ലാതെയും ഹൃദ്രോഗം തേടിയെത്താം.
ഉണർന്നിരിക്കുമ്പോഴും തൊഴിലെടുക്കുമ്പോഴും വിശ്രമിക്കുമ്പോഴും വിനോദോപാധികളിലേർപ്പെടുമ്പോഴും ഉറങ്ങുമ്പോഴും ഹൃദയസ്തംഭനം സംഭവിക്കാം. പൊതു നിരത്തിലും ഷോപ്പിങ് കേന്ദ്രങ്ങളിലും കളി മൈതാനങ്ങളിലും കുഴഞ്ഞുവീണു മരിക്കുന്നവരുടെ ചരിത്രം നാം നിത്യേന കേൾക്കുന്നു. നല്ല കായികക്ഷമതയുള്ള എത്രയോ അത്ലറ്റുകൾ മത്സരക്കളിയുടെ മൂർധന്യത്തിൽ കളിമുറ്റങ്ങളിൽ കുഴഞ്ഞുവീണ് ജീവിതത്തിൽനിന്ന് വിട പറഞ്ഞിരിക്കുന്നു. കളിക്കിടയിൽ കുഴഞ്ഞുവീണു മരിച്ച അന്തർദേശീയ പ്രശസ്തരായ അത്ലറ്റുകളുടെ വമ്പൻ നിര ഗൂഗ്ളിൽ പരതിയാൽ കാണാം.
എന്താണ് ചെയ്യേണ്ടത്
ഞൊടിയിടയിൽ പ്രവർത്തനനിരതനാവുക.
കുഴഞ്ഞുവീണയാളെ പരന്ന പ്രതലത്തിൽ കിടത്തുക.
ഹൃദയസ്തംഭനം സംഭവിച്ച് പത്തു സെക്കൻഡിനുള്ളിൽ നെഞ്ചത്തു ശക്തിയായി അമർത്തുക (ചെസ്റ്റ് കംപ്രഷൻ).
രണ്ട് കൈകളും കോർത്താണ് നെഞ്ചത്ത് അമർത്തേണ്ടത് .
കൈപ്പത്തിയുടെ മടമ്പ് ഭാഗം നെഞ്ചിന് മുകളിൽവെച്ചാണ് അമർത്തേണ്ടത്
കുട്ടികളാണെങ്കിൽ ഒരു കൈവെച്ച് അമർത്തണം.
നവജാത ശിശുക്കളാണെങ്കിൽ രണ്ട് വിരലുകൾ ഉപയോഗിക്കണം
മിനിറ്റിൽ 100 പ്രാവശ്യം അഞ്ച് സെൻറീമീറ്റർ നെഞ്ചിൻ കൂടു താഴാൻ പാകത്തിൽ വേഗത്തിലും ശക്തിയിലും അമർത്തുക.
ഓരോ അമർത്തലിനും ശേഷം നെഞ്ചിൻ കൂട് പൂർവസ്ഥിതിയിൽ നിവർന്നു വരാൻ സമയം കൊടുക്കുക.
30 പ്രാവശ്യം നെഞ്ച് അമർത്തിയ ശേഷം രോഗിയുടെ വായിലേക്കു രക്ഷകൻ വായ ചേർത്തുവെച്ചു ശക്തിയായി ശ്വാസം നൽകുക.
തുടർച്ചയായി നെഞ്ചിൽ അമർത്തുകയും വായ കൊണ്ടു ശ്വാസം നൽകുകയും ചെയ്തു കൊണ്ടേയിരിക്കുക.
ശ്വാസം നൽകാൻ മറ്റൊരാളുടെ സഹായം ആവശ്യപ്പെടാം.
ശ്വാസം നൽകുേമ്പാൾ രോഗിയുെട സ്രവവും ഛർദിലും രക്തവും നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഇത് തുടച്ചെടുത്ത ശേഷം വേണം ശ്വാസം നൽകാൻ.
കൂടെ ആരെങ്കിലുമുണ്ടെങ്കിൽ ആംബുലൻസിന് ഫോൺ ചെയ്യാൻ ഏൽപിക്കുക.
ഇല്ലെങ്കിൽ സ്വയം ഫോൺ ചെയ്ത് വാഹനം വരുത്തുക.
ഏതാനും മിനിറ്റിൽ രോഗി സ്വയം ശ്വാസം എടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക.
കഴുത്തിലെ നാഡി ഞരമ്പിൽ (കരോട്ടിഡ് ആർട്ടറിയിൽ) രക്തസംക്രമണം തുടങ്ങിയതിെൻറ തുടിപ്പുകൾ ഉണ്ടോ എന്നു വിരൽവെച്ച് നോക്കുക.
ആംബുലൻസ് എത്തിയാൽ രോഗിയെ എത്രയും വേഗം ഏറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക.
ആംബുലൻസിലുള്ളവർക്ക് ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ഹൃദയത്തിലേക്കു വൈദ്യുതി പായിച്ച് അതിെൻറ പ്രവർത്തനം നോർമൽ ആക്കാൻ കഴിയും
വികസിത രാജ്യങ്ങളിൽ ഇത്തരം ഡിഫിബ്രിലേറ്റർ മെഷീനുകൾ ഷോപ്പിങ് മാളുകൾ, എയർ പോർട്ട്, മറ്റു പൊതു ഇടങ്ങൾ എന്നിവിടങ്ങളിലുണ്ടാവും.
എളുപ്പത്തിൽ ഉപയോഗിക്കാനാവുന്ന ഈ യന്ത്രത്തിെൻറ ഉപയോഗ നിർദേശങ്ങൾ അതിൽ വ്യക്തമായി രേഖപ്പെട്ടുത്തിയിട്ടുണ്ടാവും.
എന്താണ് സി.പി.ആർ
നമുക്കു മുന്നിൽ പൊടുന്നനെ ഒരാൾ കുഴഞ്ഞുവീഴുന്നു. എന്തു പ്രഥമ ശുശ്രൂഷയാണ് നാം നൽകേണ്ടത്. ആംബുലൻസും മെഡിക്കൽ സംഘവും എത്തിപ്പെടും മുമ്പ് എങ്ങനെ അയാളെ രക്ഷിക്കാം? മെഡിക്കൽ ജ്ഞാനമില്ലാതെ സാധാരണക്കാരന് എന്തൊക്കെ ചെയ്യാനാവും?
ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും വിലപ്പെട്ടത് സമയമാണ്. ഹൃദയപേശികളെ എത്ര വേഗം ഉത്തേജിപ്പിച്ച് സാധാരണ നിലയിലാക്കുന്നുവോ അത്ര വേഗം മസ്തിഷ്ക മരണസാധ്യത ഇല്ലാതാക്കാം. ഓരോ സെക്കൻഡിനും പൊന്നും വിലയുണ്ട്. ഇവിടെയാണ് ബേസിക് ലൈഫ് സപ്പോർട്ട് (ബി.എൽ.എസ്) അഥവാ കാർഡിയോ പൾമണറി റിസസിറ്റേഷൻ (സി.പി.ആർ) എന്ന അടിസ്ഥാന പ്രഥമ ശുശ്രൂഷ രക്ഷകനാകുന്നത്. ആർക്കും സി.പി.ആർ ചെയ്യാനാവും. ആപദ് ഘട്ടത്തിലെ ധൈര്യപൂർവമായ ഇടപെടൽ മരണവക്ത്രത്തിലകപ്പെട്ട നിസ്സഹായനെ കൈപിടിച്ച് ഉയർത്താൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.