'സാലിക്' ഓഹരിക്ക് വൻ ഡിമാൻഡ്
text_fieldsദുബൈ: എമിറേറ്റിലെ ടോൾ കലക്ഷൻ സംവിധാനമായ 'സാലിക്' ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ(ഐ.പി.ഒ) വിൽപനക്ക് വെച്ച ഓഹരികൾ വാങ്ങാൻ അഭൂതപൂർവമായ തിരക്ക്. സാലിക്ക് ഷെയറുകൾക്ക് പണമടച്ച് അപേക്ഷിക്കാനുള്ള അവസാന തീയതി ഈമാസം 20ന് അവസാനിച്ചപ്പോൾ, വേണ്ടതിനേക്കാൾ 49 ഇരട്ടി അപേക്ഷകരാണ് ഓഹരി വാങ്ങാൻ രംഗത്തുള്ളത്. ചെറുകിടക്കാരിൽനിന്ന് മാത്രം119 ഇരട്ടി അപേക്ഷ ലഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 13ന് ഓഹരി വിൽപന ആരംഭിച്ച ആദ്യ ദിവസത്തിൽ തന്നെ വിൽപന ലക്ഷ്യം പിന്നിട്ടു. അപേക്ഷിക്കേണ്ട അവസാനതീയതി പിന്നിട്ടപ്പോൾ 370 കോടി ദിർഹം ലക്ഷ്യംവെച്ചുള്ള ഐ.പി.ഒക്ക് നിലവിൽ 18,420 കോടി ദിർഹത്തിന് മുകളിലാണ് ആവശ്യക്കാരെത്തിയത്.
ഓഹരികൾ സ്വന്തമാക്കാൻ രംഗത്തുള്ള വൻകിട സ്ഥാപനങ്ങളായ കോർണർ സ്റ്റോൺ ഉപഭോക്താക്കളെ ഒഴിവാക്കിയാൽ അധികമായി എത്തിയ അപേക്ഷകരുടെ എണ്ണം 52 ഇരട്ടിയാകും. അനുവദിച്ച ഓഹരിയുടെ വിശദാംശങ്ങൾ വ്യക്തമാക്കി ഈമാസം 26 ന് അപേക്ഷകർക്ക് എസ്.എം.എസ് സന്ദേശം ലഭിക്കും. എത്ര ഓഹരികൾ ഓരോരുത്തർക്കും അനുവദിച്ചു എന്ന് അപ്പോഴാണ് വ്യക്തമാവുക. പ്രാദേശിക നിക്ഷേപകരിലേക്ക് ഓഹരി എത്തിക്കാൻ ലക്ഷ്യമിട്ട ചില്ലറ മേഖലയിൽനിന്ന് മാത്രം 3470 കോടി ദിർഹമിന്‍റെ അപേക്ഷ എത്തിയിട്ടുണ്ട്. ഇത് പ്രതീക്ഷിച്ച കണക്കിനേക്കാൾ 119 ഇരട്ടിയാണ്. സാലിക്കിന്‍റെ ഒരു ഓഹരിക്ക് രണ്ട് ദിർഹം എന്ന നിരക്കിൽ കുറഞ്ഞത് 5002 ദിർഹം മുടക്കി 2501 ഓഹരികൾ നൽകാനാണ് അവസരമൊരുക്കിയിരുന്നത്.
നേരത്തേ ഐ.പി.ഒ വഴി വിൽക്കുന്ന ഓഹരികൾ 20 ശതമാനത്തിൽനിന്ന് 24.9 ശതമാനമായി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ 186 കോടി ഓഹരികൾ വിൽക്കാനാണ് തീരുമാനിച്ചത്. നിക്ഷേപകരിൽനിന്ന് ഓഹരി വാങ്ങുന്നതിന് മികച്ച പ്രതികരണം ദൃശ്യമായതിനെ തുടർന്നാണ് ഐ.പി.ഒ വർധിപ്പിച്ചത്. എന്നാൽ ഈ കണക്കുകളെല്ലാം പിന്നിട്ട് ആവശ്യക്കാരെത്തിയെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള ഓഹരി മൂലധനത്തിന്‍റെ 75.1 ശതമാനം ദുബൈ സർക്കാറിന്‍റെ ഉടമസ്ഥതയിൽ തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. 29ന് 'സാലിക്' ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും. ഓഹരി വിൽപനക്ക് മുമ്പായി ജൂണിൽ 99 വർഷത്തെ കാലാവധിയോടെ 'സാലിക്' പബ്ലിക് ജോയന്‍റ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. എമിറേറ്റിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്. ദുബൈയിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എൻ.ബി.ഡിയാണ് ഐ.പി.ഒയുടെ ലീഡ് സ്വീകരിക്കുന്ന ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.