ദുബൈ കസ്റ്റംസ് സഹായിച്ചു; ന്യൂസിലാൻഡിൽ വൻ മയക്കുമരുന്നുവേട്ട
text_fieldsദുബൈ: ദുബൈ കസ്റ്റംസും ന്യൂസിലാൻഡ് കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിൽ 70 ദശലക്ഷം ഡോളർ വിലമതിക്കുന്ന 200 കിലോഗ്രാം മയക്കുമരുന്ന് ന്യൂസിലാൻഡ് തുറമുഖത്ത് പിടികൂടി.
ഓക്ലാൻഡ് തുറമുഖം വഴി ഗോതമ്പ് മെതിയന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മെത്തഫെറ്റാമിൻ ഗുളികകളാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച വിവരം ദുബൈ പൊലീസ് പങ്കുവെച്ചതുവഴിയാണ് മയക്കുമരുന്ന് കടത്ത് തടയാനായതെന്ന് ന്യൂസിലാൻഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഏഷ്യൻ രാജ്യത്തുനിന്നാണ് മയക്കുമരുന്ന് എത്തിയത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, പ്രാദേശികമായും മേഖലാതലത്തിലും രാജ്യാന്തര തലത്തിലും നടക്കുന്ന മയക്കുമരുന്ന് കടത്തും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിൽ ഇന്റലിജൻസ് ഡിപ്പാർട്മെന്റുകൾ നിർണായകമായ പങ്കുവഹിക്കുന്നതായി ദുബൈ കസ്റ്റംസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അനധികൃത മയക്കുമരുന്നുകടത്ത് ഫലപ്രദമായി തടയുന്നതിനും മറ്റ് നിയമവിരുദ്ധ നടപടികൾ ഇല്ലാതാക്കുന്നതിനും കസ്റ്റംസ് ഏജൻസികൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രാധാന്യമാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാവുന്നതെന്നും ദുബൈ കസ്റ്റംസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.