ദുബൈ വാണിജ്യ ഗതാഗത മേഖലയിൽ വൻ വളർച്ച
text_fields
ദുബൈ: 2022ൽ ദുബൈയിലെ വാണിജ്യ ഗതാഗത മേഖല വൻ വളർച്ച കൈവരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കഴിഞ്ഞ വർഷം എമിറേറ്റിന്റെ സമ്പദ് വ്യവസ്ഥയിൽ 16.1 ശതകോടി ദിർഹമിന്റെ സംഭാവനയാണ് വാണിജ്യ ഗതാഗത മേഖല കൂട്ടിച്ചേർത്തത്. പ്രത്യക്ഷമായി 8.5 ശതകോടി ദിർഹമും പരോക്ഷമായി 7.6 ശതകോടി ദിർഹമുമാണ് ഈ മേഖലയിൽനിന്ന് സമ്പദ്വ്യവസ്ഥക്ക് ലഭിച്ചത്. 7000ത്തിലധികം കമ്പനികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
2021നെ അപേക്ഷിച്ച് ഈ രംഗത്ത് 26 ശതമാനമാണ് വളർച്ച. ഇതുവഴി 2,42,000 തൊഴിലവസരങ്ങളും എമിറേറ്റിൽ സൃഷ്ടിക്കപ്പെട്ടു. 7,000ത്തിലധികം കമ്പനികളിലായി മൂന്നു ലക്ഷം വാണിജ്യ വാഹനങ്ങളാണ് പ്രവർത്തിച്ചുവരുന്നത്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് ഈ രംഗത്ത് 16 ശതമാനമാണ് വളർച്ച. വാണിജ്യ ഗതാഗത മേഖല ഇ-കോമേഴ്സ് വഴി കഴിഞ്ഞ രണ്ടു വർഷമായി സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കുന്നതായി ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു.
ആഗോള തലത്തിൽ മൂന്ന് പ്രധാന സാമ്പത്തിക നഗരങ്ങളിൽ ഒന്നാവുകയെന്ന ദുബൈ സാമ്പത്തിക അജണ്ടയുടെ (ഡി33) ലക്ഷ്യം കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്കാണ് വാണിജ്യ ഗതാഗത മേഖല വഹിക്കുന്നത്. മേഖലയുടെ വളർച്ചക്കായി ആഗോള നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള ഏറ്റവും ആയാസരഹിതമായ നിയമ വ്യവസ്ഥകളുമാണ് ആർ.ടി.എ നടപ്പിലാക്കി വരുന്നത്.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ആർ.ടി.എ നിലവിൽ ഏഴു പദ്ധതികളും സംരംഭങ്ങളും വികസിപ്പിക്കുന്നുണ്ട്. സർക്കാർ നിർദേശങ്ങൾക്കനുസൃതമായി പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും അവയെ നിയന്ത്രിക്കുന്നതിനുമുള്ള നിയമ ചട്ടക്കൂടുകൾ നിർമിക്കുന്നതിൽ ആർ.ടി.എ അതി ശ്രദ്ധചെലുത്തുന്നുണ്ട്. സ്വകാര്യ മേഖലകളുമായി സഹകരിച്ച് ഹെവി ട്രക്കുകളുടെ പാർക്കിങ്ങിനായി മാത്രം മൂന്ന് പ്രത്യേക സ്ഥലങ്ങളുടെ നിർമാണം നടക്കുന്നുണ്ട്. 2,26,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇവിടെ 500 ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ സാധിക്കുമെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.