ലുലു ഐ.പി.ഒക്ക് വൻ പ്രതികരണം; മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ ഓഹരികളും വിറ്റുപോയി
text_fieldsദുബൈ: മലയാളികൾ ഉൾപ്പെടെ യു.എ.ഇയിലെ പ്രവാസികൾ ഏറെ കാത്തിരുന്ന പശ്ചിമേഷ്യയിലെ ലുലു റീട്ടെയ്ലിന്റെ പ്രാഥമിക ഓഹരി വിൽപനക്ക് (ഐ.പി.ഒ) നിക്ഷേപകരിൽനിന്ന് വൻ പ്രതികരണം. ആദ്യ ദിനം വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കകം മുഴുവൻ ഓഹരികളും വിറ്റുപോയി. 527 കോടി ദിർഹം മൂല്യം വരുന്ന ഓഹരികളാണ് കണ്ണടച്ച് തുറക്കും മുമ്പ് വിറ്റഴിഞ്ഞത്.
1.94 മുതൽ 2.04 ദിർഹം (44.40 മുതൽ 46.69 രൂപ) വരെയായിരുന്നു ഓഹരി വില. തിങ്കളാഴ്ച രാവിലെ എട്ടിന് ഓഹരി വിൽപന ആരംഭിച്ചപ്പോൾതന്നെ മികച്ച പ്രതികരണം പ്രകടമായിരുന്നു.
എ.ഡി.സി.ബി, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി കാപ്പിറ്റൽ, എച്ച്.എസ്.ബി.സി ബാങ്ക് മിഡിൽ ഈസ്റ്റ്, ദുബൈ ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, എഫ്.ജി ഹെർമസ് യു.എ.ഇ, മഷ്റിഖ് ബാങ്ക് എന്നിവയിലൂടെയായിരുന്നു വിൽപന. ഒന്നാം ഘട്ടം വിൽപന അവസാനിച്ചെങ്കിലും നവംബർ അഞ്ചുവരെ നിക്ഷേപകർക്ക് ഓഹരികൾ വാങ്ങാൻ അവസരമുണ്ട്.
മൂന്നു ഘട്ടങ്ങളിലായി 25 ശതമാനം ഓഹരികളാണ് (258.2 കോടി) ലുലു റീട്ടെയ്ൽ ഐ.പി.ഒയിലൂടെ വിറ്റഴിക്കുന്നത്. 89 ശതമാനം ഓഹരികൾ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യുഐബി) 10 ശതമാനം ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവെച്ചത്.
ഓരോ വ്യക്തിക്കും ചുരുങ്ങിയത് 1000 ഓഹരികളും ലുലു ജീവനക്കാർക്ക് ചുരുങ്ങിയത് 2000 ഓഹരികളും ഉറപ്പായും ലഭിക്കും. 136 കോടി ഡോളർ (11,424 കോടി രൂപ) മുതൽ 143 കോടി ഡോളർ (12,012 കോടി രൂപ) വരെയാണ് ഓഹരി വിൽപനയിലൂടെ ലുലു ലക്ഷ്യമിടുന്നത്.
നവംബർ 14ന് അബൂദബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും. യു.എ.ഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐ.പി.ഒ ലിസ്റ്റിങ്ങുകളിൽ ഒന്നാണ് ലുലുവിന്റെത്. ആദ്യവർഷത്തെ ലാഭത്തിൽനിന്ന് 75 ശതമാനം ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകുമെന്ന് ലുലു ഗ്രൂപ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.