ഫാദേഴ്സ് എൻഡോവ്മെന്റിന് വൻ പ്രതികരണം
text_fieldsദുബൈ: റമദാനിൽ പിതാക്കന്മാരുടെ പേരിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ജീവകാരുണ്യ സംരംഭമായ ഫാദേഴ്സ് എൻഡോവ്മെന്റിന് വൻ പ്രതികരണം. റമദാനിന്റെ ആദ്യ പത്ത് അവസാനിക്കുമ്പോൾ സംരംഭത്തിന് ലഭിച്ച സംഭാവനകൾ 330 കോടി ദിർഹം കവിഞ്ഞു. വ്യക്തികൾ, ബിസിനസുകാർ, പൊതു, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ തുടങ്ങിയ 1,60,560ത്തിലധികം പേർ ഇതിനകം എൻഡോവ്മെന്റിലേക്ക് സംഭാവന അർപ്പിച്ചതായി ദുബൈ മീഡിയ ഓഫിസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ പിതാക്കന്മാരെ ആദരിക്കുന്നതിനും ചികിത്സയും ആരോഗ്യ സംരക്ഷണവും ആവശ്യമുള്ളവർക്ക് സഹായമെത്തിക്കുന്നതിനുമായി ഒരു സുസ്ഥിര എൻഡോവ്മെന്റ് ഫണ്ട് സൃഷ്ടിക്കാനായി രൂപകൽപന ചെയ്തതാണ് ഫാദേഴ്സ് എൻഡോവ്മെന്റ്.
ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച റമദാൻ കാമ്പയിന് ലഭിച്ച വൻ സ്വീകാര്യതയാണ് സംരംഭത്തിന് ലഭിച്ച റെക്കോഡ് പ്രതികരണമെന്ന് കാബിനറ്റ് അഫയേഴ്സ് മന്ത്രിയും മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) സെക്രട്ടറി ജനറലുമായ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. കാമ്പയിനിന്റെ ഔദ്യോഗിക വെബ്സൈറ്റ്, കാൾ സെന്റർ, എസ്.എം.എസ്, ബാങ്ക് അക്കൗണ്ട്, ദുബൈ നൗ ആപ്, ജൂദ് എന്നിവ വഴി സംഭാവനകൾ കൈമാറാം. കാൾ സെന്ററിലൂടെ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ടോൾ ഫ്രീ നമ്പറായ 8004999ൽ ബന്ധപ്പെടാം. എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് വഴിയും സംഭാവനകൾ നൽകാനുള്ള സൗകര്യമുണ്ട്. ഡു, ഇത്തിസലാത്ത് ഉപഭോക്താക്കൾക്ക് ‘ഫാദർ’ എന്ന എസ്.എം.എസിലൂടെ 10 ദിർഹം മുതൽ 500 ദിർഹം വരെ സംഭാവന നൽകാം. 10 ദിർഹം നൽകാൻ 1034 എന്ന നമ്പറിലേക്കും 50 ദിർഹം, 100 ദിർഹം, 500 ദിർഹം എന്നിവ നൽകുന്നതിന് യഥാക്രമം 1034, 1036, 1038 എന്ന നമ്പറുകളിലേക്കുമാണ് എസ്.എം.എസ് അയക്കേണ്ടത്.
ദുബൈ നൗ ആപ്പിലെ ‘ഡൊണേഷൻസ്’ ഓപഷ്നാണ് പണം നൽകാൻ തിരഞ്ഞെടുക്കേണ്ടത്. ദുബൈ സാമൂഹിക സംഭാവന പ്ലാറ്റ്ഫോമിലൂടെയും സംഭാവന അർപ്പിക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.