ഗസ്സ വെടിനിർത്തൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കൂട്ടായ്മ
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യ വാർത്തസമ്മേളനം ഒരുക്കി കൂട്ടായ്മ. കാലാവസ്ഥ നീതിയുടെയും മനുഷ്യാവകാശ സംഘടനകളുടെയും ആഗോള ശൃംഖലയായ കോപ്-28 സഖ്യം എന്ന ഗ്രൂപ് ഫലസ്തീനിൽ വെടിനിർത്തൽ ആവശ്യപ്പെടുകയും ചെയ്തു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ കാലാവസ്ഥ നീതിയുണ്ടാകില്ലെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. സംഘത്തിലെ അംഗങ്ങൾ ‘സീസ്ഫയർ’ (വെടിനിർത്തൽ) എന്നെഴുതിയ ഷർട്ടുകൾ ധരിച്ച്, ഫലസ്തീൻ പ്രതിരോധത്തിന്റെ സൂചകമായ തണ്ണിമത്തൻ ചിത്രം ആലേഖനം ചെയ്ത പതാകകൾ ഉയർത്തിക്കാണിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ബോംബാക്രമണത്തിന് അവസാനം കുറിക്കുക, മാനുഷിക സഹായം വർധിപ്പിക്കുക, ഗസ്സ ഉപരോധം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിക്കുകയും ചെയ്തു. അടിച്ചമർത്തലുകളില്ലാതെ അന്തസ്സോടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുള്ള ഒരു ലോകത്തിന് വേണ്ടിയാണ് സഖ്യത്തിന്റെ പ്രവർത്തനമെന്ന് കൂട്ടായ്മ വ്യക്തമാക്കി. ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ഗസ്സയിൽ കൊല്ലപ്പെട്ട സിവിലിയൻമാർക്ക് വേണ്ടി മൗനമാചരിച്ചിരുന്നു.കോപ് 27 ഉച്ചകോടി അധ്യക്ഷനായിരുന്ന ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗഖിയാണ് ഇതിന് പ്രതിനിധികളോട് ആവശ്യപ്പെട്ടത്.
തുടർന്നാണ് ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. അതിനിടെ, ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും വെള്ളിയാഴ്ച ഉച്ചകോടി വേദിയിലെത്തുന്നുണ്ട്. ഗസ്സയിൽ യുദ്ധം തുടങ്ങിയ ശേഷം ഇസ്രായേൽ-ഫലസ്തീൻ നേതാക്കൾ ഒരേ വേദിയിലെത്തുന്നത് ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.