അന്താരാഷ്ട്ര മനുഷ്യക്കടത്ത് കുറ്റവാളികളെ പിടികൂടാൻ സഹായിച്ച് യു.എ.ഇ പൊലീസ്
text_fieldsദുബൈ: ഒമ്പതുമാസം നീണ്ട അന്താരാഷ്ട്ര തലത്തിലെ ഓപറേഷനിലൂടെ മനുഷ്യക്കടത്ത് മാഫിയ സംഘത്തലവനെ പിടികൂടാൻ സഹായിച്ച് യു.എ.ഇ പൊലീസ്. ഇന്റർപോളിന്റെ ക്രിമിനൽ പട്ടികയിലെ പ്രധാന രണ്ടു പ്രതികളെയാണ് യു.എ.ഇ പൊലീസ് പിടികൂടാൻ സഹായിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. യു.എ.ഇ അടക്കം വിവിധ രാജ്യങ്ങൾ കൊടും കുറ്റവാളികളായി പ്രഖ്യാപിച്ച എറിത്രീയൻ പൗരന്മാരായ സഹോദരങ്ങളാണ് പിടിയിലായത്.
ഇവരിൽ കിദാനെ സകരിയ എന്നയാൾ ഒരു രാജ്യത്തെ ജയിലിൽനിന്ന് രക്ഷപ്പെട്ടയാളാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്ക് വിവിധ രാജ്യങ്ങൾ വഴി മനുഷ്യക്കടത്ത് നടത്തുന്ന ഇയാൾ നിരവധി പേരുടെ ജീവൻ അപകടത്തിലാക്കിയിട്ടുണ്ട്. ഇയാളുടെ സഹോദരൻ ഹെനോക് സകരിയ കള്ളപ്പണ ഇടപാടുകൾ നടത്തിയതിനെ പിന്തുടർന്ന് യു.എ.ഇ നടത്തിയ അന്വേഷണമാണ് ഇരുവരുടെയും അറസ്റ്റിലേക്ക് നയിച്ചത്.സുഡാനിൽ നടന്ന പ്രത്യേക ഓപറേഷനിലാണ് കിദാനെ പിടിയിലായത്.
2014 മുതൽ നൂറുകണക്കിന് പേരെ മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്ന് ശൈഖ് സൈഫ് ബിൻ സായിദ് ട്വീറ്റിൽ പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യൂറോപ്പിലേക്ക് മനുഷ്യക്കടത്ത് നടത്തുന്ന പ്രധാന വഴിയാണ് ഇതിലൂടെ അടഞ്ഞതെന്നും നിരവധി പേരെ ചൂഷണത്തിൽനിന്ന് രക്ഷിക്കാൻ ഇതുപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.