എക്സ്പോയിൽ കാണാം ഹൈപർലൂപ്പ്
text_fieldsദുബൈ: വരുന്നത് ഹൈപർ ലൂപ്പിെൻറ കാലമാണ്. കണ്ടതല്ല വേഗം എന്ന് തെളിയിക്കുന്നതായിരിക്കും ഹൈപർ ലൂപ്പിലൂടെയുള്ള യാത്ര. മണിക്കൂറിൽ 1100 കി.മീ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന യാത്രാസംവിധാനമാണിത്. ഹൈപർ ലൂപ്പിെൻറ ആഗമനത്തിന് മുേമ്പ എക്സ്പോ സന്ദർശകർക്ക് ഈ വാഹനം കാണാനുള്ള അവസരമൊരുക്കുകയാണ് സംഘാടകർ. ഡി.പി വേൾഡിെൻറ പവലിയനിലാണ് ഹൈപർലൂപ്പിെൻറ യാത്രാ പോഡുകൾ എത്തിക്കുന്നത്.
വാക്വം ചെയ്ത കുഴലിലൂടെ കാപ്സൂൾപോലുള്ള വാഹനം കണ്ണഞ്ചും വേഗത്തിൽ കടന്നുപോകുന്ന യാത്രസംവിധാനമാണ് ഹൈപർലൂപ്പ്. കഴിഞ്ഞവർഷം നവംബറിലാണ് ഇതിൽ ആദ്യമായി മനുഷ്യർ പരീക്ഷണ യാത്ര നടത്തിയത്. ഹൈപർലൂപ്പിെൻറ പത്ത് മീറ്റർ നീളമുള്ള കാർഗോ പോഡും യാത്രക്കാർക്ക് കയറിയിരുന്ന് പരീക്ഷിക്കാൻ കഴിയുന്ന യാത്രാപോഡുമാണ് എക്സ്പോ വേദിയിലെത്തിക്കുക. ഡി.പി വേൾഡിെൻറ ഫ്ലോ എന്ന പവലിയനിലാണ് പോഡുകൾ പ്രദർശിപ്പിക്കുകയെന്ന് വെർജിൻ ഹൈപർലൂപ്പ് അധികൃതർ അറിയിച്ചു. സംശയ നിവാരണത്തിന് സന്ദർശകർക്ക് അവസരമുണ്ടാകും. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഹൈപർലൂപ്പ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്ന രാജ്യം കൂടിയാണ് യു.എ.ഇ. ദുബൈയിൽനിന്ന് അബൂദബിയിലെത്താൻ 12 മിനിറ്റ് മാത്രം മതി. വിമാനത്തേക്കാൾ വേഗമുണ്ട് എന്നാണ് അവകാശവാദം.
ഇന്ത്യയിൽ ബംഗളൂരുവിലും വിജയവാഡയിലും ഹൈപർലൂപ്പ് ഏർപ്പെടുത്താൻ ആലോചനയുണ്ട്. ഇതിെൻറ പ്രാരംഭ നടപടിക്രമങ്ങൾ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.