പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഐ.എ.എസ് ഓണാഘോഷം
text_fieldsഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ അതിവിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഷാർജ എക്സ്പോ സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ഷാർജ സർക്കാർ റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രവാസ ലോകത്ത് 50 വർഷം പിന്നിട്ട പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ഇന്റനാഷനൽ ചെയർമാനുമായ എം.എ. യൂസുഫലിയെ ചടങ്ങിൽ ആദരിച്ചു. ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി എം.എ. യൂസുഫലിക്ക് ഉപഹാരം സമ്മാനിച്ചു.
സേവനരംഗത്ത് 45 വർഷം പൂർത്തിയാക്കിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഐ.എ.എസ് ഓണം @45 എന്ന പേരിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, കൃഷി മന്ത്രി പി. പ്രസാദ്, പാലക്കാട് ലോക്സഭാംഗം വി.കെ. ശ്രീകണ്ഠൻ, എം.എൽ.എമാരായ എ.കെ.എം അഷറഫ്, അഹമ്മദ് ദേവർകോവിൽ, നജീബ് കാന്തപുരം തുടങ്ങിയവർ അതിഥികളായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര അധ്യക്ഷത വഹിച്ചു.
ജന. സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ്, തുടങ്ങി കേരളത്തിന്റെ സമ്പന്നമായ നിരവധി കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള സാംസ്കാരിക ഘോഷയാത്ര മികച്ചതായി.
ഷാർജ ഇന്ത്യൻ അസോസിയേഷനുകീഴിൽ പ്രവർത്തിക്കുന്ന അൽ ഇബ്തിസാമ സ്കൂളിലെ നിശ്ചയ ദാർഢ്യ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. പൂക്കള മത്സരത്തിൽ മാസ് ഒന്നാം സമ്മാനം കരസ്ഥമാക്കി.
ഒന്റാറിയോ, എമിറേറ്റ്സ് മലയാളി അസോസിയേഷൻ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രശസ്ത ബാൻഡായ ‘ചെമ്മീൻ’ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി. 25000 പേരാണ് കലാ-സാംസ്കാരിക പരിപാടികൾ കാണാനും ഓണസദ്യ ആസ്വദിക്കാനുമായെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.