ദുബൈ വിമാനത്താവളത്തിലിറങ്ങാൻ െഎ.സി.എ അനുമതി വേണം
text_fieldsദുബൈ: മറ്റ് രാജ്യങ്ങളിൽനിന്ന് ദുബെ വിമാനത്താവളത്തിലെത്തുന്ന എല്ലാവരും ഐ.സി.എ അനുമതി തേടിയിരിക്കണമെന്ന് ദുബൈ വിമാനത്താവളം അധികൃതർ വ്യക്തമാക്കി.മറ്റ് എമിറേറ്റുകളിലുള്ളവർ ദുബൈ വിമാനത്താവളം വഴിയാണ് എത്തുന്നതെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റിയുടെ (ഐ.സി.എ) അനുമതിയാണ് തേടേണ്ടത്. ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി നേടണമെന്നും അധികൃതർ വ്യക്തമാക്കി.
അനുമതിയില്ലാതെ യാത്രക്കാർ എത്തുന്നത് വിമാനത്താവളത്തിലെ നടപടിക്രമങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് നിർദേശം. റെസിഡൻറ് വിസക്കാരുടെ മടങ്ങിവരവ് ആരംഭിച്ചപ്പോൾ തന്നെ ഈ നിബന്ധനയുണ്ടായിരുന്നു. എന്നാൽ, ദുബൈ വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്ക് ചില ഇളവുകൾ ലഭിച്ചിരുന്നു. ഐ.സി.എ അനുമതിയില്ലാതെ ദുബൈ എമിറേറ്റിന് പുറത്തുള്ള റെസിഡൻറ് വിസക്കാർ എത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കി.
ഇവർക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച് പുറത്തിറങ്ങാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യം കർശനമാക്കാൻ തീരുമാനിച്ചത്. ഐ.സി.എയുടെയും ജി.ഡി.ആർ.എഫ്.എയുടെയും വെബ്സൈറ്റുകൾ വഴി അനുമതി തേടാം. ദുബൈയിൽനിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് ഉടൻ തിരിച്ചെത്താൻ ഉദ്ദേശ്യമുണ്ടെങ്കിൽ ഇവിടെ നിന്ന് ജി.ഡി.ആർ.എഫ്.എ അനുമതിക്കായി അപേക്ഷിക്കാൻ അവസരമുണ്ട്. അടുത്ത ദിവസം തന്നെ തിരിച്ചെത്താനുള്ളവർ ഇവിടെ നിന്ന് അപേക്ഷിച്ചിട്ട് നാട്ടിലേക്ക് പോകുന്നതാണ് നല്ലത്. എന്നാൽ, 30 ദിവസത്തിന് ശേഷമാണ് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നതെങ്കിൽ നാട്ടിലെത്തിയ ശേഷം രജിസ്റ്റർ ചെയ്താൽ മതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.