അന്ന് വെട്ടൂർജി പറഞ്ഞു.....'ഞാൻ മരിച്ചാൽ ഈ മണ്ണിൽ സംസ്കരിക്കണം'
text_fields'ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ വെട്ടൂർജി പറഞ്ഞു: 'ഞാൻ ഈ പ്രവാസലോകത്തുവെച്ചാണ് മരിക്കുന്നതെങ്കിൽ എന്‍റെ മൃതശരീരം ഈ രാജ്യത്തുതന്നെ സംസ്കരിക്കണം'. എനിക്ക് അതിനുള്ള അവകാശം ഇല്ല എന്ന് പറഞ്ഞപ്പോൾ തൊട്ടടുത്ത ദിവസം എന്‍റെ പേരിൽ എഴുതിയ അധികാരപത്രവുമായാണ് അദ്ദേഹം വന്നത്. അതിൽ മൃതദേഹം ഇവിടെ അടക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അത്രയധികം ഈ യു.എ.ഇയെ മനസ്സിൽ സൂക്ഷിച്ച വ്യക്തിയാണ് വെട്ടൂർജി'.......
കഴിഞ്ഞ ദിവസം നിര്യാതനായ വെട്ടൂർ ശ്രീധരന്‍റെ സന്തത സഹചാരിയും 'സേവനം യു.എ.ഇ' വൈസ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ശ്രീധരൻ പ്രസാദ് വെട്ടൂർജിയെ ഓർക്കുന്നു...
സഹൃദയൻ, സഹായമനസ്കൻ...
ജൂൺ 30ന് രാവിലെ ഉറക്കമുണർന്ന് വാട്സ്ആപ്പിലേക്ക് നോക്കിയപ്പോൾ റേഡിയോ ഏഷ്യയിലെ സൗണ്ട് എൻജിനീയറായിരുന്ന എഡിസന്‍റെ സന്ദേശം. ''വെട്ടൂർജി വിടപറഞ്ഞു'' വിശ്വസിക്കാൻ കഴിയാത്ത സന്ദേശം. പിന്നാലെ ശശികുമാർ രത്തഗിരിയുടെയും ഹിഷാം അബ്ദുൽ സലാമിന്‍റെയുമെല്ലാം സന്ദേശവും ഫോൺ വിളികളുമെല്ലാം വന്നുകൊണ്ടേയിരുന്നു. വാർത്ത സത്യമാകരുതേ എന്ന് മനസ്സിൽ പ്രാർഥിച്ച് വെട്ടൂർജിയുടെ നാട്ടിലെ ഫോണിൽ ഞാൻ വിളിച്ചു. പതിവിന് വിപരീതമായി മറുതലക്കൽ സ്ത്രീശബ്ദം. ഞാൻ ചോദിച്ചു, വെട്ടൂർജി ?. മറുപടി ഒരുകരച്ചിലായി മാറി. ദൈവമേ, പേടിച്ചത് തന്നെ സംഭവിച്ചോ. പതുക്കെ അവർ മറുപടി പറഞ്ഞു: 'ഹീ ഇസ് ഗോൺ... വെട്ടൂർജി പോയി എന്ന്. കണ്ണിൽ ഇരുട്ട് കയറിയതുപോലെ...
വെട്ടൂർജിയുമായി വർഷങ്ങളുടെ പരിചയമുണ്ട്. റാസൽഖൈമയിൽ റേഡിയോ ഏഷ്യയുടെ ഓഫിസ് തുടങ്ങിയ സമയത്താണ് അദ്ദേഹവുമായി ബന്ധം തുടങ്ങിയത്. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ച. ജീവിതരഹസ്യങ്ങളും കുടുംബ ബന്ധങ്ങളും എന്നോട് പങ്കുവെച്ചിരുന്നു. റേഡിയോ ഏഷ്യയെക്കുറിച്ചുള്ള വിമർശനങ്ങൾ അദ്ദേഹത്തോട് നേരിൽ പറഞ്ഞിരുന്നു.
ഞാൻ റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതുമുതൽ അദ്ദേഹത്തിന്‍റെ സേവനവും സഹായവും നിരന്തരം ലഭ്യമായിത്തുടങ്ങി. പ്രവാസലോകത്ത് ദുരിതം അനുഭവിക്കുന്ന, വിദഗ്ധ ചികിത്സക്ക് പണം ഇല്ലാതെ ഉഴലുന്ന നിരവധി മലയാളികൾക്ക് സഹായഹസ്തം നൽകാനുള്ള പരിപാടി സ്ഥിരമായി റേഡിയോയിലൂടെ അവതരിപ്പിച്ചിരുന്നു. ഇതുവഴി നാടണഞ്ഞവർ നിരവധിയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ അദ്ദേഹംവഴി പാവങ്ങളിലേക്ക് എത്തിയത്. ജനഹൃദയങ്ങളിൽ ഇറങ്ങിച്ചെല്ലുന്ന പ്രത്യേക പരിപാടികൾ ആവിഷ്കരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധപുലർത്തി. 'കുട്ടേട്ടനും കുഞ്ഞിപ്പെണ്ണും' പരിപാടിയിലെ ദിനംപ്രതിയുള്ള ഇതിവൃത്തങ്ങൾ ഞങ്ങൾ ഒത്തുചേരുന്ന വൈകുന്നേരങ്ങളിൽ രൂപംകൊള്ളുന്നവയായിരുന്നു.
റാസൽഖൈമ റേഡിയോ എന്ന പേരിൽ ഒരുമണിക്കൂർ മലയാളം സംപ്രേഷണ പരിപാടിയുമായി തുടക്കമിട്ട മലയാളം റേഡിയോ ചാനലിനെ 'റേഡിയോ ഏഷ്യ' എന്ന വലിയ റേഡിയോ ആക്കി മാറ്റിയതിൽ അദ്ദേഹത്തിന്‍റെ പങ്ക് നിസ്തുലമാണ്. ടെലിവിഷന്‍റെ അതിപ്രസരത്തിൽ പുറംതള്ളപ്പെടാമായിരുന്ന റേഡിയോയെ വീണ്ടും ജനഹൃദയങ്ങളിലെത്തിച്ചതിൽ വെട്ടൂർജിക്കും വലിയ പങ്കുണ്ട്. അദ്ദേഹത്തിന്‍റ ദേഹി മാത്രമേ നഷ്ടമായിട്ടുള്ളൂ. ഈ അനശ്വര കലാകാരൻ ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കും. അദ്ദേഹത്തിന്‍റെ മറക്കാനാവാത്ത ഓർമകൾക്ക് മുന്നിൽ നമ്രശിരസ്സുമായി, കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിൽ അഗാധദുഃഖം രേഖപ്പെടുത്തുന്നു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ അനുശോചിച്ചു
ഷാർജ: വെട്ടൂർ ജി. ശ്രീധരന്‍റെ നിര്യാണത്തിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം അനുശോചിച്ചു. യു.എ.ഇയിലെ സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, 90കളിൽ യു.എ.ഇയിൽ ആദ്യത്തെ മലയാളം റേഡിയോ റാസൽഖൈമയിൽ ആരംഭിച്ചപ്പോൾ പ്രക്ഷേപണം നയിച്ചു. ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ച ശ്രീധരന് കലാ, സാംസ്കാരിക രംഗത്തെ സുഹൃദ് വലയം വളരെ വലുതായിരുന്നുവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.