കേസ് അവസാനിച്ചാൽ താനെ യാത്രവിലക്ക് നീങ്ങും
text_fieldsദുബൈ: കേസ് അവസാനിച്ചാൽ യാത്രവിലക്ക് ഓട്ടോമാറ്റിക്കായി നീങ്ങുന്ന സംവിധാനം ഏർപ്പെടുത്തിയതായി നീതിന്യായ മന്ത്രാലയം വെളിപ്പെടുത്തി.
ഇതോടെ യാത്രവിലക്ക് നീങ്ങാൻ ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകം അപേക്ഷിക്കേണ്ടിവരില്ല. നേരത്തേ യാത്രവിലക്ക് നീങ്ങാൻ ആവശ്യമായിരുന്ന ഒമ്പത് നടപടിക്രമങ്ങൾ പൂർണമായും ഇല്ലാതായതിനൊപ്പം, ഇതിനാവശ്യമായ സമയം ഒരു ദിവസത്തിൽനിന്ന് മിനിറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു.
നേരത്തേ അപേക്ഷക്കൊപ്പം കേസ് അവസാനിച്ചതായ രേഖയും മറ്റു അനുബന്ധ രേഖകളും സമർപ്പിക്കേണ്ടതുണ്ടായിരുന്നു. ഇനിമുതൽ ഇതൊന്നും ആവശ്യമുണ്ടാകില്ലെന്നാണ് പുതിയ അറിയിപ്പോടെ വ്യക്തമായിരിക്കുന്നത്.യു.എ.ഇ നടപ്പാക്കുന്ന സീറോ ഗവൺമെന്റ് ബ്യൂറോക്രസി പദ്ധതിയുടെ ഭാഗമായാണ് സംവിധാനം ഏർപ്പെടുത്തിയത്.
ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ നീക്കി ഫെഡറൽ സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിനാണ് സീറോ ഗവൺമെന്റ് ബ്യൂറോക്രസി പദ്ധതി ആരംഭിച്ചത്. ദുബൈയിലെയും അബൂദബിയിലെയും ജുഡീഷ്യൽ വകുപ്പുകൾ പിഴ അടക്കുന്നതോടെ യാത്രവിലക്ക് റദ്ദാക്കുന്നതിന് ഓട്ടോമാറ്റിക് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
അനാവശ്യ നടപടികളും ആവശ്യകതകളും നീക്കം ചെയ്തുകൊണ്ട് സർക്കാർ നടപടിക്രമങ്ങൾ ലളിതമാക്കാനും കാര്യക്ഷമമാക്കാനുമാണ് സീറോ ബ്യൂറോക്രസി പദ്ധതി ലക്ഷ്യമിടുന്നത്.
കുറഞ്ഞത് 2,000 സർക്കാർ നടപടിക്രമങ്ങൾ ഒഴിവാക്കി, നടപടിക്രമങ്ങൾക്കാവശ്യമായ സമയം 50 ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരുന്ന പദ്ധതി ഒരുവർഷത്തിനുള്ളിൽ നടപ്പാക്കാനാണ് മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.