സഹദേവന്റെ ഇഫ്താര്‍ മധുരത്തിന് പത്താം പിറന്നാള്‍
text_fieldsറാസല്‍ഖൈമ: ആത്മീയതലങ്ങള്‍ക്കൊപ്പം സാമൂഹിക പാരസ്പര്യങ്ങള്‍ക്ക് ചാരുതയേകിയാണ് യു.എ.ഇയിലെ റമദാന് സംഗമങ്ങളും ഇഫ്താര്‍ വിരുന്നുകളും പുരോഗമിക്കുന്നത്. രാഷ്ട്രീയ-സാംസ്കാരിക-കുടുംബ കൂട്ടായ്മകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമങ്ങള്‍ ഊഷ്മള സൗഹൃദത്തിന്റെയും പരിചയം പുതുക്കലിന്റെയും വേദിയാകുമ്പോള്‍ മന്ത്രാലയ-ചാരിറ്റി അസോസിയേഷനുകള്‍ക്ക് കീഴിലും തദ്ദേശീയരില്‍ ചിലര്‍ ദിവസവും നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ സാധാരണക്കാര്‍ക്ക് സാന്ത്വനമേകുന്നതുമാണ്.
കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി സ്വദേശി സഹദേവന് റാസല്‍ഖൈമ അല്ജീറിലെ താമസസ്ഥലത്ത് സുഹൃത്തുക്കള്‍ക്കും തൊഴിലാളികള്‍ക്കുമായി പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യമായി ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. അടുത്ത വര്‍ഷവും നോമ്പു തുറപ്പിക്കല്‍ തുടരണമെന്ന ആവശ്യം ഭാര്യ പ്രസന്നയോട് പങ്കുവെച്ചപ്പോള്‍ അവര്‍ പിന്തുണച്ചതാണ് മരുഭൂമിയിലെ തന്റെ ചെറിയ ഇഫ്താര്‍ വിരുന്ന് പതിറ്റാണ്ട് നിറവിലെത്തിയതെന്ന് സഹദേവന് പറയുന്നു. മലയാളികള്‍ക്കൊപ്പം ഇന്ത്യയില്‍നിന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്താന്, ബംഗ്ലാദേശ്, ഈജിപ്ത് സ്വദേശികളും സഹദേവന്റെ റമദാന് സുപ്രയിലെ അതിഥികളാണ്. 28 വര്‍ഷമായി യു.എ.ഇയില്‍ പ്രവാസജീവിതം നയിക്കുന്ന സഹദേവന് റാക് സേവന സെന്ററുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. മീനാക്ഷി ഏക മകളാണ്. നിസാം, അമ്പാടി, മുരളി, മജേഷ്, സാജു, സറഫു, റാഫി, സജുമോന്, ഷറഫുദ്ദീന്, ഇഖ്ബാല്‍, ജാഫര്‍ തുടങ്ങിയവരാണ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിലും അതിഥികളെ സൽക്കരിക്കുന്നതിനും സഹദേവന് കൂട്ടായി നില്ക്കുന്നവര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.