കൗതുകം നിറച്ച് വിമാനത്താവള റൺവേയിലെ ഇഫ്താർ
text_fieldsദുബൈ വിമാനത്താവള റൺവേയിലെ ഇഫ്താർ
ദുബൈ: റമദാൻ മാസമായതോടെ ദുബൈ നഗരത്തിലെങ്ങും ഇഫ്താറാണ്. മാളുകളിലും ഹോട്ടലുകളിലും പള്ളികളിലും മരുഭൂമിയിലെ ടെന്റുകളിലുമെല്ലാം ഇഫ്താർ കൂട്ടങ്ങളെ കാണാം. എന്നാൽ, ഇത്തവണ ഞെട്ടിച്ച ഇഫ്താർ ദുബൈ വിമാനത്താവളത്തിന്റേതാണ്. കാരണം വിമാനത്താവള റൺവേയിലാണ് നോമ്പുതുറക്ക് വേദിയൊരുങ്ങിയത്. വിമാനങ്ങൾ പറന്നിറങ്ങുകയും ഉയരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ നടന്ന ഇഫ്താർ ദൃശ്യങ്ങൾ അധികൃതർ സമൂഹ മാധ്യമങ്ങളിലാണ് പങ്കുവെച്ചത്. ആദ്യമായാണ് ഒരു വിമാനത്താവള റൺവേയിൽ ഇത്തരമൊരു ഇഫ്താർ ഒരുക്കുന്നത്. വ്യത്യസ്ത സാംസ്കാരിക പരിസരത്തുനിന്നുള്ള വിമാനത്താവളത്തിലെ ജീവനക്കാരാണ് നോമ്പുതുറയിൽ പങ്കെടുത്തത്.
സാമൂഹിക ഐക്യത്തെയും സംസ്കാരങ്ങളുടെ ഒത്തുചേരലിനെയും പ്രതീകവത്കരിച്ചാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. സാധാരണ ഇഫ്താറിൽ സജ്ജീകരിക്കാറുള്ള വിഭവങ്ങളെല്ലാം ഒരുക്കിയിരുന്നു. ഈത്തപ്പഴം, പഴങ്ങൾ, മധുരപലഹാരങ്ങൾ, പാനീയങ്ങൾ, പരമ്പരാഗത അറബ് വിഭവങ്ങൾ എന്നിവ പരസ്പരം പങ്കുവെക്കുന്നതും വിഡിയോയിൽ കാണാം. സഹാനുഭൂതി, അനുകമ്പ, ഐക്യം എന്നീ മൂല്യങ്ങൾ ആഘോഷിക്കുകയും ടീം അംഗങ്ങൾക്കിടയിൽ ശക്തമായ സൗഹൃദവും പരസ്പര ബഹുമാനവും വളർത്തുകയുമാണ് ചടങ്ങിലൂടെ ലക്ഷ്യമിട്ടതെന്ന് ദുബൈ എയർപോർട്ട് ചീഫ് ഓപറേറ്റിങ് ഓഫിസർ മജീദ് അൽ ജോകർ പറഞ്ഞു.
കഴിഞ്ഞ വർഷം 8.69 കോടി യാത്രക്കാരെ സ്വീകരിച്ച ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര എയർപോർട്ടാണ്. 104 രാജ്യങ്ങളിലെ 262 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് 102 അന്താരാഷ്ട്ര വിമാനക്കമ്പനികൾ വിമാനത്താവളത്തിൽനിന്ന് സർവിസ് നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.