ഇഫ്താർ വിരുന്നൊരുക്കി മെലീഹയും അൽ നൂർ ദ്വീപും
text_fieldsവിശുദ്ധ റമദാനെത്തിയതോടെ വൈകുന്നേരങ്ങൾക്കിപ്പോൾ നോമ്പുതുറ വിരുന്നുകളുടെ നിറവും മണവുമാണ്. കോവിഡ് പശ്ചാത്തലത്തിൽ കൂട്ടം ചേർന്നുള്ള വിരുന്നുകൾക്കും മറ്റും നിയന്ത്രണങ്ങളുള്ളപ്പോൾ, കുടുംബത്തോടൊപ്പം സുരക്ഷിതവും മനോഹരവുമായ ഇഫ്താർ ആസ്വദിക്കാൻ നിരവധി അവസരങ്ങളാണ് യുഎഇയിലെ റസ്റ്ററന്റുകളും വിനോദകേന്ദ്രങ്ങളും ഒരുക്കുന്നത്. അക്കൂട്ടത്തിൽ വേറിട്ടതാണ് ഷാർജ മെലീഹയിലെ 'റമദാൻ സ്റ്റാർ ലോഞ്ചും' അൽ നൂർ ദ്വീപിലെ 'ബൈ ദി ബേ ഇഫ്താറും'.
മരുഭൂ കാഴ്ചകൾ ആസ്വദിച്ച് പരമ്പരാഗത മജ്ലിസിൽ നോമ്പുതുറക്കാൻ പാകത്തിലാണ് മെലീഹ ആർക്കിയോളജി സെൻററിലെ റമദാൻ സ്റ്റാർ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയാറാക്കിയ ആഡംബര ടെൻറിൽ ഓരോ കുടുംബങ്ങൾക്കും പ്രത്യേകം മജ്ലിസ് ഇരിപ്പിടങ്ങളുണ്ടാവും. നോമ്പുതുറ നേരത്ത് തുടങ്ങി രാത്രി പന്ത്രണ്ടു വരെ നീണ്ടു നിൽക്കുന്ന ഇഫ്താർ അനുഭവത്തിൽ പ്രത്യേകം തയാറാക്കിയ വിഭവങ്ങൾ മൂന്ന് ഘട്ടങ്ങളിലായാണ് (ത്രീ കോഴ്സ് മീൽ) അതിഥികൾക്ക് വിളമ്പുക. ക്യാംപ് ഫയറും പരമ്പരാഗത പാനീയങ്ങളുമെല്ലാമാസ്വദിച്ച് രാവേറുവോളം കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കഥ പറഞ്ഞിരിക്കാം. നോമ്പുതുറക്കെത്തുന്ന അതിഥികൾക്ക് മെലീഹ മ്യൂസിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 175 ദിർഹവും കുട്ടികൾക്ക് 140 ദിർഹവുമാണ് നിരക്ക്. 0502103780-068021111 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.
ഷാർജ നഗരക്കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് ദ്വീപിന്റെ തീരത്തൊരു ഇഫ്താർ വിരുന്നാണ് അൽ നൂർ ദ്വീപ് അതിഥികൾക്കായി ഒരുക്കിയിട്ടുള്ളത്. പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളും വെളിച്ച സംവിധാനവുമെല്ലാം ഒരു റൊമാന്റിക് ഡിന്നറിന്റെ അനുഭൂതി പകരുംവിധത്തിലാണ്. നോമ്പുതുറക്കായെത്തുന്നവർക്ക് അൽ നൂർ ദ്വീപിന്റെ കാഴ്ചകളെല്ലാം ചുറ്റിയടിക്കാനുള്ള അവസരമുണ്ടാവും. അതോടൊപ്പം, കാലാവസ്ഥ അനുകൂലമാണെങ്കിൽ സൗജന്യമായി ടെലസ്കോപിലൂടെ വാനനിരീക്ഷണവും നടത്താം. പ്രത്യേകം തയാറാക്കിയ പരമ്പരാഗത വിഭവങ്ങളാണ് അൽ നൂർ ദ്വീപിലെ ഇഫ്താറിൽ ഒരുക്കുന്നത്. മുതിർന്നവർക്ക് 125 ദിർഹവും കുട്ടികൾക്ക് 65 ദിർഹവുമാണ് നിരക്ക്. 065067000 എന്ന നമ്പറിൽ വിളിച്ച് ഇഫ്താർ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.