കാച്ചില് പുഴുക്കിെൻറ അത്താഴ രുചി; കാന്താരി മുളക് രുചിയിൽ നോമ്പുതുറ
text_fieldsഎട്ടുപതിറ്റാണ്ട് പിന്നിട്ട ജീവിതവഴികളിലൂടെ റാസല്‍ഖൈമയിലെ ‘ചെറിയ വീട്ടില്‍’ മക്കളോടൊപ്പം പുണ്യമാസം ചെലവഴിക്കുന്ന ഖാസിം ബാവയുടെയും പ്രിയതമ ലത്തീഫ ബീവിയുടെയും പിന്നിട്ട നോമ്പോര്‍മകള്‍ നല്‍കുന്നത് ആരോഗ്യകരമായ ജീവിതപാഠങ്ങള്‍. പ്രസന്നതയും ചുറുചുറുക്കും കൈവിടാതെ പേരമക്കളുടെ കളിചിരികളോടൊപ്പം കൂട്ടുചേരുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കുന്നതിനൊപ്പം ചെറുപ്പകാലത്തെ ഭക്ഷണ - ജീവിതരീതികളെയും നന്ദിപൂര്‍വം സ്മരിക്കുകയാണ് തിരുവനന്തപുരം നെടുമങ്ങാട് കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്തിൽ നാരകത്തിന്മൂട് ഫറൂഖ് മന്‍സിലിലെ ഈ വന്ദ്യ വയോധികര്‍.ഓര്മവെച്ച നാള്‍മുതല്‍ നോമ്പ് നോറ്റിരുന്നു. റമദാന് മാസത്തെ വരവേല്‍ക്കാന്‍ രണ്ടുമാസം മുമ്പേയുള്ള ഒരുക്കങ്ങള്‍. വീടും പരിസരവും വൃത്തിയാക്കല്‍. പ്രത്യേകം പ്രാര്‍ഥനകള്‍. അത്താഴ സമയം നിശ്ചയിച്ചിരുന്നത് രാത്രിയുടെ അന്ത്യയാമങ്ങളിലെ പൂവന് കോഴിയുടെ കൂവല്‍. ആദ്യ കൂവലില്‍ തന്നെ മുതിര്‍ന്നവരെല്ലാം അത്താഴം കഴിക്കലില്നിന്ന് വിരമിക്കും. ചെറിയവര്‍ രണ്ടാമത്തെ കൂവല്‍ വരെ തുടരും. മൂന്നാമത് കോഴി കൂവിക്കഴിഞ്ഞാല്‍ അന്നത്തെ നോമ്പിന് തുടക്കമായി. ചോറിനൊപ്പം കാച്ചില് പുഴുക്കിെൻറ ഗന്ധവും അത്താഴ ഓര്മ. നമസ്കാര സമയമായാല്‍ പുരയിടത്തില്‍ നിന്ന് മീറ്ററുകള്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് അംഗശുദ്ധി വരുത്തുക. ചെരിപ്പുകളുടെ സ്ഥാനത്ത് അന്ന് മെതിയടികളായിരുന്നു. അതും മുതിര്‍ന്നവര്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അംഗശുദ്ധി വരുത്തിയ കാലില്‍ മണ്ണ് പുരളാതിരിക്കാന്‍ വാഴയുടെ ഇലയും കവുങ്ങിന്‍െറ പാളയും കെട്ടിയിരുന്നതും കൗതുകപ്പെടുത്തുന്ന ഓര്മ. വീടുകളില്‍ സംഘടിത നമസ്കാരം നടന്നിരുന്നു. പല വീടുകളിലും സ്ത്രീകളുടെ എണ്ണത്തിന് അനുസരിച്ചുള്ള നമസ്കാര കുപ്പായമൊന്നും അക്കാലത്തുണ്ടായിരുന്നില്ല. അംഗങ്ങള്‍ കൂടുതലുള്ള വീടുകളില്‍ ഇത് സംഘടിത നമസ്കാരത്തിെൻറ എണ്ണം വര്‍ധിപ്പിച്ചിരുന്നു.
കാരക്കചീളുകൊണ്ട് നോമ്പ് തുറക്കണമെന്ന മോഹം സഫലമാകാന്‍ 35 വയസ്സുവരെ കാത്തിരിപ്പ്. പച്ചവെള്ളവും ചൂടൂവെള്ളവുമായിരുന്നു നോമ്പ് തുറക്കാന്‍ ഉണ്ടാവുക. ചക്ക, ചേന, മരച്ചീനി തുടങ്ങിയവയാകും വിഭവങ്ങള്‍. കാന്താരി മുളക് ചാലിച്ചതും കുരുമുളക് ഉപ്പുചേര്‍ത്ത രുചിയും കൂട്ട്. പഴവര്‍ഗങ്ങള്‍ വീട്ടുവളപ്പില്‍ നിന്നോ അയല്പക്കങ്ങളില് നിന്നോ ലഭിക്കുന്ന പേരക്ക, മാങ്ങ, കശുവണ്ടി എന്നിവ ശരണം. തേങ്ങയുടെ പൊങ്ങും നോമ്പ്തുറ സമയത്തെ തീന്മേശയില് പ്രധാന വിഭവം. കുറച്ചുദിവസം മക്കളോടൊപ്പം ചെലവഴിച്ച് നാട്ടിലേക്ക് മടങ്ങണമെന്ന ലക്ഷ്യത്തോടെ ലോക്ഡൗണിന് തൊട്ടു മുമ്പാണ് റാസല്‍ഖൈമയിലെത്തിയത്. പേരമക്കളുടെ ഓണ്‍ലൈന്‍ പഠനങ്ങള്ക്കൊപ്പമിരുന്നും കാര്‍ട്ടൂണ്‍ വിഡിയോകള്‍ക്കൊപ്പം ചേരുമ്പോഴും മഹാമാരിയുടെ ദുരിതനാളുകളില്നിന്ന് ലോകത്തെ വേഗത്തില്‍ മോചിപ്പിക്കണമെന്ന മനമുരുകും പ്രാര്‍ഥന.
ഓർത്തെടുത്തത്: ഖാസിം ബാവ
കേട്ടെഴുതിയത്: അർഷദ് ഖാസിം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.