5000 പേരെ നിത്യവും ഇഫ്താർ വിരുന്നൂട്ടി ഇമാറാത്തി ഭവനം
text_fieldsഅബൂദബി: അയ്യായിരത്തോളം പേർക്ക് നിത്യവും ഇഫ്താർ വിരുന്നൊരുക്കി യു.എ.ഇ കുടുംബം. അബൂദബി കോർണിഷിന് സമീപത്തെ വില്ലയിൽനിന്നാണ് ഇഫ്താറിനായി ബിരിയാണി വിതരണം ചെയ്യുന്നത്. വൈകുന്നരം നാല് മുതൽ തന്നെ ഇൗ വില്ലയുടെ മുന്നിലേക്ക് ആളുകൾ എത്തിത്തുടങ്ങും.
പേര് വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത ഇൗ മനുഷ്യ സ്നേഹി 11 വർഷമായി റമദാൻ മാസം മുഴുവൻ ദിനങ്ങളിലും തെൻറ കാരുണ്യം പകർന്ന് നൽകുന്നു.
ഇൗ വില്ലയിൽ 40 വർഷമായി ജോലി ചെയ്യുന്ന കാസർകോട് ശംനാട് സ്വദേശിയായ അബ്ദുൽ ഖാദറും ഭാര്യയുമാണ് ഇഫ്താർ ഒരുക്കി നൽകുന്നതിന് മേൽനോട്ടം വഹിക്കുന്നത്. ഇഫ്താറിനായി ഒാരോ വർഷവും വില്ലയിലെത്തുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായി അബ്ദുൽ ഖാദർ പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം വില്ലയിൽ പ്രത്യേക അടുക്കള ഒരുക്കി ബിരിയാണി പാകം ചെയ്യാറായിരുന്നു. എന്നാൽ, ഇൗ വർഷം വില്ല ഉടമയുടെ മുസഫയിലുള്ള കാറ്ററിങ് കമ്പനിയിൽനിന്ന് ബിരിയാണി പാക്ക് ചെയ്ത് കൊണ്ടുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചിക്കൻ ബിരിയാണി, വെള്ളം, ഇൗത്തപ്പഴം എന്നിവയാണ് ഒാരോ പാക്കിലുമുള്ളത്. ഒാരോ ദിവസവും 450 കിലോ അരി, 500 കിലോ മാംസം, 100 കിലോ പച്ചക്കറി എന്നിവയാണ് 5000 പേർക്ക് ഇഫ്താർ നൽകുന്നതിനായി ഉപയോഗിക്കുന്നത്.
എല്ലാ രാജ്യക്കാർക്കും ഇഷ്ടപ്പെടുന്ന വിധത്തിലാണ് പാചകം. അതിനാൽ വിവിധ രാജ്യങ്ങളിലുള്ളവർ ഇവിടെ ഇഫ്റാറിനെത്തുന്നു.
കുറഞ്ഞ ശമ്പളക്കാർക്കും ഭക്ഷണം പാകം ചെയ്യാൻ സമയമില്ലാത്തവർക്കും ഏറെ അനുഗ്രഹമാണ് ഇൗ വില്ലയിലെ ബിരിയാണി.
പലരും കൂട്ടുകാരോടൊന്നിച്ചാണ് ഇവിടെയെത്തുന്നത്. അതിനാൽ എല്ലാ ദിവസവും ഇവർക്ക് ആഹ്ലാദകരമായ നോമ്പുതുറയാണ് ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.