കസ്റ്റംസ് നിയമങ്ങളിലെ അജ്ഞത പ്രവാസികൾക്ക് വിനയാകുന്നു
text_fieldsദുബൈ: നിരോധിത വസ്തുക്കളുമായി മലയാളികൾ അടക്കമുള്ള പ്രവാസികൾ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങുന്നതിന് കാരണം കസ്റ്റംസ് നിയമങ്ങളിലെ അജ്ഞതയെന്ന് വിലയിരുത്തൽ. ഇതു മൂലം പലപ്പോഴും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടുന്നതിനും ജയില്‍ ശിക്ഷ പോലുള്ള നടപടികള്‍ക്ക് വിധേയരാകേണ്ടി വരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം നൂലാമാലകളില്പെടുന്നത് കൂടുതലും മലയാളി പ്രവാസികളാണ്. കഴിഞ്ഞ ദിവസം ബന്ധുവിനായി നാട്ടിൽനിന്ന് മരുന്നുകൾ കൊണ്ട് വന്ന മലപ്പുറം സ്വദേശി വിമാനത്താവളത്തിൽ പിടിക്കപ്പെട്ടതാണ് അവസാനത്തെ സംഭവം. നിരോധിത വസ്തുക്കള്‍ കൊണ്ട് വരുന്നത് തടയാന്‍ ശക്തമായ നടപടികളാണ് യു.എ.ഇ സ്വീകരിച്ചു വരുന്നത്. എന്നാല്‍ ഇതറിയാതെ നാട്ടില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് കുടുങ്ങുന്നവരുടെ എണ്ണത്തിന് കാര്യമായ കുറവില്ലെന്നാണ് സൂചന. കള്ളക്കടത്ത് കേസിലാണ് ഇത്തരക്കാര്‍ അകപ്പെടുന്നത്. ബന്ധുക്കളോ സുഹൃത്തുക്കളോ ഗൾഫിലുള്ളവർക്കായി ഏൽപ്പിച്ച സാധനങ്ങൾക്കുള്ളിൽ നിരോധിത സാധനങ്ങൾ ഉൾപ്പെടുന്നതുമൂലം ചതിക്കുഴിയിലായവരാണ് ഏറെയും. നാട്ടിൽ നിന്ന് കൊണ്ടു വരാന്‍ പാടില്ലാത്ത വസ്തുക്കളുടെയും പരിഷ്കരിച്ച ലിസ്റ്റ് ദുബൈ കസ്റ്റംസ് അധികൃതര്‍ അടുത്തിടെ പുറത്തു വിട്ടിരുന്നു. പട്ടിക ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. പാചകം ചെയ്തതും വീട്ടില്‍ ഉണ്ടാക്കിയതുമായ ഭക്ഷണങ്ങളും കൊണ്ടുവരരുതെന്നാണ് കസ്റ്റംസ് നിയമം നിഷ്കര്‍ഷിക്കുന്നതെങ്കിലും ഭക്ഷണ പൊതികള്‍ പലപ്പോഴും അധികൃതര്‍ പിടിച്ചു വെക്കാതെ ഒഴിവാക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരത്തില്‍ മറ്റു വസ്തുക്കളും പിടിക്കപ്പെടില്ലെന്ന തെറ്റായ ധാരണയാണ് ആളുകളെ വെട്ടിലാക്കുന്നത്.
നിലവില്‍ 370ൽ പരം മരുന്നുകളാണ് ഭാഗികമായോ പൂര്‍ണമായോ നിരോധിക്കപ്പെട്ടവയിലുള്ളത്. ഇന്ത്യയില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ചില മരുന്നുകളാണ് ഇവയില്‍ പലതും. . മെഡിക്കല്‍ അല്ലെങ്കില്‍ അടിയന്തരമായി ചികിത്സക്ക് കൊണ്ടുവരേണ്ടതുമായ മരുന്നുകളാണെങ്കില്‍ യു.എ.ഇ ലൈസന്‍സുള്ള ഡോക്ടറുടെ കുറിപ്പടി വേണം. ചികിത്സ ഇന്ത്യയിലാണെങ്കില്‍ ഡോക്ടറുടെ കുറിപ്പടിക്ക് പുറമേ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും വേണം. മൂന്ന് മാസത്തേക്കുള്ള മരുന്ന് വ്യക്തിപരമായ ഉപയോഗത്തിന് താമസക്കാര്‍ക്കും വിസിറ്റിങ് വിസക്കാര്‍ക്കും കൊണ്ടുവരാം. മാത്രമല്ല വിസിറ്റുകാര്ക്ക് സൈക്കോട്രോപിക് മരുന്നുകള്‍ പരമാവധി മൂന്ന് മാസത്തേക്കും താമസക്കാര്‍ക്ക് ഒരു മാസത്തേക്കും കൊണ്ടുവരാം. അതേസമയം ഈ മരുന്നുകള്‍ യു.എ.ഇയില്‍ ലഭ്യമല്ലെങ്കില്‍ ഡ്രഗ്സ് കണ്ട്രോള് ഡിപ്പാർട്മെന്റിന്റെ മുന്‍കൂര്‍ അനുമതിയോടെ മൂന്നു മാസത്തെ ഉപയോഗത്തിനുള്ളതും കയ്യില്‍ വെക്കാം. ആരോഗ്യ മന്ത്രാലത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ നാര്‍ക്കോട്ടിക് മരുന്നുകള്‍ താമസക്കാര്‍ക്കും അല്ലാത്തവര്‍ക്കും കൊണ്ടുവരാമെങ്കിലും ഓരോ കേസും വിശദമായി പഠിച്ച ശേഷമായിരിക്കും അനുമതി നല്‍കുക. ബന്ധപ്പെട്ട ആശുപത്രിയില്‍ നിന്ന് സാധുതയുള്ള കുറിപ്പടിയും മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതിനാവശ്യമാണ്. യു.എ.ഇയില്‍ നിരോധിച്ച മരുന്നുകള്‍, മയക്കുമരുന്നുകള്‍, കെമിക്കലുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ദുബൈ കസ്റ്റംസിന്റെ വെബ്സൈറ്റിലും, www.dubai.ae എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റിലും നിര്‍ദേശങ്ങള്‍ ലഭ്യമാണ്.
നിരോധിച്ച വസ്തുക്കൾ
ഹാഷിഷ്
കൊക്കെയ്ൻ
ഹെറോയിൻ
പോപ്പി വിത്തുകൾ
ഹാലുസിനേഷൻ ഗുളികകൾ
നാര്‍ക്കോട്ടിക് മരുന്നുകൾ
ബഹിഷ്കരിച്ച രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധനങ്ങള്‍
സംസ്കരിക്കാത്ത ആനകൊമ്പ്
കണ്ടാമൃഗത്തിന്റെ കൊമ്പ്
ചൂതാട്ടത്തിനുള്ള ഉപകരണങ്ങളും യന്ത്രങ്ങളും
മൂന്ന് പാളികളുള്ള മീന്‍വല
യഥാർഥ കൊത്തുപണികള്‍
മുദ്രണങ്ങള്‍
ശിലാലേഖകള്‍
ശിൽപങ്ങള്
പ്രതിമകള്‍
റീ-കണ്ടീഷന്‍ ചെയ്ത ടയറുകൾ
റേഡിയേഷന് മലിനീകരണമുണ്ടാക്കുന്ന പദാർഥങ്ങൾ
ഇസ്ലാമിക് പഠനങ്ങള്‍ക്ക് എതിരെയുള്ളതോ അസാന്മാർഗികതയോ കുഴപ്പമോ ധ്വനിപ്പിക്കുന്ന പ്രിന്റ് ചെയ്ത പ്രസിദ്ധീകരണങ്ങള്‍
ഓയില്‍ പെയ്ന്റിങ്ങുകള്‍
ചിത്രങ്ങള്‍
കാര്‍ഡുകള്‍
മാഗസിന്‍സ്
ശിലാ ശില്പങ്ങള്
ബൊമ്മകള്‍
ജീവനുള്ള മൃഗങ്ങള്‍
മത്സ്യങ്ങള്‍
സസ്യങ്ങള്‍
രാസവളങ്ങള്‍
കീടനാശിനികള്‍
ആയുധങ്ങള്‍
വെടിമരുന്ന്
പടക്കങ്ങള്‍
മരുന്നുകള്‍
മറ്റ് സ്ഫോടകവസ്തുക്കള്‍
മെഡിക്കല്‍ ഉപകരണങ്ങള്‍
ആണവോര്‍ജ ഉൽപന്നങ്ങള്
ട്രാന്സ്മിഷന്
വയര്‍ലെസ് ഉപകരണങ്ങള്‍
വാഹനങ്ങളുടെ പുതിയ ടയറുകള്‍
ഇ സിഗരറ്റ്
കൂടോത്ര സാമഗ്രികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.