മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി; തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsഉമ്മുൽ ഖുവൈൻ: അസ്ഥിര കാലാവസ്ഥമൂലം ക്ഷുഭിതമായ കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് ഏഷ്യൻ വംശജർ അപകടത്തിൽപ്പെട്ടു. ശക്തമായ തിരയിൽ കുളിക്കാനിറങ്ങിയ ഇവർ തിരിച്ചുകയറാൻ പറ്റാതെ തിരകളിൽപെടുകയായിരുന്നു.
വാരാന്ത്യമായതിനാൽ സായാഹ്നം ചെലവിടാൻ നിരവധി ആളുകൾ ബീച്ചിൽ എത്തിയിരുന്നു. തിരമാലകൾ ശക്തമായതിനാൽ സുരക്ഷ ഗാർഡുകൾ കടലിലിറങ്ങുന്നതിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ടായിരുന്നു. ആറുമണിക്ക് ശേഷം ഗാർഡുകൾ ജോലി അവസാനിപ്പിച്ച് പോയതിനുശേഷമാണ് സ്ത്രീകളടങ്ങിയ ഏഷ്യൻ സംഘം കുളിക്കാനിറങ്ങിയത്.
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ സംഘത്തിൽപ്പെട്ട ഒരു യുവാവുതന്നെയാണ് സ്ത്രീയെ സാഹസികമായി കരക്കെത്തിച്ചത്. ഏതാനും യുവാക്കൾ കൈകൾകോർത്തുപിടിച്ച് അവരെ കരകയറാൻ സഹായിക്കുകയായിരുന്നു. കൂടെയുള്ള മറ്റൊരു യുവാവ് തിരമാലകളോട് മല്ലിട്ട് സ്വയം നീന്തിക്കയറി.
മുന്നറിയിപ്പായി ചുവപ്പ് കൊടി ഉയർത്തിയത് കണ്ടാൽ കടലിൽ ഇറങ്ങുന്നത് അത്യന്തം അപകടകരമാണെന്ന് പൊലീസ് അറിയിച്ചു. നീന്തൽ വശമുള്ളവരാണെങ്കിലും തിരയിൽപെട്ടാൽ ഇത്തരം സാഹചര്യങ്ങളിൽ തിരികെ കരയിലേക്ക് നീന്താൻ കഴിയില്ല. തീരത്തിന് സമാന്തരമായി നീന്തി ചുഴിയിൽ നിന്നും രക്ഷപ്പെടുകയാണ് ഏറ്റവും ഉചിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.