പുസ്തകമേളയിൽ ‘ലജന്‍ഡായി’ ഇഹാൻ യൂസഫ്
text_fieldsഷാർജ: വ്യാളിയുടെ കൗതുകമുണർത്തുന്ന കഥയുമായി ഷാർജ പുസ്തകമേളയിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കി നാലാം ക്ലാസുകാരൻ ഇഹാൻ യൂസഫ്. കൊടുങ്കാറ്റിനെ തുടർന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു ഡ്രാഗൻ കുഞ്ഞിന്റെ ജീവിതത്തിലുണ്ടാകുന്ന വിവിധ സംഭവങ്ങളെ കോർത്തിണക്കിയാണ് ഈ ഒമ്പത് വയസ്സുകാരൻ തന്റെ പുതിയ പുസ്തകം ‘ലജന്‍ഡ് ഓഫ് ദി ഡ്രാഗൺസ്’ എന്ന പേരിൽ ഇംഗ്ലീഷിൽ ഒരുക്കിയിരിക്കുന്നത്.
ഒരു വർഷത്തെ അധ്വാനമാണ് ഇതിനു പിന്നിലെന്ന് കണ്ണൂർ പഴയങ്ങാടി പ്രോഗ്രസിവ് ഇംഗ്ലീഷ് സ്കൂൾ വാദി ഹുദയിലെ നാലാം ക്ലാസുകാരൻ പറയുന്നു. ഈ പുസ്തകത്തിലെ ഇല്ലസ്ട്രേഷനും ഇഹാൻ യൂസഫ് സ്വന്തം കൈപ്പടയിൽ ചെയ്തതാണ്. പുസ്തകത്തിന്റെ കവർ ചെയ്തിരിക്കുന്നതും ഇഹാന്റെ ഭാവനകൾക്ക് അനുസൃതമായാണ്.
മുമ്പ് പ്രവാസിയായിരുന്ന ഇഹാൻ യുസഫ് ഷാർജ ഗൾഫ് ഏഷ്യൻ സ്കൂളിൽ മൂന്നാം തരത്തിൽ പഠിക്കുമ്പോഴാണ് ആദ്യ പുസ്തകമായ `അഡ്വഞ്ചേഴ്സ് ഓഫ് ഹാരി ആൻഡ് ജാക്ക്' എന്ന പുസ്തകം കഴിഞ്ഞ പുസ്തകമേളയിൽ പ്രകാശനം ചെയ്തത്.
ആദ്യ പുസ്തകത്തിന് മികച്ച പ്രതികരണവും ലഭിച്ചു. പുതിയ പുസ്തകവുമായി ഇഹാൻ യൂസഫ് ഇക്കുറി നാട്ടിൽ നിന്നും മാതാവ് ഫായിസയോടൊപ്പമാണ് പുസ്തകമേളക്ക് എത്തിയത്. പിതാവ് യഹ്യ ദുബൈയിൽ ജോലി ചെയ്യുന്നു.
പുസ്തകത്തിന്റെ പേരിലുള്ള ലജന്‍ഡ് എന്നതിന്റെ ഇംഗ്ലീഷിലെ ഓരോ അക്ഷരവും മുൻ നിർത്തി ആറ് അധ്യായങ്ങളായാണ് പുസ്തകം പൂർത്തീകരിച്ചിരിക്കുന്നത്. അൽറിവായ ബുക്സാണ് പ്രസാധകർ. സഹോദരൻ ഷഹദാനിൽ നിന്നാണ് ഇഹാൻ യൂസഫിന് വായനയുടെ പ്രചോദനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.