ഇളയരാജ ഇന്ന് പുസ്തക മേളയിൽ
text_fieldsഷാർജ: ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ വെള്ളിയാഴ്ച ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര -ഇളയരാജയുടെ സംഗീതസഞ്ചാരം’ എന്ന പരിപാടിയിൽ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീതസപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും.
ഈ വർഷത്തെ പുസ്തകമേളയിൽ ആസ്വാദകരുടെ പങ്കാളിത്തംകൊണ്ടും അതിഥിയുടെ വിസ്മയകരമായ പ്രതിഭകൊണ്ടും സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടി. സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങൾ, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളോട് മനസ്സ് തുറക്കും.
ശ്രോതാക്കൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ലഭിക്കും. പരിപാടിക്ക് ശേഷം ഇളയരാജ എഴുതിയ പുസ്തകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒമ്പത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോഡ് ഇളയരാജക്ക് സ്വന്തമാണ്. 8500 ഗാനങ്ങൾക്ക് ഈണം പകർന്ന ഇളയരാജ 20,000ലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്.
മികച്ച സംഗീത സംവിധായകനുള്ള നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഇളയരാജയെ 2018ൽ രാഷ്ട്രം പത്മവിഭൂഷൺ നൽകി ആദരിച്ചു.
ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് സംവാദത്തിന് നേതൃത്വം നൽകുന്നത്. 2015ൽ മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സംഗീത പ്രതിഭയാണ് സഞ്ജയ് സുബ്രഹ്മണ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.