ഷാർജ പുസ്തകമേള സംഗീതസാന്ദ്രമാക്കാൻ ഇളയരാജയെത്തും
text_fieldsഷാർജ: ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ നവംബർ എട്ടിന് ഷാർജ അന്തർദേശീയ പുസ്തകോത്സവ വേദിയിൽ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു സഞ്ചാരം’ എന്ന പരിപാടിയിൽ അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് ഇളയരാജ സംസാരിക്കും.
സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങൾ, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച മാസ്മരികത എന്നിവയെക്കുറിച്ച് അദ്ദേഹം ശ്രോതാക്കളോട് മനസ്സ് തുറക്കും. ഒമ്പത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോഡ് ഇളയരാജക്ക് സ്വന്തമാണ്.
8500 ഗാനങ്ങൾക്ക് ഈണം പകർന്ന ഇളയരാജ ഇരുപതിനായിരത്തിലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്. മികച്ച സംഗീത സംവിധായകനുള്ള നിരവധി കേന്ദ്ര-സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഇളയരാജയെ 2018ൽ രാഷ്ട്രം പത്മവിഭൂഷൺ നൽകി ആദരിച്ചു.
ശാസ്ത്രീയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് ഈ സംഗീത യാത്രയിൽ ഇളയരാജക്കൊപ്പം സഞ്ചരിക്കുന്നത്. 2015ൽ മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സഞ്ജയ് സുബ്രഹ്മണ്യം ഇളയരാജയുമായുള്ള സംവാദം നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.