അനധികൃത ഡീസൽ വ്യാപാരത്തിനെതിരെ കർശന നടപടി
text_fieldsദുബൈ: അനധികൃത ഡീസൽ വ്യാപാരം തടയുന്നതിനായി എമിറേറ്റിൽ ദുബൈ സുപ്രീം കൗൺസിൽ ഓഫ് എനർജി (ഡി.എസ്.സി.ഇ) പരിശോധനകൾ ശക്തമാക്കി. ദുബൈയിൽ പെട്രോളിയം ഉൽപന്നങ്ങൾ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുന്നതിന് ഉത്തരവാദിത്തമുള്ള വകുപ്പാണ് ഡി.എസ്.സി.ഇ.
വകുപ്പിന് കീഴിലെ സ്ഥിരം സംയുക്ത ഫീൽഡ് ഇൻസ്പെക്ഷൻ ടീമംഗങ്ങൾ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം, റോഡ് ഗതാഗത അതോറിറ്റി, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ സിവിൽ ഡിഫൻസ്, ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് നാഷനൽ ഓയിൽ കമ്പനി (ഇനോക്) എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഫീൽഡ് പരിശോധനകളും നിരീക്ഷണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുള്ളത്.
യു.എ.ഇ നിയമനിർദേശങ്ങൾക്കനുസരിച്ചാണ് ദുബൈയിൽ ഡീസൽ വ്യാപാരം, ഗതാഗതം, സംഭരിക്കൽ, വിതരണം എന്നിവ നടക്കുന്നതെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡി.എസ്.സി.ഇ വൈസ് ചെയർമാൻ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഡീസൽ വ്യാപാരത്തിൽ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് കൗൺസിലിന്റെ പ്രധാന മുൻഗണനകളിലൊന്നാണെന്നും പരിശോധനകൾ ന്യായവും സുസ്ഥിരവുമായ വ്യാപാര അന്തരീക്ഷം കൈവരിക്കുന്നതിനും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമാനുസൃതമല്ലാത്ത സ്ഥലങ്ങളിൽ ഡീസലിന്റെ വിൽപനയും വിതരണവും പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നും അതോടൊപ്പം ഡീസൽ ചോർച്ച കാരണം ഭൂഗർഭ ജലത്തിനും മണ്ണിനും പ്രകൃതിക്കും മലിനീകരണത്തിന് കാരണമാകുമെന്നും ഡി.എസ്.സി.ഇ സെക്രട്ടറി ജനറൽ അഹമ്മദ് ബൂതി അൽ മുഹൈർബി പറഞ്ഞു. പരിശോധന കാമ്പയിനുകളിൽ പങ്കെടുക്കുന്ന എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും നന്ദി അറിയിക്കുന്നതായി കമ്മിറ്റി വൈസ് ചെയർമാൻ ബുർഹാൻ അൽ ഹാശിമിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.