വാഹനാഭ്യാസം; മൂന്നു പേർക്ക് പിഴയും റോഡ് കഴുകലും ശിക്ഷ
text_fieldsഅബൂദബി: വാഹനാഭ്യാസം നടത്തിയതിന് അൽഐനിൽ മൂന്നു പേർക്ക് 50,000 ദിർഹം വീതം പിഴയും സാമൂഹിക സേവനവും ശിക്ഷ. മൂവരുടെയും ഡ്രൈവിങ് ലൈസൻസുകൾ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും വാഹനങ്ങൾ കണ്ടുകെട്ടാനും കോടതി വിധിച്ചു.
റോഡ് കഴുകുന്നതടക്കമുള്ള സാമൂഹിക സേവനമാണ് നിയമലംഘകർക്ക് അബൂദബി ജുഡീഷ്യൽ വകുപ്പ് വിധിച്ചത്. മറ്റു വാഹനങ്ങളിലെ യാത്രികരുടെ ജീവൻ അപകടത്തിലാക്കുംവിധം അശ്രദ്ധമായാണ് മൂവരും വാഹനങ്ങളോടിച്ചിരുന്നതെന്ന് അൽഐൻ ട്രാഫിക് കുറ്റകൃത്യ കോടതി കണ്ടെത്തി. വലിയ ശബ്ദത്തിലും പൊതുമുതൽ നശിപ്പിക്കുന്ന രീതിയിലും നമ്പർപ്ലേറ്റ് ഇല്ലാതെയുമായിരുന്നു മൂവരും കാറുകളോടിച്ചിരുന്നത്.
യുവാക്കളുടെ വാഹനാഭ്യാസ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ യുവാക്കളെ കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾക്ക് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയുമായിരുന്നു. തെളിവുകൾ പരിശോധിച്ച കോടതിക്ക് പ്രതികൾ കുറ്റം ചെയ്തതായി ബോധ്യപ്പെടുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.