ലോകകപ്പ് ലോഗോ പതിച്ച് അനധികൃത വിൽപന; അഞ്ച് പേർ കസ്റ്റഡിയിൽ
text_fieldsദോഹ: ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് അനധികൃതമായി ടീഷർട്ടുകൾ വിൽപന നടത്തിയ അഞ്ച് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിലെ ഇക്കണോമിക് ആൻഡ് സൈബർ ക്രൈം വിഭാഗമാണ് ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ലോഗോ ഉപയോഗിച്ച വസ്ത്രങ്ങൾ വിൽപന നടത്തിയവരെ പിടികൂടിയത്. കുറ്റവാളികളെ അറസ്റ്റ് ചെയ്തതും ലോഗോ പതിച്ച തൊപ്പികളും ടീഷർട്ടുകളുമുൾപ്പെടെയുള്ള ചിത്രങ്ങളും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ പങ്ക് വെച്ചു. ഇവരുടെ താമസകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും ലോഗോ പതിച്ച നിരവധി ടീ ഷർട്ടുകൾ കണ്ടെടുത്തിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലൂടെ ഫിഫ ലോകകപ്പ് ലോഗോ പതിച്ച വസ്ത്രങ്ങളുടെ വിൽപന സംബന്ധിച്ച പരസ്യം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്നും ഇവരിൽ നിന്നും നിരവധി വസ്ത്രങ്ങളും തൊപ്പികളുമുൾപ്പെടെയുള്ള ഉൽപന്നങ്ങൾ പിടികൂടിയതായും മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ നിയമനടപടികൾക്കായി പ്രതികളെയും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി.
ഫിഫ ലോകകപ്പ് ഖത്തർ 2022മായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ചും മുൻകൂർ അനുമതി കൂടാതെ ഫിഫ ലോഗോയും ലോകകപ്പ് ചിഹ്നങ്ങളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ഫിഫ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫിഫയുടെ ഔദ്യോഗിക സ്പോൺസർമാർക്കും, നേരത്തെ അനുമതി ലഭിച്ചവർക്കും മാത്രമാണ് ലോകകപ്പ് ലോഗോ, ടൈറ്റിൽ ഉൾപ്പെടെയുള്ള മുദ്രകൾ ഉപയോഗിക്കാൻ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.