ഐ.എൽ.ടി20 ലീഗ്; ഐ.പി.എൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിഫലം
text_fieldsദുബൈ: യു.എ.ഇയിൽ തുടങ്ങിയ പ്രഥമ ഇന്റർനാഷനൽ ട്വന്റി20 ലീഗിലേക്ക് താരങ്ങളെ ആകർഷിക്കുന്നത് വമ്പൻ പ്രതിഫലം. ഇന്ത്യൻ പ്രീമിയർ ലീഗ് കഴിഞ്ഞാൽ കൂടുതൽ പ്രതിഫലം ലഭിക്കുന്ന ലീഗാണ് ഐ.എൽ.ടി20 എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മികച്ച താരങ്ങൾക്ക് ഏകദേശം 4.50 ലക്ഷം ഡോളറാണ് (3.66 കോടി രൂപ) ഓരോ സീസണിലും പ്രതിഫലമായി ലഭിക്കുന്നത്. അധിക ആനുകൂല്യം ഉൾപ്പെടെയുള്ള തുകയാണിത്. 3.40 ലക്ഷം ഡോളറാണ് താരങ്ങളുടെ ശമ്പളമെങ്കിലും 1.10 ലക്ഷം ഡോളർ വിവിധ ഇനങ്ങളിലായി ഇവർക്ക് കൂടുതൽ ലഭിക്കും.
ഐ.പി.എല്ലിൽ കളിക്കുന്ന താരങ്ങൾക്ക് 20 ലക്ഷം മുതലാണ് അടിസ്ഥാന വില. 18 കോടി വരെ ലഭിക്കുന്ന താരങ്ങളുമുണ്ട്. എന്നാൽ, ബിഗ്ബാഷ് ലീഗ്, ബംഗ്ലാദേശ് പ്രീമിയർ ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ്, എസ്.എ 20 എന്നിവയെക്കാൾ കൂടുതൽ പ്രതിഫലം നൽകാൻ യു.എ.ഇയുടെ പ്രഥമ ലീഗിന് കഴിയുന്നു. ഇതാണ് കൂടുതൽ മികച്ച താരങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നത്. അടുത്ത സീസണിൽ കൂടുതൽ സൂപ്പർ താരങ്ങളെത്താനും ഇത് വഴിവെക്കും. അതേസമയം, ഐ.എൽ.ടി20 ലീഗിന് വെടിക്കെട്ടോടെയാണ് ദുബൈ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചത്. സൂപ്പർ താരം ഷാരൂഖ് ഖാന്റെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ദുബൈ കാപിറ്റൽസ് 73 റൺസിന് വിജയം കണ്ടു.
ഉദ്ഘാടന ചടങ്ങിനെത്തിയ ഷാരൂഖ് ഖാന് സ്വന്തം ടീമായ അബൂദബി നൈറ്റ് റൈഡേഴ്സ് ആദ്യ കളിയിൽ തന്നെ തോൽക്കുന്നത് കാണേണ്ടിവന്നു. ആദ്യം ബാറ്റ് ചെയ്ത ദുബൈ കാപിറ്റൽസ് ആറു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. റോബിൻ ഉത്തപ്പ (33 പന്തിൽ 43), റൊവ്മാൻ പവൽ (17 പന്തിൽ 26), ജോ റൂട്ട് (21 പന്തിൽ 26) എന്നിവരാണ് മികച്ച സ്കോർ സമ്മാനിച്ചത്. മറ്റൊരു ഇന്ത്യൻ താരമായ യൂസുഫ് പത്താന് ആറു റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ അബൂദബി നൈറ്റ് റൈഡേഴ്സിന് 114 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. പോൾ സ്റ്റർലിങ്ങിനും (54) ആന്ദ്രേ റസലിനും (12) മാത്രമേ രണ്ടക്കം കണ്ടെത്താനായുള്ളൂ. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് ആൽ നഹ്യാനും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.