ഐ.എൻ.എൽ പിളർപ്പ്: സ്വാഗതം ചെയ്തും എതിർത്തും ഐ.എം.സി.സി നേതാക്കൾ
text_fieldsദുബൈ: ഐ.എൻ.എൽ കേരള ഘടകത്തിലെ പിളർപ്പ് പ്രവാസി ഘടകമായ യു.എ.ഇ ഐ.എം.സി.സിയിലേക്കും. ഒരുവിഭാഗം നേതാക്കൾ ദേശീയ എക്സിക്യൂട്ടിവിന്റെ തീരുമാനം സ്വാഗതം ചെയ്തപ്പോൾ ഒരു വിഭാഗം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. ഐ.എം.സി.സി യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി കാദർ, പി.എ. ഫാറൂഖ്, അനീഷ് റഹ്മാൻ നീർവേലി എന്നിവരാണ് സ്വാഗതം ചെയ്ത് പ്രസ്താവനയിറക്കിയത്. മെംബർഷിപ് പ്രവർത്തനം നിഷ്പക്ഷവും സുതാര്യവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ ഈ തീരുമാനം വഴിയൊരുക്കും. തീരുമാനത്തെ എതിർക്കുന്നത് സംഘടനയിൽ ഇല്ലാത്തവരാണ്. വർക്കിങ് കമ്മിറ്റിയിലെ 33 പേരിൽ 32 പേരും ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാണിച്ചു.
അതേസമയം, ഐ.എം.സി.സിയിലെ വിവിധ കമ്മിറ്റി ഭാരവാഹികൾ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ എതിർക്കുന്നവരാണെന്ന് മുൻ സെക്രട്ടറിയും നിലവിൽ വർക്കിങ് കമ്മിറ്റിയിലുമുള്ള റഷീദ് താനൂർ പറഞ്ഞു. ഇടക്കാലത്ത് പാർട്ടിയിൽ അംഗത്വമെടുത്ത് നേതൃത്വം കൈയടക്കിയ ചിലരുടെ ജൽപനങ്ങൾക്കുവഴങ്ങി പാർട്ടി കെട്ടിപ്പടുത്ത നേതാക്കളെയും യഥാർഥ പാർട്ടിപ്രവർത്തകരെയും തള്ളിക്കളയുകയാണ് ദേശീയനേതൃത്വം ചെയ്യുന്നത്. പാർട്ടിയെ ഒന്നിച്ചു കൊണ്ടുപോകുന്നതിന് വേണ്ടി മധ്യസ്ഥരുടെ സാന്നിധ്യത്തിൽ എടുത്ത തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണ് ദേശീയ നേതൃത്വത്തിന്റെ ഏകപക്ഷിയമായ നടപടി. സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ പൂർണ വിശ്വാസം അർപ്പിക്കുന്നുവെന്നും റഷീദ് ചൂണ്ടിക്കാണിച്ചു.
മുൻ വൈസ് പ്രസിഡന്റും ദുബൈ ഐ.എം.സി.സി സെക്രട്ടറിയുമായ കാദർ പൊന്നാനി, കോഴിക്കോട് ജില്ലാ ദുബൈ ഐ.എം.സി.സി ജന. സെക്രട്ടറി നൗഫൽ നടുവട്ടം, വൈസ് പ്രസിഡന്റ് വി.കെ.എം. ശരീഫ് കൊടുവള്ളി, ദുബൈ ഐ.എം.സി.സി സെക്രട്ടറി ഉമ്മർ കൊടുവള്ളി, മലപ്പുറം ജില്ല യു.എ.ഇ ഐ.എം.സി.സി പ്രസിഡന്റ് ഹാഷിം കോയ, ജനറൽ സെക്രട്ടറി ആഷിക് മലപ്പുറം, ദുബൈ ഐ.എം.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് എ.എം. ബഷീർ, ജന. സെക്രട്ടറി മാനു പുത്തൂർ, അബൂദബി ഐ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ലുക്മാൻ കോഡൂർ, കോഴിക്കോട് ജില്ല അബൂദബി ഐ.എം.സി.സി പ്രസിഡന്റ് സഹീർ ആറങ്ങാലി, അജ്മാൻ ഐ.എം.സി.സി പ്രസിഡന്റ് സമീർ കോഡൂർ, റാസൽ ഖൈമ പ്രസിഡന്റ് സാലിക്ക് മുഖദാർ, ട്രഷറർ ഉബൈദ്, ഫുജൈറ, ആക്ടിങ് പ്രസിഡന്റ് പറമ്പത്ത് ഹുസൈൻ, ട്രഷറർ മജീദ് മറ്റത്തൂർ തുടങ്ങിയവരുടെ പേരിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ഐ.എൻ.എൽ പിളർപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസം ഖത്തർ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. 12 അംഗ കമ്മിറ്റിയിലെ അംഗങ്ങൾ മന്ത്രി അഹമ്മദ് ദേവർകോവിൽ, കാസിം ഇരിക്കൂർ എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗത്തെയും പ്രഫ. എ.പി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള പക്ഷത്തെയും അനുകൂലിക്കുന്നവരായി ചേരി തിരിഞ്ഞതോടെയാണ് പ്രസിഡന്റും ജനറൽ സെക്രട്ടറിയും കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് യു.എ.ഇയിലും പരസ്യപ്രസ്താവനയുമായി ഇരുപക്ഷവും രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.