ക്രൂഡ് ഓയിൽ ഇറക്കുമതി; ഇന്ത്യൻ റിഫൈനറികളോട് ദിർഹത്തിൽ പണം ആവശ്യപ്പെട്ട് റഷ്യ
text_fieldsദുബൈ: ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യൻ റിഫൈനറികളോട് യു.എ.ഇ ദിർഹത്തിൽ പണമിടപാട് നടത്താൻ റഷ്യ ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. രണ്ട് ഇന്ത്യൻ റിഫൈനറികൾ ഇതനുസരിച്ച് ദിർഹത്തിൽ പണം നൽകിയതായും റിപ്പോർട്ടുണ്ട്. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടത്.
ഇൻവോയ്സ് തയാറാക്കിയത് ഡോളറിന്‍റെ മൂല്യത്തിലാണെങ്കിലും പണമിടപാട് ദിർഹത്തിൽ ആയിരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. റഷ്യയിലെ എണ്ണ ഭീമനായ റോസ്നെഫ്റ്റ് ട്രേഡിങ് സ്ഥാപനങ്ങളായ എവറസ്റ്റ് എനർജി, കോറൽ എനർജി എന്നിവ വഴിയാണ് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ദുബൈയിലെ മശ്രിഖ് ബാങ്ക വഴി ഗാസ്പ്രോംബാങ്കിലേക്ക് പണമിടപാട് നടത്താനാണ് റഷ്യ ഇന്ത്യൻ റിഫൈനറികളോട് ആവശ്യപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതനുസരിച്ച് രണ്ട് റിഫൈനറികൾ ദിർഹത്തിലാണ് പണമിടപാട് നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ ദിർഹത്തിൽ റഷ്യക്ക് പണം കൈമാറുമെന്നും സൂചനയുണ്ട്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിശദീകരണം ആവശ്യപ്പെട്ട് റോയിട്ടേഴ്സ് അയച്ച മെയിലുകളോട് റോസ്നെഫ്റ്റ്, എവറസ്റ്റ് എനർജി, കോറൽ എനർജി എന്നീ സ്ഥാപനങ്ങൾ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം കൈമാറുന്നത് റഷ്യ നിരുത്സാഹപ്പെടുത്തുകയാണ്. സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നടത്താൻ ഒരുക്കമാണെന്ന് റഷ്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി റഷ്യയുടെ റൂബിളിന്‍റെ വിനിമയ നിരക്ക് ഉയർത്തുകയാണ് ലക്ഷ്യം. അതേസമയം, ദിർഹത്തിൽ പണമിടപാട് നടന്ന സാഹചര്യത്തിൽ രൂപയിൽ വിനിമയം നടത്താനുള്ള സാധ്യതകൾ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.