ദുബൈ നഗരത്തിൽ ബസ് ഓൺ ഡിമാൻഡ് സർവിസ് മെച്ചപ്പെടുത്തുന്നു; പുതിയ കരാർ ഒപ്പിട്ടു
text_fieldsദുബൈ: ദുബൈ നഗരത്തിൽ യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് സർവിസ് നടത്തുന്ന ചെറു ബസ് സർവിസായ ബസ് ഓൺ ഡിമാൻഡിന്‍റെ സർവിസ് മെച്ചപ്പെടുത്താൻ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) പുതിയ ഡിജിറ്റൽ സംവിധാനം പരീക്ഷിക്കുന്നു. ഇതിനായി അർകാബ് എന്ന സ്ഥാപനവുമായി ആർ.ടി.എ കരാർ ഒപ്പിട്ടു. ആദ്യഘട്ടത്തിൽ രണ്ട് മേഖലയിലാണ് പുതിയ സംവിധാനം പരീക്ഷിക്കുക.
ദുബൈ ഇന്‍റർനാഷനൽ സിറ്റി, ദുബൈ സിലിക്കൻ ഒയാസിസ് എന്നിവിടങ്ങളിൽനിന്ന് ജബൽഅലി ഫ്രീസോണിലേക്കും ഇന്‍റർനാഷനൽ സിറ്റിക്കും ജെ.എൽ.ടിയിലേക്കുമുള്ള സർവിസുകൾ മെച്ചപ്പെടുത്താനാണ് അർകാബ് കമ്പനിയും ആർ.ടി.എയും കരാർ ഒപ്പുവെച്ചത്. ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സി.ഇ.ഒ ഹാഷിം ബഹ്റൂസിയാൻ, അർകാബ് സി.ഇ.ഒ ബിലാൽ ഷബാൻദ്രി എന്നിവർ കരാറിൽ ഒപ്പുവെച്ചു.
മൂന്നുമാസം നീളുന്ന പരീക്ഷണം വിജയകരമാണെങ്കിൽ 12 മേഖലകളിലേക്കുകൂടി ഇത് വ്യാപിപ്പിക്കും. ബസ് ഓൺ ഡിമാൻഡ് സർവിസ് കൂടുതൽ ആവശ്യക്കാരിലേക്ക് എത്തിക്കാനും ഫലപ്രദമായ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാനും ഇത്തരം ബസ് സർവിസിന്‍റെ ചെലവ് കുറക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ദുബൈ ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് ചലഞ്ച് ജേതാക്കളായ കമ്പനിയാണ് അർകാബ്. വീട്ടിലേക്കും ജോലിസ്ഥലത്തേക്കും ദിവസവും യാത്രചെയ്യേണ്ടിവരുന്നവർക്കുള്ള സേവനം മെച്ചപ്പെടുത്തുന്ന അർകാബ് ട്രാവലർ എന്ന സംവിധാനവും വൈകാതെ നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.