2021ല്‍ അമന് സര്‍വിസിലേക്ക് വിളിച്ചത് ഒന്നരലക്ഷത്തോളം പേര്
text_fieldsഅബൂദബി: 2021ല്‍ അബൂദബി പൊലീസിന്റെ അമന് സര്‍വിസിലേക്ക് പൊതുജനങ്ങളില്‍നിന്നു ലഭിച്ചത് ഒന്നരലക്ഷത്തോളം കാളുകള്‍. തട്ടിപ്പ്, ബ്ലാക്ക്മെയില്‍, അപകടം, സമൂഹ സുരക്ഷ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇത്രയധികം ഫോണ്‍ കാളുകള്‍ ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ പങ്കാളികളാക്കുകയെന്ന ലക്ഷ്യമാണ് അമന് സര്‍വിസിനു പിന്നിലുള്ളതെന്ന് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. സുല്‍ത്താന്‍ ഉബൈദ് അല്‍ നുഐമി പറഞ്ഞു.
കുറ്റകൃത്യം, സമൂഹ സുരക്ഷ, വാഹനാപകടങ്ങള്‍, കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ മുതലായവ പൊതുജനങ്ങളില്‍ ആര്‍ക്കും 24 മണിക്കൂറും അറിയിക്കാനുള്ള സൗകര്യമാണ് അമന് സര്‍വിസില്‍ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ വിളിച്ചറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സുരക്ഷയും സുരക്ഷിതത്വവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും നുഐമി കൂട്ടിച്ചേര്‍ത്തു. അറബി, ഇംഗ്ലീഷ്, ഏഷ്യന്‍ ഭാഷകളില്‍ അമന് സര്‍വിസില്‍ വിളിച്ച് വിവരം കൈമാറാം. ഇതിനായി 8002626 എന്ന നമ്പറില്‍ വിളിച്ചോ 2828 നമ്പറില്‍ എസ്.എം.എസ് അയച്ചോ അബൂദബി പൊലീസിന്റെ വെബ്സൈറ്റുകളിലൂടെയോ (www.adpolice.gov.ae ) വിവരം അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.