പ്ലാസ്റ്റിക് നിരോധനത്തിന്റെ എട്ടു മാസം; ഒഴിവാക്കിയത് 120 ദശലക്ഷം പ്ലാസ്റ്റിക് സഞ്ചി
text_fieldsഅബൂദബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിച്ച് എട്ടു മാസം പിന്നിടുമ്പോൾ അബൂദബി എമിറേറ്റിൽ ഒഴിവാക്കിയത് 120 ദശലക്ഷത്തിലേറെ പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം. പുനരുപയോഗിക്കുന്നതിനായി പത്ത് ലക്ഷത്തിലധികം പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ചു. അബൂദബി പരിസ്ഥിതി ഏജൻസിയിലെ ഫായിസ അൽ സിയാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2022 ജൂൺ ഒന്നിനാണ് അബൂദബിയിൽ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനം നിലവിൽ വന്നത്. പ്ലാസ്റ്റിക്കിൽനിന്ന് വിട്ടുനിൽക്കുകയെന്ന ലക്ഷ്യത്തോടെ അധികൃതർ മിഷൻ ടു സീറോ എന്ന കാമ്പയിനും തുടക്കം കുറിച്ചിരുന്നു. ഈ തീരുമാനത്തിന് മികച്ച പിന്തുണയാണ് അബൂദബി നിവാസികൾ നൽകുന്നതെന്ന് അവർ പറഞ്ഞു. 2019ൽ ആഗോള ശരാശരിയുടെ നാലിരട്ടിയായിരുന്നു യു.എ.ഇയിലെ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ വാർഷിക തോത്. നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഓരോ പ്ലാസ്റ്റിക് ബാഗിനും 50 ഫിൽസ് വീതം ഈടാക്കുകയും ഷോപ്പിങ്ങിനു വരുമ്പോൾ സാധനങ്ങൾ ഇട്ടുകൊണ്ടുപോവുന്നതിനായി ബാഗ് കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കഴിഞ്ഞവർഷം ആരംഭിച്ച പൈൽ ഇറ്റ് അപ് ചലഞ്ചിലൂടെ 50 ദശലക്ഷത്തോളം കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ റീസൈക്ലിങ് ചെയ്യുന്നതിന് ശേഖരിക്കാനും അധികൃതർക്കായി. 2024 ജനുവരി ഒന്ന് മുതൽ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയും ഉൽപാദനവും വിതരണവും പൂർണമായി നിരോധിക്കുന്നത് നിലവിൽ വരും.
പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, കണ്ടെയ്നർ, പെട്ടികൾ, സ്പൂണുകൾ, ഫോർക്കുകൾ, കത്തി, സ്ട്രോ തുടങ്ങിയ മറ്റ് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം 2026 മുതൽ ഏർപ്പെടുത്തും. പ്ലാസ്റ്റിക്കിനു പകരം തുണി ബാഗോ പേപ്പർ ബാഗോ ഉപയോഗിക്കുക, പ്ലാസ്റ്റിക് ബാഗുകൾ കൂടുതൽ തവണ ഉപയോഗിക്കുക, പ്ലാസ്റ്റിക് കപ്പിനു പകരം ചില്ല് ഗ്ലാസ്, കഴുകി ഉപയോഗിക്കാവുന്ന സ്റ്റീൽ സ്ട്രോ, വീണ്ടും വെള്ളം നിറക്കാവുന്ന കുപ്പികൾ, സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയവയുടെ ഉപയോഗവും അധികൃതർ നിർദേശിക്കുന്നുണ്ട്.
പ്ലാസ്റ്റിക് നിരോധനത്തോടെ ചണച്ചാക്കുകള്‍, ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍, പുതിയ പേപ്പര്‍ ബാഗുകള്‍, റീസൈക്കിള്‍ ചെയ്ത പേപ്പര്‍ ബാഗുകള്‍ തുണിസഞ്ചികള്‍, അന്നജം അടിസ്ഥാനമാക്കിയുള്ള ബാഗുകള്‍ തുടങ്ങിയവയാണ് എമിറേറ്റില്‍ ബദല്‍ സംവിധാനമായി ഉപയോഗിച്ചുവരുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് പുനരുപയോഗിക്കാവുന്ന ബാഗുകളും കൊണ്ടുവരാവുന്നതാണ്. അനിവാര്യമായ ആവശ്യകത പരിഗണിച്ചും ജോലിയുടെ സ്വഭാവം അനുസരിച്ചു ചില മേഖലകളെയും ജോലിക്കാരെയും ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.