ദുബൈയിൽ ഹിമപാളികൾ ശുദ്ധജലമാക്കി കയറ്റുമതി ചെയ്യും
text_fieldsദുബൈ: ഗ്രീൻലൻഡിൽ നിന്നെത്തിച്ച ഹിമ പാളികൾ ശുദ്ധജലമാക്കി കയറ്റുമതി ചെയ്യാനൊരുങ്ങി ദുബൈയിലെ കമ്പനി. ഇതിനായി ഗ്രീൻലൻഡ് സർക്കാറിന്റെ അനുമതി ലഭിച്ചതായി ആർട്ടിക് ഐസ് ഇന്റർനാഷനൽ റിലേഷൻസ് ചെയർമാൻ സമിർ ബിൻ തബീബ് അറിയിച്ചു. ഗ്രീൻലൻഡിലെ ആർട്ടിക് മേഖലയിൽ നിന്ന് ശേഖരിച്ച 22 ടൺ ഹിമപാളികൾ ഏതാനും ആഴ്ചകൾക്കു മുമ്പാണ് ദുബൈയിലെത്തിച്ചത്.
ഇത് അലിയിച്ചശേഷം ലഭിക്കുന്ന ജലം ലോകത്ത് ഏറ്റവും ശുദ്ധമായ ജലമായിരിക്കുമെന്നാണ് സമിർ ബിൻ തബീബ് പറഞ്ഞു. പ്രതിവർഷം 21.3 ശതകോടി ലിറ്റർ വെള്ളമാണ് ഇങ്ങനെ ഉൽപാദിപ്പിക്കുന്നത്. വെള്ളം അനുയോജ്യമായ രീതിയിൽ കുപ്പിയിലാക്കി വിൽപന നടത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ഈ രംഗത്ത് ഗൾഫ് രാജ്യങ്ങളും ഗ്രീൻലൻഡും തമ്മിൽ ശക്തമായ ബന്ധമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കരാറുകളുടെ ഫലമായി, ഹിമപാളികൾ, വാട്ടർ ബാങ്ക്, കുപ്പിവെള്ളം എന്നിവ ഉൾപ്പെടുന്ന ഉൽപന്നങ്ങളുള്ള ഒരു ആർട്ടിക് വാട്ടർ ബാങ്കായി മാറിയിരിക്കുകയാണ്. ആർട്ടിക് ഐസ് ഇന്റർനാഷനലിന്റെ കണക്കുകൾ പ്രകാരം ഗ്രീൻലൻഡിലെ ഐസ് കട്ടകൾ ഭൂമിയിലെ ശുദ്ധജല സംഭരണികളാണ്. ഓരോ ദിവസവും വലിയ അളവിലുള്ള ശുദ്ധജലമാണ് ഇവിടെനിന്ന് ഗ്രീൻലൻഡിന് ചുറ്റുമുള്ള കടലിലേക്ക് ഒഴുകിപ്പോകുന്നത്.
ഇത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ശുദ്ധീകരിച്ച ഉപ്പുവെള്ളത്തേക്കാൾ ആർട്ടിക് വെള്ളത്തിന് വിപണിയിൽ ഉയർന്ന വിലയാണ്. ഇതിന്റെ ഗുണമേന്മയും പരിശുദ്ധിയുമാണിതിന് കാരണം. അതേസമയം, യു.എ.ഇയിൽ എവിടെയാണ് ഈ ജലം സംഭരിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. 2030ഓടെ പല രാജ്യങ്ങളിലും കടുത്ത ജലക്ഷാമം നേരിടുന്നതോടെ ശുദ്ധജലത്തിന് 30 മുതൽ 40 ശതമാനംവരെ വില വർധനയാണ് പ്രതീക്ഷിക്കുന്നത്.
ഇത് മുന്നിൽക്കണ്ട് ഗ്രീൻലൻഡിലെ കൂടുതൽ ഹിമമേഖലകൾ പര്യവേക്ഷണംചെയ്യാനുള്ള അനുമതിയാണ് കമ്പനി നേടിയിരിക്കുന്നത്. ദുബൈയെ കൂടാതെ ഇറ്റലി, സ്വിറ്റ്സർലൻഡ്, ന്യൂയോർക്, മിയാമി, ടോക്യോ, ലണ്ടൻ എന്നിവിടങ്ങളിൽ ആർട്ടിക് ഐസ് ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.