എൻഡോവ്മെന്റ് പദ്ധതിയിൽ 21 കെട്ടിടങ്ങൾ നിർമിക്കും
text_fieldsദുബൈ: എൻഡോവ്മെന്റ് പദ്ധതികളുടെ ഭാഗമായി ദുബൈയിൽ 21 കെട്ടിടങ്ങൾ നിർമിക്കുമെന്ന് എൻഡോവ്മെന്റ് ആൻഡ് മൈനേഴ്സ് ട്രസ്റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബൈ) പ്രഖ്യാപിച്ചു. ദുബൈ മീഡിയ ഓഫിസാണ് ചൊവ്വാഴ്ച ഇക്കാര്യം പുറത്തുവിട്ടത്. മാളുകൾ, താമസ കെട്ടിടങ്ങൾ, ഷോപ്പുകൾ, പള്ളികൾ എന്നിവ ഉൾപ്പെടെ 20.2 കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് പദ്ധതികളാണ് ഔഖാഫ് വിഭാവനം ചെയ്തിരിക്കുന്നത്.
എമിറേറ്റിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിർമിക്കുന്ന കെട്ടിടങ്ങൾ ഒരു വർഷം മുതൽ രണ്ടുവർഷ കാലയളവിൽ പൂർത്തീകരിക്കും. ജനങ്ങളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ നിറവേറ്റാൻ കഴിയുന്ന രീതിയിൽ ജനവാസ മേഖലകളോട് ചേർന്നായിരിക്കും മാളുകളുടെ നിർമാണം. എൻഡോവ്മെന്റിനെ പിന്തുണക്കുന്നവരുടെ സംഭാവനകളിൽനിന്നാണ് പദ്ധതിക്കായുള്ള ഫണ്ട് കണ്ടെത്തുന്നത്. ഇതിന്റെ രൂപരേഖ തയാറാക്കലും നടപ്പിലാക്കലും നടന്നുവരികയാണെന്നും ഔഖാഫ് അറിയിച്ചു.
എമിറേറ്റിലെ ജനങ്ങളുടെ ക്ഷേമവും ഉയർന്ന ജീവിത നിലവാരവും ഉറപ്പുവരുത്തുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം രൂപം നൽകിയ ദുബൈയുടെ സുസ്ഥിര വികസന നയം, ദുബൈ പ്ലാൻ 2023 എന്നിവയുടെ ഭാഗമാണ് എൻഡോവ്മെന്റ് പ്രോജക്ടെന്ന് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുതവ്വ പറഞ്ഞു. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ഔഖാഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബൈയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണക്കുകയും എൻഡോവ്മെന്റ് പദ്ധതികളിൽമേലുള്ള ആദായം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. 21 കെട്ടിടങ്ങളിൽ ചിലത് ഈ വർഷംതന്നെ പൂർത്തിയാക്കും. അടുത്ത വർഷത്തോടെ ഭൂരിഭാഗം പദ്ധതികളും പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമകാലിക വാസ്തുശിൽപകലാ രൂപകൽപനകളും ഹരിതകെട്ടിട സവിശേഷതകളും ഉൾക്കൊള്ളുന്ന ആധുനിക രീതിയിലാണ് പദ്ധതികൾ പൂർത്തീകരിക്കുക. മികച്ച നിർമാണ വൈഭവം കാത്തുസൂക്ഷിക്കുന്ന കെട്ടിടങ്ങളിൽ എല്ലാവിധ ആഡംബര സൗകര്യങ്ങളും ലഭ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.