മനസ്സിന്റെ കണ്ണിൽ മലർ വിടർത്തുമീണങ്ങൾ
text_fieldsമനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു കെ.ജെ. ജോയ് എന്ന അനുഗൃഹീത സംഗീത സംവിധായകന്റെ വിയോഗം. പ്രതിഭാശാലിയായ ആ സംഗീതജ്ഞനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ അറിയാതെ മൂളിപ്പോകുന്ന ഗാനമാണ് ‘ചന്ദനച്ചോല’യിലെ, പി. സുശീല ആലപിച്ച
‘ബിന്ദൂ നീയാനന്ദബിന്ദുവോ
എന്നാത്മാവിൽ വിരിയും വർണ പുഷ്പമോ
ആതിരാക്കുളിരൊളി തെന്നലോ...’
(രചന: ഡോ. ബാലകൃഷ്ണൻ)
1975ൽ ഏറ്റവും ജനപ്രീതി നേടിയ ഗാനമായിരുന്നു അത്. ഡോ. ബാലകൃഷ്ണൻ നിർമിച്ച ‘ചന്ദനച്ചോല’ അദ്ദേഹത്തിന്റെ തന്നെ ‘ലേഡീസ് ഹോസ്റ്റൽ’, ‘കോളേജ് ഗേൾ’ എന്നീ ചിത്രങ്ങളെപ്പോലെ ബോക്സ് ഓഫിസ് ഹിറ്റായില്ലെങ്കിലും ഗാനങ്ങളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. അക്കാലത്ത് റേഡിയോയിൽ ചലച്ചിത്രഗാന പരിപാടിക്കായി കാത്തിരുന്നത് ‘ചന്ദനച്ചോല’യിലെ ഗാനങ്ങൾ കേൾക്കാനായിരുന്നു. ‘ബിന്ദൂ നീയാനന്ദ ബിന്ദുവോ...’ അല്ലെങ്കിൽ ‘മണിയാൻ ചെട്ടിക്ക് മണിമിട്ടായി...’ എന്ന ഹാസ്യഗാനമോ ഏതാണ്ടുറപ്പ്.
‘മുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ
മൂന്നാറിലുദിക്കുമുഷസ്സേ’ (രചന: വയലാർ), ‘ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ...’ (രചന: മൂപ്പത്ത് രാമചന്ദ്രൻ) എന്നീ ഗാനങ്ങളും സംഗീതപ്രേമികൾ ഏറ്റെടുത്തു.
‘മണിയാൻ ചെട്ടിക്ക് മണിമിട്ടായി
മധുരക്കുട്ടിക്ക് പഞ്ചാരമുട്ടായി
ഈ ആരോഗ്യസ്വാമിക്ക് എന്തു മിഠായി
ഈ ആരോഗ്യ സ്വാമിയ്ക്ക് ഡബ്ബറു മിട്ടായി...’
പുതുമയുള്ള ഹാസ്യഗാന ശൈലിയിലുള്ള ഈ ഗാനം സൂപ്പർഹിറ്റായതുകൊണ്ട്
‘പരിപ്പു വടാ പക്കുവടാ
കൊക്കുവട പപ്പടവട
നമ്മുടെ വായില്‍ ചടപടപട’ (1977, ചിത്രം: ‘സ്നേഹയമുന’, രചന: യൂസഫലി കേച്ചേരി) എന്ന ഗാനമൊരുക്കാനും അവസരം കിട്ടി. രണ്ട് ഗാനങ്ങളിലും യേശുദാസിനോടൊപ്പം പാടാൻ നടൻ പട്ടം സദനുമുണ്ടായിരുന്നു.
അതുവരെ കേട്ടിരുന്ന ഗാനങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായ ശൈലി ഈണത്തിലും ഓർക്കസ്ട്രേഷനിലും കെ.ജെ. ജോയിയുടെ ഗാനങ്ങളിലുണ്ടായി. അതാണ് സംഗീത ആസ്വാദകരെ ആകർഷിച്ചത്.
കെ.ജെ. ജോയ് ആദ്യമായി ഈണമൊരുക്കിയത് 1975ൽ പുറത്തിറങ്ങിയ ‘ലൗ ലെറ്റർ’ എന്ന സിനിമക്കായായിരുന്നു. ഡോ. ബാലകൃഷ്ണൻതന്നെയായിരുന്നു നിർമാതാവ്.
‘ദുഃഖിതരേ കണ്ണീർ ഒഴുക്കുവോരെ’ (രചന സത്യൻ അന്തിക്കാട്, പാടിയത് സീറോ ബാബുവും സംഘവും), ‘കാമുകിമാരെ കന്യകമാരെ’, (രചന ഭരണിക്കാവ് ശിവകുമാർ, പാടിയത് െക.ജെ. യേശുദാസ്), ‘മധുരം തിരുമധുരം’ (രചന ഭരണിക്കാവ് ശിവകുമാർ, പാടിയവർ യേശുദാസ്, ബി. വസന്ത), ‘കണ്ടൂ മാമാ കേട്ടൂ മാമി...’ (പാടിയവർ അമ്പിളി, ബി. വസന്ത, പട്ടം സദൻ), ‘സ്വർണമാലകൾ വിണ്ണിൽ വിതറും’ (അമ്പിളി) എന്നീ ഗാനങ്ങളിൽ ‘കാമുകിമാരെ’, ‘മധുരം തിരുമധുരം’ എന്നീ ഗാനങ്ങൾ ഏറെ ആസ്വാദ്യകരമായി. ഈ ഗാനങ്ങളുടെ സ്വീകാര്യതയായിരുന്നു ‘ചന്ദനച്ചോല’യിലേക്ക് കെ.ജെ. ജോയിയെ എത്തിച്ചത്. തുടർന്നങ്ങോട്ട് മലയാള സിനിമാഗാനരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ജോയ്.
‘സ്നേഹയമുന’യിൽ ജോയ് സംഗീതം പകർന്ന ‘നീല യമുനേ സ്നേഹ യമുനേ’ എന്നുതുടങ്ങുന്ന ഒറ്റ ഗാനമാണ് കെ.സി. വർഗീസ് (കുന്നംകുളം) എന്ന ഗായകനെ പ്രശസ്തനാക്കിയത്. ഇതുപോലെ, ഗാനമേളകളിൽ തിളങ്ങിനിന്ന ഇടവ ബഷീറിനെ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ (ചിത്രം: ‘മുക്കുവനെ സ്നേഹിച്ച ഭൂതം’) എന്ന ഹിറ്റ് ഗാനത്തിലൂടെ സിനിമയിലേക്ക് കൊണ്ടുവന്നതും ജോയിയാണ്.
മലയാളത്തിലെ മികച്ച താരാട്ട് പാട്ടുകളിലൊന്നാണ് 1977ൽ പുറത്തിറങ്ങിയ ‘ആരാധന’ എന്ന സിനിമയിലെ യേശുദാസും ജാനകിയും ചേർന്ന് ആലപിച്ച,
‘ആരാരോ ആരീരാരോ
അച്ചന്റെ മോളാരാരോ
അമ്മയ്ക്കു നീ തേനല്ലേ
ആയിരവല്ലിപ്പൂവല്ലേ?’
(ഗാനരചന: ബിച്ചു തിരുമല)
ഈ ചിത്രത്തിലെ ‘താളം താളത്തിൽ താളമിടും താരം താരിന്റെ തേൻ നുകരും.’ (യേശുദാസ്, ജാനകി) മലയാളികളുടെ മനംകവർന്നു. തുടർന്ന് കെ.ജെ. ജോയ് സംഗീതം നൽകിയ ‘ഇവനെന്റെ പ്രിയപുത്രൻ’ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റു ചാർട്ടിൽ ഇടംപിടിച്ചു.
‘ഭൂമിയിൽ സ്വർഗം പണിതുയർത്തീടും
പൂർണിമയല്ലോ സ്നേഹം’
(യേശുദാസ്, പി. സുശീല)
‘ദേവാമൃത ഗംഗയുണർത്തും
രോമാഞ്ചം പുല്കി വിടര്‍ത്തും’
(യേശുദാസ്),
‘രാജമല്ലി പൂവിരിക്കും...’ (പി. സുശീല),
‘ഈ ജീവിതമൊരു പാരാവാരം
എന്തെന്തപാരം...’ (യേശുദാസ്)
‘ഈ ജീവിതമൊരു പാരാവാര’ത്തിൽ കെ.ജെ. ജോയ് നൽകിയിരിക്കുന്ന സംഗീതത്തിന്റെ ചടുലത ആരെയും ആകർഷിക്കും. ‘പട്ടാളം ജാനകി’യിലെ ‘മേലെ വാനത്തിലെ...’ (പാടിയത് എസ് പി. ബാലസുബ്രഹ്മണ്യം) എന്ന ഗാനത്തിലും ഇതു തെളിഞ്ഞുകാണാം.
ജയന്റെ ഓർമകളുണർത്തുന്ന ‘കസ്തൂരിമാൻമിഴി മലർശരമെയ്തു’ (പാപ്പനംകോട് ലക്ഷ്മണൻ) എന്ന ‘മനുഷ്യമൃഗ’ത്തിലെ ഗാനം ഇപ്പോഴും ഗാനമേളക്കാരുടെ പ്രിയഗാനങ്ങളിലൊന്നാണ്. പി. ഭാസ്കരൻ രചിച്ച ‘നിലമേഘമാലകൾ നീരദ മുല്ലമാലകൾ’ (‘അരഞ്ഞാണം’) അപൂർവ സൗന്ദര്യമുള്ള പ്രണയഗാനമാണ്. ‘സ്വർണമീനിന്റെ ചേലൊത്ത കണ്ണാളെ’ (‘സർപ്പം’) യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും മത്സരിച്ച് പാടിത്തകർത്ത ഖവ്വാലിയാണ്. ‘അജന്താ ശിൽപങ്ങളിൽ സുരഭീ പുഷ്പങ്ങളിൽ’ (‘മനുഷ്യമൃഗം’), ‘താഴംപൂവിന്റെ താലികെട്ട്’ (പട്ടാളം ജാനകി-യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം) എന്നീ ഗാനങ്ങളും ഇതുപോലെ കേൾക്കാൻ സുഖം പകരുന്നതാണ്.
1979ൽ പുറത്തിറങ്ങിയ ‘ലിസ’ എന്ന സിനിമയിലെ എല്ലാഗാനങ്ങളും ഹിറ്റാക്കി കെ.ജെ. ജോയ്. ‘ഇണക്കമോ പിണക്കമോ’ (യേശുദാസ്) ‘നീർമിഴിത്തുമ്പിൽ കണ്ണീരാണോ’ (ജയചന്ദ്രൻ), ‘പാടും രാഗത്തിൽ’ (ജയചന്ദ്രൻ), ‘പ്രഭാതമേ പ്രഭാതമേ’ (യേശുദാസ്), ‘രാധ ഗീത ഗോവിന്ദ’ (പി. സുശീല). ‘സായൂജ്യം’ (1979) എന്ന ചിത്രത്തിലെ ‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ’ എക്കാലത്തെയും ഹിറ്റ് ഗാനമാണ്. ‘കാലിത്തൊഴുത്തിൽ പിറന്നവനേ...’ മികച്ച ക്രിസ്തീയ ഗാനവുമായി.
1980ൽ നിരവധി ഹിറ്റ് ഗാനങ്ങൾ കെ.ജെ. ജോയിയുടെ സംഗീതത്തിൽ പുറത്തുവന്നു.
‘കസ്തൂരിമാൻ മിഴി മലർശരമെയ്തു’ (‘മനുഷ്യമൃഗം’), ‘മഴമുകിൽ മയങ്ങി’ (തരംഗം), ‘രതീ രജനീ ഗന്ധി’ (‘ചന്ദ്രഹാസം’) ‘ഹൃദയം പാടുന്നു’, ‘തെച്ചിപ്പൂവേ മിഴിതുറക്കൂ...’ (‘ഹൃദയം പാടുന്നു’), ‘വസന്തത്തിൻ വിരിമാറിൽ’ (‘മകരവിളക്ക്’), ‘കുറുമൊഴി കൂന്തലിൽ വിടരുമോ’, ‘മധുമലർ താലമേന്തും’, ‘തത്തമ്മപ്പെണ്ണേ തഞ്ചത്തിൽ വാ’ (‘പപ്പു’) ‘ചന്ദനശിലകളിൽ’, ‘എവിടെയോ കളഞ്ഞുപോയ കൗമാരം’, ‘മിഴിയിലെങ്ങും തേനൂറും’ (‘ശക്തി’) ഇവയിൽ ചിലതുമാത്രം.
‘കുങ്കുമ സന്ധ്യകളോ’, ‘വാടകവീടൊഴിഞ്ഞു’ (‘സർപ്പം’) ‘മണിദീപനാളം തെളിയും’, ‘മേലെ നീലാകാശം’ (‘ഇതാണെെന്റ വഴി’), ‘അമൃതൊഴുകും ഗാനം’, ‘നീയെന്റെ ജീവനിൽ’ (‘മദാലസ’), ‘ആഴിത്തിരമാലകൾ’, ‘മുല്ലപ്പൂമണമോ’ (‘മുക്കുവനെ സ്നേഹിച്ച ഭൂതം’), ‘ആയിരം മാതളപ്പൂക്കൾ’, ‘എൻസ്വരം പൂവിടും’, ‘ഒരേ രാഗ പല്ലവി നമ്മൾ’ (‘അനുപല്ലവി’), ‘അക്കരെ ഇക്കരെ നിന്നാല്‍ എങ്ങനെ ആശ തീരും’ (‘ഇതാ ഒരു തീരം’), ‘മഴപെയ്തു പെയ്തു മണ്ണുകുളിര്ത്തു, മല്ലീശരനെയ്തെയ്തെന്‍ മനംകുളിര്‍ത്തു’ (‘ലജ്ജാവതി’) ‘‘ലാവണ്യദേവതയല്ലേ...’, ‘നീയെൻ ജീവനിൽ ഒരുരോമാഞ്ചമായ്’, ‘താളങ്ങളില്‍ നീ രാഗങ്ങളില്‍ നീ’ (‘കരിമ്പൂച്ച’) , ‘ശീതള ശരത്കാല സന്ധ്യയിൽ’ (‘കോമരം’), ‘ദീപപ്രദക്ഷിണം കഴിഞ്ഞോ സഖീ’ (‘തേടിയ വള്ളി കാലിൽ ചുറ്റി’), ‘ധനുമാസ കുളിരല’, ‘തുമ്പീ മഞ്ചലേറി വാ..’ (‘മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു’) എന്നിങ്ങനെ ഓർമയിൽ തങ്ങിനിൽക്കുന്ന നിരവധി ഗാനങ്ങൾ സമ്മാനിക്കാൻ കെ.ജെ. ജോയിക്ക് സാധിച്ചു.
ജോൺസൻ, രവീന്ദ്രൻ എന്നിവരുടെ വരവോടെ ചലച്ചിത്ര ഗാനങ്ങളുടെ രൂപഭാവങ്ങൾ മാറി. കെ.ജെ. ജോയിക്ക് അവസരങ്ങൾ കുറഞ്ഞുതുടങ്ങി. 1994ൽ പുറത്തിറങ്ങിയ ‘ദാദ’ എന്ന സിനിമക്കുവേണ്ടി ‘അഷ്ടലക്ഷ്മി കോവിലിലെ’ (യേശുദാസ്, ചിത്ര) ‘മുഗ്ധഹാസം മുഖഭാവം’ (യേശുദാസ്) എന്നീ ഗാനങ്ങൾക്കാണ് അവസാനമായി അദ്ദേഹം ഈണം നൽകിയത്. മൊത്തം 65 ചലച്ചിത്രങ്ങൾക്കായി ഇരുന്നൂറ്റമ്പതോളം ഗാനങ്ങൾ. 35 മലയാള സിനിമകൾക്ക് പശ്ചാത്തല സംഗീതവുമൊരുക്കി.
എക്കോഡിയൻ എന്ന സംഗീത ഉപകരണം ഏറ്റവും വിദഗ്ധമായി കൈകാര്യം ചെയ്യാനറിയുന്ന സംഗീതജ്ഞനായിരുന്നു കെ.ജെ. ജോയ്. പ്രശസ്ത സംഗീതജ്ഞനായ എം.എസ്. വിശ്വനാഥന്റെ ഓർക്കസ്ട്രയിൽ ചേരുമ്പോൾ ജോയിക്ക് വയസ്സ് 18 മാത്രമായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് വർഷങ്ങളോളം കിടപ്പിലായേപ്പാഴും സംഗീതവും ഈണങ്ങളുമായിരുന്നു മനസ്സിൽ. ഇനിയും സംഗീതമൊരുക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിൽതന്നെയായിരുന്നു കെ.ജെ. ജോയ്. ഈ കുറിപ്പ് എഴുതി പൂർത്തിയാക്കുമ്പോൾ റേഡിയോയിൽനിന്ന് ആ ഗാനം കേൾക്കുന്നുണ്ട്.
‘മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ
മലരായ് വിടരും നീ...’ അതെ, ഗാനാസ്വദകരുടെ മനസ്സിൽ മലരായി വിടരുക തന്നെ ചെയ്യും കെ.ജെ. ജോയിയും അദ്ദേഹം ഈണം പകർന്ന ഗാനങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.