പരിസ്ഥിതി സംരക്ഷണ ദൗത്യത്തിൽ സ്കൂൾ വിദ്യാർത്ഥികളും
text_fieldsനിത്യവും വലിച്ചെറിയുന്ന മാലിന്യങ്ങൾ കരയിലും കടലിലും വരുത്തുന്ന ഭവിഷ്യത്തുകൾ നിരവധിയാണ്. ഇത്തരം മാലിന്യങ്ങൾ ഫലപ്രദമായി പുനരുപയോഗിക്കുക വഴി ഭൂമിയെയും പ്രകൃതി വിഭവങ്ങളെയും ഒരു പരിധി വരെ സംരക്ഷിക്കാനാകും. ഇക്കാര്യത്തിന് യു.എ.ഇ സർക്കാർ വിപുലമായ പദ്ധതികളാണ് നടപ്പാക്കുന്നത്. പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും ഇത്തരം പദ്ധതികളിൽ പങ്കാളികളാക്കുന്നതിനും അവരിൽ അവബോധം സൃഷ്ടിക്കുന്നതിനും എമിറേറ്റ്സ് പരിസ്ഥിതി ഗ്രൂപ്പ്(ഇ.ഇ.ജി) സ്കൂളുകളുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ഉപയോഗം കഴിഞ്ഞ പേപ്പറുകളുടെ ശേഖരണവും അതിെൻറ പുനരുപയോഗവും. പേപ്പർ നിർമ്മാണത്തിന് നിരവധി മരങ്ങളാണ് മുറിച്ചു മാറ്റപ്പെടുന്നത്. നശിപ്പിക്കപ്പെടുന്ന മരങ്ങൾക്ക് പകരം പുതിയത് നട്ടുപിടിപ്പിക്കുന്നു എന്ന ആശയം ഇൗ പദ്ധതിയിലൂടെ പ്രാവർത്തികമാക്കപ്പെടുന്നു. ഓയാസിസ് ഇൻറർനാഷണൽ സ്കൂളാണ് അൽഐനിൽ നിന്ന് ഏറ്റവും കൂടുതൽ പേപ്പർ മാലിന്യങ്ങൾ ഇ.ഇ.ജിക്ക് കൈമാറിയത്.
1992ൽ ആണ് ഇ.ഇ.ജി പുനരുപയോഗ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നത്. മാലിന്യങ്ങൾ ഭൂമിയിലേക്ക് ഒഴുകുന്നത് തടയാനും പുനരുപയോഗിക്കാനും ബോധവൽക്കരണത്തിനും സമൂഹത്തെ സജ്ജമാക്കുക എന്നതാണ് പരിപാടികളുടെ ലക്ഷ്യം. ഇ.ഇ.ജി അതിെൻറ പേപ്പർ ശേഖരണ കാമ്പെയ്ൻ 2001ൽ ആരംഭിച്ചിട്ടുണ്ട്. ആരംഭഘട്ടം മുതൽ ഈ കാമ്പെയിൻ വളരെ വിജയകരമായിരുന്നു. 2021 മെയ് അവസാനം വരെ 19,582,796 കിലോഗ്രാം പേപ്പർ പുനരുപയോഗത്തിന് വിധേയമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് വ്യക്തികൾ, കുടുംബങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, പൊതു- സ്വകാര്യ മേഖലകൾ എന്നിവരുടെ പിന്തുണ ഇ.ഇ.ജി യുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമാകുന്നതിന് അൽഐൻ ഓയാസിസ് ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വീട്ടിൽ നിന്ന് ഉപയോഗം കഴിഞ്ഞ പേപ്പറുകൾ, പഴയ മാസികകൾ, കാർഡ്ബോർഡുകൾ എന്നിവ കൊണ്ടുവന്നു. 3000 കിലോക്കടുത്ത് കടലാസ് ഇത്തരത്തിൽ സ്വരൂപിച്ചു. ഇതിന് പ്രോത്സാഹനമായി യു.എ.ഇ സർക്കാരിൽ നിന്ന് സ്കൂളിന് മൂന്ന് വൃക്ഷത്തൈകളും ഇ. ഇ.ജിയുടെ അഭിന്ദന പത്രവും ലഭിച്ചു. ഇ.ഇ.ജിയുമായി സഹകരിച്ച് സജീവമായി പ്രവർത്തിക്കാനും പങ്കാളികളാകാനും ഭാവിയിൽ പ്രകൃതിക്ക് വലിയ തോതിൽ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലക്ട്രോണിക് മാലിന്യങ്ങളും ശേഖരിച്ച് ഇ.ഇ.ജിക്ക് കൈമാറാൻ പദ്ധതിയുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.